പ്രവാസത്തിന്റെ നാലു പതിറ്റാണ്ട്....
text_fieldsവർഗീസ് വൈദ്യൻ
1982 ജനുവരിയിലെ ഒരു തണുത്ത രാത്രിയിലാണ് കുവൈത്തിൽ വന്നിറങ്ങിയത്. ഡൽഹിയിൽനിന്നുള്ള നീളമേറിയ വിമാനയാത്ര പുറത്തെ തണുപ്പിൽ ഒന്നുമല്ലെന്ന് തോന്നി. കേട്ടറിഞ്ഞ മരുഭൂമിക്ക് ചുട്ടുപൊള്ളലായിരുന്നല്ലോ കൂടുതൽ!
ഇറാഖിലെ ഡബ്ല്യു.ജെ ടവൽ കമ്പനിയിൽ അസി. ഇലക്ട്രീഷ്യനായിട്ടായിരുന്നു നിയമനം. 23 വയസ്സായിരുന്നു അന്ന്. കുവൈത്തിൽനിന്ന് പൊലീസ് അകമ്പടിയോടെ ആ രാത്രി തന്നെ ബസിൽ ഇറാഖിലേക്ക് തിരിച്ചു. അടുത്ത ദിവസം വെളുപ്പിന് ബഗ്ദാദിലെത്തി. 40 ആണ്ടു നീണ്ട പ്രവാസജീവിതത്തിന് അവിടെ തുടക്കമായി.
രണ്ടുവർഷത്തെ സേവനത്തിനുശേഷം കമ്പനി 1984ൽ മികച്ച എംബ്ലോയി എന്ന നിലയിൽ കുവൈത്തിലേക്ക് കൊണ്ടുവന്നു. അന്ന് കുവൈത്ത് ദീനാറിനും ഇറാഖി ദീനാറിനും ഒരേ വാല്യൂ ആയിരുന്നു. അതികഠിനമായ തണുപ്പും ചൂടും അക്കാലങ്ങളിൽ അസഹ്യമായിരുന്നു. പകൽ പുറത്തുനടക്കുമ്പോൾ എത്രയോ തവണ ചൂടുകൊണ്ട് തലകറങ്ങി.
വിജനമായ കുവൈത്ത്
90കൾക്ക് മുമ്പ് മറ്റൊന്നായിരുന്നു കുവൈത്ത്. പരന്നുകിടക്കുന്ന മരുഭൂമിയും ചെറുകെട്ടിടങ്ങളും മാത്രം. ഇന്ന് പ്രവാസികൾ തിങ്ങിനിറഞ്ഞ അബ്ബാസിയ ഭാഗമൊക്കെ വിജനമായിരുന്നു. വളരെ കുറച്ച് കെട്ടിടങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്കൂളും മറ്റും. മലയാളീ സംഘടന പ്രവർത്തനങ്ങളും സജീവമല്ല.
നാട്ടിലേക്ക് ബന്ധപ്പെടാനുള്ള ഏകമാർഗം കത്തുകൾ മാത്രമാണ്. ഒരുപാട് വൈകുമെങ്കിലും ആ സ്നേഹാന്വേഷണങ്ങൾ കടൽകടന്നു വരുന്നതു കാത്തിരുന്ന ദിനങ്ങൾക്ക് വലിയ മധുരമുണ്ടായിരുന്നു.
ഹിന്ദി സിനിമയും കുവൈത്തി പൊലീസും
1985 സുലൈബിയയിൽ ജോലിചെയ്യുമ്പോൾ ക്യാമ്പ് സൂപ്പർ വൈസറായിരുന്നു. അന്ന് ക്യാമ്പിൽ ഹിന്ദി സിനിമ പ്രദർശിപ്പിച്ചില്ല എന്നതിന് ഡൽഹിക്കാരനായ ഒരു തൊഴിലാളി പ്രകോപിതനായി. അയാൾ രഹസ്യമായി ബ്ലേഡ് കൊണ്ട് കൈയുടെ നടുഭാഗം മുറിച്ച് ചോരവീഴ്ത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോഡിലിറങ്ങുകയും ഞാൻ കുത്തി എന്ന് കളവു വിളിച്ചുപറയുകയും ചെയ്തു. പൊലീസ് എത്തി, അയാൾ എനിക്കെതിരെ മൊഴി കൊടുത്തു.
അപകടം തിരിച്ചറിഞ്ഞ ഞാൻ ഒളിവിൽ പോയി. പൊലീസ് ക്യാമ്പിലെത്തി എന്നെ പിടിക്കാൻ കഴിയാതെ പ്രകോപിതനായി പ്രതിയെയും കൊണ്ട് ആശുപത്രിയിൽ എത്തി. പരസ്പര വിരുദ്ധമായ സംഭാഷണങ്ങളിൽ ഡോക്ടർക്ക് സംശയം തോന്നുകയും കത്തികൊണ്ടുള്ള കുത്തേറ്റല്ല മുറിവ് ഉണ്ടായതെന്ന് മനസ്സിലാക്കുകയും ചെയ്തു.
