പ്രഫ. ബി. ശൈഖ് അലി, കർമനിരതനായ ചരിത്രകാരൻ
text_fieldsബംഗളൂരു: പ്രമുഖ ചരിത്രകാരനും ഗോവ, മാംഗ്ലൂർ സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന പ്രഫ. ബി. ശൈഖ് അലി (98) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 'സാലർ' ഉർദു പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ചരിത്രവും വിദ്യാഭ്യാസവും കർമമേഖലയായി പ്രവർത്തിച്ച അദ്ദേഹം 23 കൃതികൾ ഇംഗ്ലീഷിലും എട്ടെണ്ണം ഉർദുവിലും രചിച്ചു.
മൈസൂർ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന അദ്ദേഹം പിന്നീട് അവിടെ ചരിത്ര പ്രഫസറായാണ് സർവിസിൽനിന്ന് വിരമിച്ചത്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലഘട്ടത്തിലെ ചരിത്രം വിശദമായി പ്രതിപാദിച്ച പഠനങ്ങളും പുരാതന കർണാടകയും പശ്ചിമ ഗംഗന്മാരുമായുള്ള ചരിത്രബന്ധം സംബന്ധിച്ച കണ്ടെത്തലുകളുമാണ് ശൈഖ് അലിയുടെ പ്രധാന സംഭാവന.
1925 നവംബർ 10ന് ജനിച്ച അദ്ദേഹം 1945ൽ മൈസൂർ സർവകലാശാലയിൽനിന്ന് ബി.എ ചരിത്രത്തിൽ സ്വർണ മെഡലോടെയും എം.എയിൽ രണ്ടാം റാങ്കോടെയും വിജയിച്ചു. അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് 1954ലും ലണ്ടൻ സർവകലാശാലയിൽനിന്ന് 1960ലും പിഎച്ച്.ഡി നേടി. 1985ൽ ദക്ഷിണേന്ത്യ ഹിസ്റ്ററി കോൺഗ്രസിന്റെ സ്ഥാപക അധ്യക്ഷനും 1986ലെ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. കർണാടക രാജ്യോത്സവ അവാർഡ് ജേതാവാണ്. കർണാടകയുടെ ബൃഹത് ചരിത്രം ഏഴു വാല്യങ്ങളിലായി രചിച്ചു. നാലു പതിറ്റാണ്ടായി മൈസൂരു സരസ്വതിപുരം മുസ്ലിം ഹോസ്റ്റലിന്റെ അധ്യക്ഷനാണ്. മുസ്ലിം എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച അദ്ദേഹം ചിക്കമഗളൂരുവിലെ മൗണ്ട് വ്യൂ സ്ഥാപനങ്ങളുടെ പ്രസിഡന്റുകൂടിയാണ്.
ഒരു മകനും മകളുമടങ്ങുന്നതാണ് കുടുംബം. ഭാര്യയും ഒരു മകനും മകളും നേരത്തെ മരിച്ചു. സരസ്വതിപുരം മുസ്ലിം ഹോസ്റ്റൽ മസ്ജിദിൽ അന്ത്യകർമങ്ങൾ നടത്തി. വ്യാഴാഴ്ച രാത്രിയോടെ ടിപ്പു സർക്കിൾ മൈസൂർ ജയിലിന് പിന്നിലെ ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

