ദേശാടനപ്പക്ഷികളുടെ മനോഹാരിതയിലേക്ക് തലമുറകളെ നയിച്ച് കോട്ടയിൽ അയ്യപ്പൻ
text_fieldsകോട്ടയിൽ അയ്യപ്പൻ
ഫറോക്ക്: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ 25 വർഷം കാവലാളായിരുന്നു സഞ്ചാരികളുടെ അയ്യപ്പേട്ടൻ. കഴിഞ്ഞ വർഷം വിരമിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരുന്നു സേവനം. വിരമിച്ചപ്പോൾ ലഭിച്ചത് ഒരു ‘ഷീൽഡ്’ മാത്രം. ഇപ്പോൾ തടയൊരുക്കിയും വലവീശിയും കടലുണ്ടി പുഴയിൽനിന്ന് മത്സ്യം പിടിക്കലാണ് ഉപജീവനമാർഗം.
അയ്യപ്പൻ വിരമിച്ചത് അറിയാതെ വഴികാട്ടാനായി സഞ്ചാരികളിൽ പലരും ഇപ്പോഴും അദ്ദേഹത്തെ തേടുന്നു. ദേശാടന പക്ഷികൾ വിരുന്നിനെത്തുന്ന പനയമാട് തുരുത്തും കണ്ടൽക്കാടുകൾ ഇടതിങ്ങിയ അനുബന്ധ സ്ഥലങ്ങളും 1997ൽ വനംവകുപ്പ് ഏറ്റെടുത്തതിനെ തുടർന്ന് അന്നത്തെ കോഴിക്കോട് ഡി.എഫ്.ഒ അമിത് മല്ലിക്ക് അയ്യപ്പനെ പനയമാട്ട് കാവൽക്കാരനായി നിയമിക്കുകയായിരുന്നു.
പുഴയിൽ തോണി തുഴഞ്ഞ് വർഷങ്ങളുടെ അനുഭവജ്ഞാനമായിരുന്നു കൈമുതൽ. മല്ലിക്കിന്റെ നിർദേശാനുസരണം കണ്ടൽച്ചെടി നഴ്സറി തുടങ്ങിയതും അയ്യപ്പനാണ്. തുടക്കത്തിൽ നട്ടത് 10,000 തൈകൾ. അന്ന് 48 രൂപയായിരുന്നു ദിവസവേതനം. കണ്ടൽച്ചെടികളെ പറ്റി ആഴത്തിൽ അറിവുനേടിയ അയ്യപ്പൻ വിദ്യാർഥികൾക്ക് അനുബന്ധ ക്ലാസെടുക്കുന്നതിലും ശ്രദ്ധനേടിയിരുന്നു. വി.ഐ.പികളെ തോണിയിൽ കമ്യൂണിറ്റി റിസർവ് കാണിക്കാനും അയ്യപ്പൻ സജീവമായിരുന്നു.
പക്ഷേ, ഇപ്പോൾ പെൻഷൻപോലും ഇല്ലെന്ന് ഓർക്കുമ്പോൾ അയ്യപ്പന് സങ്കടം. കൊച്ചി നാവിക ആസ്ഥാനത്തെ 1000 ഏക്കറിൽ ആറിനം കണ്ടൽച്ചെടികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചത് അയ്യപ്പനാണ്. ചാലിയത്തെ കപ്പൽ രൂപകൽപന കേന്ദ്രമായിരുന്ന ‘നിർദേശി’ന്റെ ക്യാപ്റ്റൻ രമേശ് ബാബുവാണ് അക്കാലത്ത് അയ്യപ്പന്റെ കണ്ടൽ അറിവുകൾ മനസ്സിലാക്കി കൊച്ചിയിലേക്ക് ക്ഷണിച്ചത്. തോക്കുധാരികൾക്കിടയിലൂടെ കണ്ടൽച്ചെടികളുടെ ഇനംതടി നാവിക ആസ്ഥാനത്ത് കറങ്ങിയത് ഇന്നും ആവേശവും ആഹ്ലാദവും പകരുന്ന ഓർമയാണെന്ന് അയ്യപ്പൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