കള്ളം തിരിച്ചറിഞ്ഞ പൊലീസിനുമുന്നിൽ തുടർന്നുള്ള ചോദ്യത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ലഹരി ഉപയോഗിച്ചിരുന്ന ആ തൊഴിലാളിയെ കമ്പനി ചെലവിൽ പെട്ടെന്ന് തന്നെ നാട്ടിലേക്ക് അയച്ചു. അന്ന് പൊലീസിന്റെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടത് മഹാഭാഗ്യമായി കരുതുന്നു. അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കില്ല എന്റെ അവസ്ഥ.
അധിനിവേശം, യാത്ര
1986ൽ സ്പോൺസറുടെ നോർത്തേൺ ഗൾഫ് ട്രേഡിങ് കമ്പനിയിലേക്ക് ട്രാൻസ്ഫറായി. ജീവിതം വലിയ പ്രയാസങ്ങളില്ലാതെ കടന്നുപോകവെയാണ് 1990 ആഗസ്റ്റിൽ ഇറാഖ് കുവൈത്തിലേക്ക് കടന്നുകയറിയത്. രാജ്യത്തെ അന്തരീക്ഷം അതോടെ ആകെ മാറി. എങ്ങും ഭീതിയും ആശങ്കകളും നിഴലിച്ചു. സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം അടഞ്ഞുകിടന്നു. പലായനത്തിന്റെ നാളുകളായിരുന്നു പിന്നീട്. അങ്ങനെ ഒരു ദിവസം നാലു കൂട്ടുകാരുമൊത്ത് കാറിൽ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലേക്ക് തിരിച്ചു.
അവിടെ ഇന്ത്യൻ എംബസിയിൽ അഭയം തേടി. സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്ത് ജോർഡൻ എയർപോർട്ടിൽ എത്തി. അവിടെനിന്ന് ബോംബെയിലേക്കു വിമാനയാത്ര. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിൻ ടിക്കറ്റും 500 രൂപയും ഏൽപിച്ച് സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
ഇറാഖിൽനിന്ന് വരുന്നവർക്കുള്ള റെയിൽവേയുടെ കോച്ചിലായിരുന്നു തുടർ യാത്ര. കൊല്ലത്ത് ഇറങ്ങിയപ്പോഴും സ്വീകരിക്കാൻ ആളുണ്ടായി. നാട്ടിലേക്ക് എത്താനുള്ള ഏർപ്പാടുകളും കിട്ടി. ഒരു വർഷം നാട്ടിൽ കഴിച്ചുകൂട്ടി. 1991ൽ അധിനിവേശം അവസാനിച്ചതിനുശേഷം ആഗസ്റ്റിൽ കമ്പനി വിസ അയച്ചുതന്നു. വീണ്ടും കുവൈത്തിലെത്തി. അധിനിവേശം ബാക്കിവെച്ച മുറിപ്പാടുകൾ അപ്പോഴും നിലച്ചിരുന്നില്ല.
അന്തരീക്ഷം കറുത്ത മേഘങ്ങൾ നിറഞ്ഞതും വായുവിൽ അത് കലരുകയും ചെയ്തിരുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന എണ്ണപ്പാടത്തിന്റെ ബാക്കിപത്രം. ശ്വസിക്കാൻ ബുദ്ധിമുട്ടുകയും കറുത്ത പുക ഉള്ളിൽ ചെന്ന് പലരും മാസങ്ങളോളം ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്തു. കഴുകിയ തുണി പോലും കറുത്ത പുകയാൽ കരുവാളിച്ചുപോയിരുന്നു അന്ന്.
ഇറാഖ് അധിനിവേശ സമയത്ത് നേരിട്ട അതേ പ്രതിസന്ധിയാണ് കോവിഡ് സമയത്തും പ്രവാസികൾ നേരിട്ടത്. രണ്ടു മക്കളുടെ വിവാഹത്തിലും ഭാര്യയുടെ മരണത്തിലും കോവിഡും മറ്റു പ്രയാസങ്ങളും കാരണങ്ങളാൽ നാട്ടിൽ എത്താനായില്ല. ആ കടങ്ങൾ കൊല്ലം ജില്ല പ്രവാസി സമാജം സെക്രട്ടറിമാരിൽ ഒരാളെന്നനിലയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായി വീട്ടി.
തിരികെ യാത്ര
37 വർഷം ഒരേ കമ്പനിയിൽ ജോലിചെയ്തുകൊണ്ട് എക്സലൻസ് സർട്ടിഫിക്കറ്റും കമ്പനിയുടെ ആദരവും ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് വിമാനം കയറുമ്പോൾ നാലു പതിറ്റാണ്ടിന്റെ ഓർമകൾ കൂടെയുണ്ടാകും. കൊല്ലം തേവലക്കരയിൽനിന്ന് കടൽ കടന്നെത്തിയയാൾക്ക് മരുഭൂമി സമ്മാനിച്ച ഒരുപാട് ഓർമകൾ.
പലയിടങ്ങളിലാണെങ്കിലും മക്കളായ റീനു വർഗീസ്, റിഞ്ചു വർഗീസ്, റെജീന വർഗീസ്, റിയ വർഗീസ് അവരുടെ കുടുംബം കുട്ടികൾ എന്നിവർ കാത്തിരിപ്പുണ്ട്. വിശ്രമകാലത്ത് ഭാര്യ ആഷ് ലി വർഗീസ് കൂടെയില്ലെന്ന ഒരു ദുഃഖം മാത്രം അപ്പോഴും ബാക്കിയുണ്ട്.