സ്കൂള്‍ ബസ് ഡ്രൈവറുടെ റോള്‍ ഏറ്റെടുത്ത് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍
text_fieldsപ്രിന്‍സിപ്പല്‍ ബിജു പോള്‍ സ്കൂള്‍ ബസുമായി വിദ്യാര്‍ഥികളെ വീടുകളിലെത്തിക്കാന്‍ പോകുന്നു
എടക്കര: സ്കൂളിന്റെ ഭരണചക്രം മാത്രമല്ല, സ്കൂള്‍ ബസിന്റെ വളയംകൂടി പിടിക്കാമെന്ന് തെളിയിച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍. എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു പോള്‍ ആണ് കഴിഞ്ഞ ദിവസം സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ പണിയുമെടുത്തത്.
ബസ് ഡ്രൈവറുടെ ബന്ധു മരിച്ചപ്പോള്‍ അദ്ദേഹത്തിന് അവധിയില്‍ പോകേണ്ടി വന്നു. വിദ്യാര്‍ഥികളെ കൃത്യസമയത്തിനുള്ളില്‍ വീടുകളില്‍ എത്തിക്കാന്‍ പകരം ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ പ്രിന്‍സിപ്പൽ ഡ്രൈവറുടെ റോളെടുക്കുകയായിരുന്നു. എല്ലാവരെയും ബിജു പോള്‍ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിച്ച് ബസ് തിരികെ സ്കൂളില്‍ കൊണ്ടുവരികയും ചെയ്തു.
ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ബിജു പോളിന്റെ ഈ പ്രവൃത്തി ഏവരുടെയും പ്രശംസക്കിടയാക്കി.