Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅന്ന് ക്ലാസ്സിലെ...

അന്ന് ക്ലാസ്സിലെ ബാക്ക്ബെഞ്ചർ, ഇന്ന് 400ഓളം കുട്ടികൾക്ക് അറിവ് പകരുന്ന അധ്യാപകൻ; ‘പാരിജാതത്തേക്കാൾ’ സുഗന്ധം പരത്തുന്ന ഉത്തം തെറോണിന്റെ ജീവിതയാത്ര...

text_fields
bookmark_border
അന്ന് ക്ലാസ്സിലെ ബാക്ക്ബെഞ്ചർ, ഇന്ന് 400ഓളം കുട്ടികൾക്ക് അറിവ് പകരുന്ന അധ്യാപകൻ; ‘പാരിജാതത്തേക്കാൾ’ സുഗന്ധം പരത്തുന്ന ഉത്തം തെറോണിന്റെ ജീവിതയാത്ര...
cancel
camera_alt

ഉത്തം തെറോൺ

അസമിലെ കാംരൂപ് ജില്ലയിലെ പാമോഹി ഗ്രാമത്തിലെ ഉത്തം തെറോണിന്റെ ജീവിതം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ വളരെ അലസമായിരുന്നു. അന്ന് ക്ലാസ്സിലെ ബാക്ക്ബെഞ്ചർ ആയിരുന്നു ഉത്തം. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തിൽ കറങ്ങി നടന്നും, വല്ലപ്പോഴും വിറക് ശേഖരിച്ച് വിറ്റും കഴിഞ്ഞിരുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. എന്നാൽ, ഒരു ട്രെക്കിങ് യാത്രക്കിടയിൽ കണ്ട ഒരു കാഴ്ച ഉത്തമിന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ചെളിയിൽ കളിക്കുന്ന ഒരുപറ്റം കുട്ടികൾ. വിദ്യാഭ്യാസമോ അവസരങ്ങളോ ഇല്ലാത്ത ആ കൊച്ചുജീവിതങ്ങൾ ഉത്തമിനെ വല്ലാതെ വേദനിപ്പിച്ചു. ‘ഈ കുട്ടികൾ സ്‌കൂളിൽ പോകേണ്ടവരാണ്’ എന്ന ചിന്ത അയാളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു.

ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്ന ആ കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരാൻ ഉത്തം തീരുമാനിച്ചു. തന്റെ പക്കലുണ്ടായിരുന്ന 800 രൂപയുമായി, മുളകൊണ്ടുണ്ടാക്കിയ സ്വന്തം വീട്ടിലെ പശുത്തൊഴുത്ത് അദ്ദേഹം ഒരു ക്ലാസ് മുറിയാക്കി മാറ്റി. അമ്മയായിരുന്നു കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തിരുന്നത്. അങ്ങനെ 2003ൽ പരിജാത് അക്കാദമി എന്ന പേരിൽ ഒരു ചെറിയ വിദ്യാലയം പിറന്നു. ഇന്ന് 400ഓളം കുട്ടികൾക്ക് അറിവ് പകരുന്ന വലിയൊരു പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു.

പരിജാത് എന്ന പൂവിന്റെ പേരാണ് വിദ്യാലയത്തിന് നൽകിയത്. ആ പൂവിനെപ്പോലെ നിഷ്കളങ്കരായ കുട്ടികളെ നല്ല മനുഷ്യരായി വളർത്തിയെടുക്കുക എന്നതായിരുന്നു ഉത്തമിന്റെ ലക്ഷ്യം. ബി.എസ്‌സി ബിരുദധാരിയായ ഉത്തം ഒരിക്കലും ഒരു അധ്യാപകനാകാൻ ആഗ്രഹിച്ച ആളായിരുന്നില്ല. യോഗ പഠിക്കാനും, മിഥുൻ ചക്രവർത്തിയെയും ഗോവിന്ദയെയും പോലെ ഡാൻസ് കളിക്കാനും ഒക്കെയായിരുന്നു ചെറുപ്പത്തിൽ അദ്ദേഹത്തിന് താല്പര്യം. അധ്യാപനജോലി തീരെ താല്പര്യമില്ലാത്ത ഒന്നാണെന്ന് കരുതിയിരുന്ന ഉത്തമിനുള്ളിലെ അധ്യാപകനെ ആ ഗ്രാമീണ കുട്ടികളാണ് പുറത്തുകൊണ്ടുവന്നത്.

പരിജാത് അക്കാദമി കേവലം പുസ്തകങ്ങളിലെ അറിവ് മാത്രമല്ല കുട്ടികൾക്ക് പകർന്നുനൽകുന്നത്. കമ്പ്യൂട്ടർ, തയ്യൽ, കൃഷി, നെയ്ത്ത് തുടങ്ങി ഉപജീവനമാർഗത്തിനുള്ള പരിശീലനങ്ങളും ഇവിടെ ലഭിക്കുന്നു. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് കൈത്തറി നെയ്ത്തിൽ പരിശീലനം നൽകുന്നുണ്ട്. പെൺകുട്ടികൾ സ്വന്തമായി തുണികൊണ്ടുള്ള സാനിറ്ററി പാഡുകൾ നിർമിച്ച് അതുവഴി ചെറിയൊരു വരുമാനവും കണ്ടെത്തുന്നുണ്ട്. ആൺകുട്ടികളിലാകട്ടെ, ആർത്തവത്തെക്കുറിച്ചുള്ള അവബോധം വളർത്താനും സ്കൂൾ ശ്രദ്ധിക്കുന്നു.

ഇന്ന് 20 ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ സൗജന്യമായി പഠിക്കുന്നു. അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവർക്കായി ഹോസ്റ്റൽ സൗകര്യവുമുണ്ട്. വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സന്നദ്ധപ്രവർത്തകർ ഇവിടെയെത്തി കുട്ടികളെ പഠിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും, ആരും സഹായിക്കാനില്ലെങ്കിലും ഉത്തം പിന്തിരിഞ്ഞു നടക്കാൻ തയാറല്ല. പച്ചക്കറികൾ മുതൽ പഴയ പുസ്തകങ്ങൾ വരെ ശേഖരിച്ചാണ് അദ്ദേഹം സ്കൂൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

തന്റെ ഈ നിസ്വാർത്ഥ സേവനത്തിന് 2011ലെ CNN IBN റിയൽ ഹീറോസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഉത്തമിനെ തേടിയെത്തിയിട്ടുണ്ട്. ‘എനിക്ക് ഇതിൽ നിന്ന് ലാഭമൊന്നുമില്ല, പക്ഷേ ഈ കുട്ടികൾ പഠിച്ച് അഭിമാനത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ലഭിക്കുന്ന സന്തോഷം കോടിക്കണക്കിന് രൂപയേക്കാൾ വലുതാണ്’ ഉത്തം പറയുന്നു. സ്വപ്നങ്ങൾ നശിച്ചുപോകാമായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് ഇന്ന് പരിജാത് അക്കാദമി ഒരു വലിയ പ്രതീക്ഷയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assameducationskill developmentfree educationvocational trainingInspirational Stories
News Summary - From Backbencher to Mentor: The Inspiring Journey of Uttam Teron
Next Story