ജീവനും ജീവിതവും തിരികെപ്പിടിക്കണം; വേദന മറന്ന് ഓട്ടോയിൽ പാഞ്ഞ് മുകേഷ്
text_fieldsതുന്നിക്കെട്ടിയ വയറുമായി മുകേഷ് ഓട്ടോറിക്ഷക്ക് മുന്നിൽ
കായംകുളം: തുന്നിക്കെട്ടിയ കുടലിലെ വേദന കടിച്ചമർത്തി ജീവൻ തിരികെപ്പിടിക്കാൻ മുകേഷിന്റെ ഓട്ടോ യാത്ര തുടരുകയാണ്. കായംകുളം പെരുങ്ങാല തയ്യിൽ പടീറ്റതിൽ മുകേഷാണ് (37) ഇരുൾമൂടിയ ജീവിത പ്രയാസങ്ങളിൽ തളരാതെ സഞ്ചാരം തുടരുന്നത്. രോഗപീഡകൾക്കിടെ എത്തിയ ജപ്തി നോട്ടീസിന് പരിഹാരം തേടിയാണ് ഇപ്പോഴത്തെ പാച്ചിൽ. ജീവനും ജീവിതവും തിരികെപ്പിടിക്കാൻ റെയിൽവേ ജങ്ഷനിലെ ഈ ഓട്ടോക്കാരൻ നടത്തുന്ന മരണപ്പാച്ചിലിന് പിന്നിൽ കണ്ണുനീർ നനവിന്റെ കഥയാണുള്ളത്.
ബാല്യത്തിലേ പിതാവ് മണിയൻപിള്ള മരിച്ചു. മാതാവ് ഇന്ദിരയുടെ സംരക്ഷണയിലാണ് മുകേഷും സഹോദരി സ്മിതയും വളർന്നത്. സ്കൂൾ പഠനം കഴിഞ്ഞ സമയത്താണ് കുടൽരോഗം പിടികൂടുന്നത്. കുടലുകൾ ഒട്ടിപ്പിടിക്കുന്ന ക്രോൺസ് ഡിസീസ് ബാധിച്ചതാണെന്ന് കണ്ടെത്തി. രണ്ട് ശസ്ത്രക്രിയയിലൂടെയാണ് അന്ന് താൽക്കാലിക ശമനം നേടിയത്. ഇതിനിടെ സഹോദരി സ്മിതയെ വിവാഹം കഴിച്ചയച്ചു.
മുകേഷ് ജീവിതപങ്കാളിയായി ജയലക്ഷ്മിയെ കൂടെ കൂട്ടി. ഇവർക്കൊരു പെൺകുഞ്ഞും പിറന്നു. ബാധ്യതകൾ പെരുകിയപ്പോൾ ആറര സെന്റ് സ്ഥലവും വീടും പണയത്തിലാക്കി സഹകരണ ബാങ്കിൽനിന്ന് എട്ട് വർഷം മുമ്പ് ഏഴ് ലക്ഷം വായ്പയെടുത്തു. ഇതിൽ വല്ലപ്പോഴും അടക്കുന്ന തുക പലിശ മാത്രമായി മാറി. ഓട്ടോ ഡ്രൈവർ എന്ന നിലയിലുള്ള വരുമാനത്തിലൂടെയാണ് വീട്ടുകാര്യങ്ങൾ നടന്നിരുന്നത്.
എന്നാൽ, രണ്ടര വർഷം മുമ്പ് രോഗം വീണ്ടും മടങ്ങി വന്നു. ഇതോടെ ജീവിതം വീണ്ടും ആശുപത്രി കിടക്കയിലായി. ഇതിനിടെ ഒന്നരവർഷം മുമ്പ് മാതാവ് ഇന്ദിരക്ക് അർബുദം ബാധിച്ചത് ദുരിതം ഇരട്ടിയാക്കി. ഇതോടെ ചികിത്സക്കായി മൂന്നുലക്ഷം കൂടി അധിക വായ്പ എടുക്കേണ്ടി വന്നു. എട്ട് മാസം മുമ്പ് ഇന്ദിര മരണത്തിന് കീഴടങ്ങി. ഇതിന്റെ കൂടി പ്രയാസങ്ങളുമായി കഴിയുന്നതിനിടെയാണ് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടുന്നത്.
ജപ്തി ഭീഷണിയിൽ നിൽക്കവെ തുടർ ചികിത്സക്കായി പണം കണ്ടെത്തണമെന്നതും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സ. ആറ് ലക്ഷത്തോളം രൂപയാണ് ചികിത്സക്ക് വേണ്ടത്. പ്രതിമാസം മരുന്നിനായി 10,000 രൂപയോളം കണ്ടെത്തണം. നന്മയുള്ള മനസ്സുകളിലാണ് പ്രതീക്ഷ.