ഇശലൊഴുകും യുവഹൃദയം
text_fields18ാമത്തെ വയസിൽ ദുബൈയിലെ പ്രവാസ മണ്ണിലെത്തിയതാണ് കാസർകോഡ് എൻമകജെ സ്വദേശിയായ സിറാജുദ്ദീൻ എന്ന ഒ.ബി.എം ഷാജി. മാതാവ് ഫാത്തിമത്തുഹ്റയുടെ പാട്ടുകൾ കേട്ടു വളർന്ന കുട്ടിക്കാലത്തിന്റെ മധുര സ്മരണകളുമായി കടൽ കടക്കുമ്പോൾ മാപ്പിളപ്പാട്ട് ജീവിതത്തോട് അത്രമേൽ ചേർന്നിരുന്നു. അതിനാൽ തന്നെ നാട് നൽകിയ സൗഭാഗ്യങ്ങൾ പലതും കൈവിട്ടപ്പോഴും പ്രവാസലോകത്തും മാപ്പിളപ്പാട്ടിനെ ചേർത്തു പിടിച്ചു. യുവതലമുറയിലെ പലരും കൈവെക്കാത്ത മാപ്പിളപ്പാട്ടിന്റെ രചനാ, ഗവേഷണ മേഖലയിൽ ശ്രദ്ധേയനായവുകയാണ് ഈ 31കാരൻ.
പ്രവാസലോകത്തെയും പുറത്തെയും നിരവധി പഠിതാക്കൾക്ക് ക്ലാസെടുക്കുകയും പാട്ടുകൾ എഴുതുകയും ചെയ്യുന്നുണ്ട്. എഴുതിയ പാട്ടുകൾ എണ്ണത്തിൽ കുറവാണെങ്കിലും ഓരോന്നും മികച്ച പാട്ടുകളെന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. 25പാട്ടുകൾ നിലവിൽ എഴുതിയിട്ടുണ്ട്. 'മതിയെ മുഹമ്മദ് രാജാ' എന്ന് തുടങ്ങുന്ന പ്രവാചക പ്രകീർത്തന ഗാനം ഗായിക ഫാസില ബാനുവിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. സ്വർഗത്തിലെ കല്യാണം, തശ്രിഫോർ ചമയും കല്യാണം എന്നിങ്ങനെ പ്രണയ, വിരഹ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
യൂസുഫ് ഖിസ്സയുടെ നൂറ് ഇശലുകൾ ഒറ്റ ഇശലിലേക്ക് ചുരുക്കി എഴുതിലും ഇദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്വന്തം വിവാഹ ദിവസം തന്നെ ഗൾഫിലേക്ക് യാത്ര തിരിക്കേണ്ടി വന്നപ്പോൾ വിമാനത്തിലിരുന്ന് പ്രിയത ഫൗസിയയെ ഓർത്ത് എഴുതിയ 'മധുരപ്പൂമുല്ലേ' എന്ന് തുടങ്ങുന്ന ഗാനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. കണ്ണൂർ ശരീഫ് ആലപിച്ച് ഇത് പുറത്തുവരാനിരിക്കുകയാണ്. 'തിളങ്ങും തിങ്കളായി ഖൽബിൽ ഉദിച്ച' എന്ന ഗാനവും പുറത്തിറങ്ങാനിരിക്കുന്നു. അതിനിടയിൽ ചില മലയാള കവിതകളും എഴുതി. സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ തിരിക്കുന്ന കവിതകളായിരുന്നു ഇവ. മധു എന്ന ആദിവാസി യുവവെ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ എഴുതിയ 'സാക്ഷി' എന്ന കവിത അത്തരത്തിലുള്ളതാണ്.
കാലപ്പഴക്കത്താൽ പലരും മറന്ന പാട്ടുകളുടെ ഉറവിടവും രചിതാക്കളെയും കണ്ടെത്തുന്നതിനാണ് ഗവേഷണത്തിൽ ഊന്നൽ നൽകുന്നത്. മാപ്പിളപ്പാട്ട് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ കുറവാണെന്ന പരിഭവമാണ് ഷാജിക്കുള്ളത്. പ്രോൽസാഹനം തനിക്ക് കഴിയാവുന്നത് പോലെ ഈ മേഖലയിൽ സംഭാവന അർപ്പിക്കുക എന്ന ദൗത്യവുമായി മുന്നോട്ടുപോകാനാണ് ഈ പ്രവാസിയുടെ താൽപര്യം. 2008ൽ ദുബൈയിൽ എത്തിയ ഇദ്ദേഹം ട്രാൻസ്പോർട് ഓഫീസറായാണ് നിലവിൽ ജോലി ചെയ്യുന്നത്.