80ലും സ്നേഹബന്ധം മുറിയാതെ ഉസ്മാനും ഭാസ്കരനും
text_fieldsസുഹൃത്ത് ഭാസ്കരനെ വീട്ടിൽ ചെന്ന് മുടിവെട്ടി കൊടുക്കുന്ന ഉസ്മാൻ
ചെറുതുരുത്തി: ചെറുപ്പംമുതലുള്ള സ്നേഹബന്ധം 80 വയസ്സായിട്ടും കാത്തുസൂക്ഷിക്കുകയാണ് ഉസ്മാനും സ്നേഹിതൻ ഭാസ്കരനും. ഭാസ്കരന്റെ മുടിവെട്ടലും ഷേവ് ചെയ്യലും 62 വർഷമായി ഉസ്മാനാണ് ചെയ്തുകൊടുക്കുന്നത്.
മുള്ളൂർക്കര എസ്.എൻ നഗറിലെ പല്ല പറ്റത്തൊടിയിൽ വീട്ടിൽ മുഹമ്മദ്-ആയിഷ ദമ്പതികളുടെ ഒമ്പത് മക്കളിൽ മൂത്തയാളാണ് ഉസ്മാൻ. അയൽവാസിയായ ഭാസ്കരൻ എന്ന മണിയും സമകാലികൻ. ചെറുപ്പംമുതലേ രണ്ടുപേരും കൂട്ടുകാരായിരുന്നു. ഏഴാം ക്ലാസ് പഠിപ്പ് അവസാനിച്ച് ഉസ്മാൻ ജീവിതമാർഗം തേടി ബംഗളൂരുവിൽ ബാർബർ ഷോപ്പ് നടത്തുന്ന പിതാവിന്റെ സഹോദരന്റെ ഒപ്പംചേർന്നു. മൂന്നുവർഷം കഴിഞ്ഞ് മുള്ളൂർക്കരയിലെത്തി സ്വന്തമായി ബാർബർ ഷോപ്പ് തുറന്നു.
അന്നുമുതൽ ആത്മസുഹൃത്ത് ഭാസ്കരൻ ഉസ്മാന്റെ കടയിലേ മുടി വെട്ടാറുള്ളൂ. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഭാസ്കരൻ മുടി വെട്ടാൻ പുറത്തിറങ്ങാറില്ല. അതിനാൽ വീട്ടിൽപോയാണ് ആത്മസുഹൃത്തിന്റെ മുടിവെട്ടലും ഷേവ് ചെയ്യലുമെല്ലാം ഉസ്മാൻ ചെയ്യുന്നത്.
ഉസ്മാന്റെ പിതാവ് മുഹമ്മദ് മുള്ളൂർക്കരയിൽ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായിരുന്നു. അന്ന് ഇവിടെ എത്തിയ നെഹ്റുവിനെ പൂമാലയിട്ട് സ്വീകരിച്ചത് ഉസ്മാനാണ്. ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കാൻ പിതാവിന്റെ കൂടെ പോയ ഓർമയും ഈ കോൺഗ്രസുകാരനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

