വരയുടെ വർണവിസ്മയമൊരുക്കി 18 മലയാളി കലാകാരന്മാർെ
text_fieldsദുബൈ: കേരളത്തിൽ നിന്നെത്തിയ 18 കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ആർട്ട് ചിത്രപ്രദർശനത്തിന് ദുബൈയിൽ തുടക്കം. ഈ മാസം എട്ടുവരെ നീളുന്ന ചിത്രപ്രദർശനത്തിൽ 72 ചിത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വരച്ച ചിത്രങ്ങളാണ് ഇതിൽ ഏറെയും. ദുബൈ അൽഖൂസിലെ പിക്കാസോ ഗാലറിയിലാണ് പ്രദർശനം.
കോവിഡ് പ്രതിസന്ധിക്കുശേഷം കലാകാരന്മാർക്ക് അന്താരാഷ്ട്രതലത്തിൽ പുതിയ അവസരങ്ങൾ തുറക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. നാസർ ചപ്പാരപ്പടവ്, ബിജു പനപ്പുഴ, ദിലീപ് കുമാർ, ഫിദ അബ്ദുൽ നാസർ, ജോളി എം. സുധീർ, വി.പി. സുരേശൻ, ഡോ. പി. ഭാഗ്യലക്ഷ്മി, കെ.വി. ജ്യോതിലാൽ, ജോളി എം. സുധൻ, നിഷ ഭാസ്കരൻ, പ്രിയ ഗോപാലൻ, സുമാ മഹേഷ്, എം. ദാമോദരൻ, പ്രകാശൻ കുട്ടമത്ത്, റോഷ്നി, സുരേഖ, സുമ മഹേഷ്, ശശികുമാർ കതിരൂർ, സന്തോഷ് ചൂണ്ട, രമേശ് നായർ എന്നിവരാണ് ദുബൈയിൽ എത്തിയിരിക്കുന്നത്. ഇവരിൽ പലരും ആദ്യമായാണ് ദുബൈയിൽ എത്തുന്നത്. ഇവരിൽ അധ്യാപകരും ഡോക്ടർമാരുമെല്ലാമുണ്ട്.
മൂന്നു ദിവസം നീളുന്ന പ്രദർശനം പ്രമുഖ ഡിസൈനർ രാമചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇമാറാത്തി കലാകാരൻ അഹ്മദ് അൽ അവാദി മുഖ്യാതിഥിയായിരുന്നു. ചിത്രകാരൻ നിസാർ ഇബ്രാഹിം, ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി ഹരിലാൽ, സാമൂഹിക പ്രവർത്തക ഡോ. ഷിജി അന്നാ ജോസഫ് എന്നിവർ സംസാരിച്ചു. കേരളക്കരയിൽനിന്ന് ആദ്യമായെത്തിയ തങ്ങൾക്ക് പ്രവാസികളുടെ ഉൾപ്പെടെ അകമഴിഞ്ഞ പിന്തുണയാണ് ഇവർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

