'ഹലോ, ഇത് ശൈഖ് ഹംദാൻ', റോഡിൽ തടസ്സം മാറ്റിയ ഡെലിവറി ബോയിക്ക് അഭിനന്ദനം
text_fieldsശൈഖ് ഹംദാൻ ട്വിറ്ററിൽ പങ്കുവെച്ച അബ്ദുൽ ഗഫൂറിന്റെ ചിത്രം
ദുബൈ: നഗരത്തിലെ ഒരു ജങ്ഷനിലെ റോഡിൽ രണ്ടു വലിയ സിമൻറ്കട്ടകൾ വീണുകിടക്കുന്നു. ട്രാഫിക് സിഗ്നൽ ചുവപ്പു കത്തിയപ്പോൾ ഒരു ഭാഗത്തുനിന്ന് ഹെൽമറ്റ് ധരിച്ച ഒരു ഡെലിവറി ബോയ് ബൈക്കിൽ നിന്നിറങ്ങി രണ്ടു കട്ടകളും എടുത്തുമാറ്റി. വലിയ അപകടങ്ങൾക്കുവരെ കാരണമായേക്കാവുന്ന തടസ്സം മാറ്റിയ വിഡിയോ തൊട്ടപ്പുറത്ത് കാറിൽ ഒരാൾ പകർത്തുന്നുണ്ടായിരുന്നു. ഇങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ ആ വിഡിയോ പിറന്നത്. പലരും പങ്കുവെച്ച ആ വിഡിയോ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ശ്രദ്ധയിലെത്തിയത് ഞായറാഴ്ചയാണ്.
ദുബൈ നഗരത്തിൽ ലാഭേച്ഛയില്ലാതെ ചെയ്ത സേവനത്തിന് അഭിനന്ദിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഡെലിവറി ബോയ്യെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യത്തിന് മണിക്കൂറിനകം ഉത്തരം കിട്ടി. പാകിസ്താൻ സ്വദേശിയായ അബ്ദുൽ ഗഫൂറായിരുന്നു ഇത്. ആളെ തിരിച്ചറിഞ്ഞതോടെ 'ആ നല്ല മനുഷ്യനെ കണ്ടെത്തി, നന്ദി അബ്ദുൽ ഗഫൂർ, നിങ്ങൾ ദയാലുവായ ഒരാളാണ്. നമ്മൾ ഉടൻ കാണും!' എന്ന കുറിപ്പോടെ ചിത്രസഹിതം ശൈഖ് ഹംദാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. അൽപസമയത്തിനു ശേഷം അദ്ദേഹം അബ്ദുൽ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തു.
'ഹലോ, ഇത് ശൈഖ് ഹംദാൻ' എന്നുതുടങ്ങുന്ന ഫോൺ വിളി അവിശ്വസനീയമായി തോന്നിയെന്ന് അബ്ദുൽ ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് പുറത്താണിപ്പോഴെന്നും തിരിച്ചെത്തിയാൽ നേരിട്ട് കാണാമെന്നും ശൈഖ് ഹംദാൻ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും തന്നെപ്പോലെ ബൈക്കിൽ സഞ്ചരിക്കുന്ന ആർക്കെങ്കിലും അപകടം സംഭവിച്ചാലോ എന്ന് ഓർത്താണ് തടസ്സം മാറ്റിയതെന്നും അബ്ദുൽ ഗഫൂർ കൂട്ടിച്ചേർത്തു.
റോഡിൽ വീണ സിമൻറ്കട്ടകൾ മാറ്റുന്നു