ഹരിത വൈദ്യുതി ഉൽപാദനം; വെള്ളില സ്വദേശിക്ക് ഇന്ത്യൻ പേറ്റന്റ്
text_fieldsടി. കോയ
മലപ്പുറം: വാഹനങ്ങളുടെ ഭാരവും ചലനോർജവും പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നൂതന സാങ്കേതികവിദ്യക്ക് മങ്കട വെള്ളില സ്വദേശിയും കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എൻജിനീയറുമായ ടി. കോയക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. റോഡിന്റെ ഇറക്കത്തിൽ നിശ്ചിത അകലത്തിൽ സ്ഥാപിക്കുന്ന ഹൈഡ്രോളിക് സ്പീഡ് ബ്രേക്കറുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്നുള്ള യാന്ത്രിക ഊർജം വൈദ്യുതോർജമായി പരിവർത്തനം ചെയ്യുന്ന സാങ്കേതിക വിദ്യക്കാണ് പേറ്റന്റ്.
വാഹനങ്ങൾ ബ്രേക്കറുകളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന മർദം ഹൈഡ്രോളിക് പിസ്റ്റണുകളുടെ ചലനമായി മാറ്റി, ഈ പരസ്പര വൈദ്യുതി ചലനം ഫ്ലൈവീൽ-ജനറേറ്റർ സംവിധാനത്തിലൂടെ വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. സൗരോർജ പദ്ധതികൾക്ക് ആവശ്യമായ വലിയ ഭൂവിസ്തൃതി ആവശ്യമില്ലാത്ത, വാഹനഗതാഗതം നിലനിൽക്കുന്നിടത്തോളം രാവും പകലും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതയാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത.
പരിസ്ഥിതി സൗഹൃദ റോഡ് അധിഷ്ഠിത ഊർജോൽപാദനത്തിൽ പുതിയ സാധ്യതകൾ തുറക്കാൻ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോയ. വാർത്തസമ്മേളനത്തിൽ സഹ പേറ്റന്റ് അപേക്ഷകയായ ഭാര്യ അയിശാബി ചെക്കോളയിലും പങ്കെടുത്തു. മക്കൾ: മുഹമ്മദ് അസ്ലം, ശബീഹ നസ്റീന്, മുഹമ്മദ് റസല്‍, മുഹമ്മദ് ഫസല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

