പൊക്കമില്ലായ്മയെ പൊക്കമാക്കി നേടിയത് ഇരട്ട സ്വര്‍ണം
text_fieldsഅതിരമ്പുഴ: ആത്മവിശ്വാസത്തിന്റെ എവറസ്റ്റിലാണ് അതിരമ്പുഴക്കാരന് റോബിന്. രണ്ടാമത് സംസ്ഥാന പാരാഗെയിംസിന്റെ ഭാഗമായി നടന്ന പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിനിലും ഷോട്ട്പുട്ടിലും സ്വര്‍ണമെഡല്‍ നേടി തന്റെ പൊക്കമില്ലായ്മയെ ലോകത്തിനു മുന്നിൽ അഭിമാനമാക്കി മാറ്റുകയാണ് റോബിന് സെബാസ്റ്റ്യൻ.
പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ആദ്യത്തെ സ്പോര്‍ട്സ് ക്ലബായ ലിറ്റില്‍ പീപ്ള്‍ സ്പോര്‍ട്സ് ക്ലബിലെ അംഗമായതോടെയാണ് സ്പോര്‍ട്സില്‍ മിന്നിത്തുടങ്ങിയത്. സ്പോര്‍ട്സില്‍ താല്പര്യമുള്ള 30ഓളം അംഗങ്ങള്‍ ക്ലബിലുണ്ട്.
എറണാകുളത്താണ് പരിശീലനം. ഫുട്ബാള്‍ പരിശീലനമാണ് ഇവിടെ നടത്തുന്നത്. പാരാഅത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെറും മൂന്ന് ആഴ്ചയുള്ളപ്പോള്‍ മാത്രമാണ് റോബിന് ജാവലിന്‍ ത്രോയും ഷോട്ട് പുട്ടും പരിശീലിക്കുന്നത്.
കുട്ടിക്കാലം മുതല്‍ സ്പോര്‍ട്സിനോട് അതിയായ താല്പര്യം ഉണ്ടായിരുന്നെങ്കിലും പൊക്കമില്ലായ്മ മൂലം സാധാരണക്കാരുടെ കൂടെ മത്സരിക്കാന്‍ സാധിച്ചില്ല. ആ ദുഃഖം മനസ്സില്‍ കൊണ്ടുനടക്കുമ്പോഴാണ് സ്പോര്‍ട്സ് ക്ലബിനെ കുറിച്ച് അറിഞ്ഞ് അതില്‍ അംഗമാകുന്നത്.
ജനുവരി ഒമ്പതു മുതല്‍ 13വരെ ഗോവ പനാജിയില്‍ നടക്കുന്ന പാരാനാഷനല് ഗെയിംസില്‍ പങ്കെടുക്കാന്‍ സെലക്ഷന് കിട്ടിയ റോബിന് ഇപ്പോള്‍ ദേശീയതലത്തിലും സ്വർണം നേടാനുള്ള പരിശീലനത്തിലാണ്.
അത്ഭുതദ്വീപ്, ആകാശവാണി സിനിമകളില്‍ അഭിനയിച്ച റോബിന് ചാനല്‍ പരിപാടികളിലും പങ്കെടുക്കാറുണ്ട്. അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം മാന്നാനം കെ.ഇ കോളജില്‍നിന്ന് ബി.എ ഇക്കണോമിക്സില്‍ ബിരുദവും നേടി. അതിരമ്പുഴ കോട്ടമുറി കൂര്ക്കക്കാല വീട്ടില്‍ സെബാസ്റ്റിന്-റോസമ്മ ദമ്പതികളുടെ മകനായ റോബിന് ഏറ്റുമാനൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണ്.
ഭാര്യ സൗമ്യയും മക്കളായ റിയോണയും റിയാനയും നിറഞ്ഞ പ്രാര്‍ഥനയുമായി കാത്തിരിക്കുകയാണ് റോബിന് നാഷനല്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നതിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

