കാടിന്‍റെ കാഴ്ച ഈ കാമറയിലെ നിക്ഷേപം
text_fieldsഅനീഷ് ജയൻ
തൊടുപുഴ: ബാങ്ക് ജോലിയുടെ തിരക്കുകളിൽനിന്ന് ഒരു അവധി കിട്ടിയാലുടൻ അനീഷ് കാമറയുമായി ഇറങ്ങുന്നത് കാടിന്റെ വന്യതയിലേക്കാണ്. വനഭംഗിയും മൃഗങ്ങളുടെ ചലനങ്ങളുമൊക്കെ ആവേശത്തോടെ പകർത്തുന്നതാണ് തൊടുപുഴ തൊണ്ടിക്കുഴ സ്വദേശിയായ അനീഷ് ജയന്‍റെ ആനന്ദം.
13 വര്‍ഷം മുമ്പ് തൊടുപുഴ ഫെഡറല്‍ ബാങ്ക് ശാഖയിലെ ജോലിക്കൊപ്പം തുടങ്ങിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയോടുള്ള കമ്പം ഇന്നും അനീഷ് ഒട്ടും ചോരാതെ മുന്നോട്ട് കൊണ്ടുപോകുന്നു. ചെറുപ്പം മുതലേ കാടും മൃഗങ്ങളുമെല്ലാം അനീഷിന്‍റെ ഇഷ്ട കാഴ്ചകളായിരുന്നു. പലപ്പോഴും താൻ കണ്ട കൗതുക കാഴ്ചകൾ കൂട്ടുകാരോട് പറയാറുണ്ടെങ്കിലും പലരും വിശ്വസിക്കാൻ മടികാണിച്ചു.

ഇവരെ ബോധ്യപ്പെടുത്താനാണ് ആദ്യമായി ചെറിയ ഡിജിറ്റൽ കാമറ വാങ്ങിയത്. കൂട്ടുകാർ ചിത്രംകണ്ട് അന്തംവിട്ട് തുടങ്ങിയതോടെ കാടിന്‍റെ ചിത്രമെടുപ്പ് ഹരമായി. ഇന്ത്യയിലെ മിക്ക വന്യജീവി സങ്കേതങ്ങളും അനീഷ് സന്ദര്‍ശിച്ച് ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞു. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.
ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ, ചിന്നാർ, പറമ്പിക്കുളം, തട്ടേക്കാട് എന്നിവിടങ്ങളിലൊക്കെ ചിത്രങ്ങൾ തേടിയുള്ള യാത്ര പതിവാണ്. പുലർച്ച മൂന്നിന് പോയി രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് മിക്ക യാത്രയും. ഈ സമയങ്ങളിൽ കാട്ടിലെ കൂട്ടുകാർ പലരും തന്‍റെ കാമറക്ക് മുന്നിൽ ഒന്നെങ്കിലും വന്ന് മുഖംകാണിക്കാറുണ്ടെന്നും അനീഷ് പറയുന്നു.കഴിഞ്ഞദിവസം ഓള്‍ ഇന്ത്യ കോര്‍പറേറ്റ് ഫോട്ടോഗ്രഫി മത്സരത്തില്‍ വന്യജീവി വിഭാഗത്തില്‍ മൂന്നാംസ്ഥാനം നേടിയത് അനീഷ് കർണാടകയിലെ കബനിയിൽനിന്ന് പകർത്തിയ ചിത്രത്തിനാണ്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ ഒന്നാണിത്. ഏകദേശം 1,17,000 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ വന്യജീവി വിഭാഗത്തില്‍ സമ്മാനം നേടിയ ഏക മലയാളി കൂടിയാണ് അനീഷ്. കബനി വനത്തില്‍നിന്ന് പുലി മ്ലാവിന്‍കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
മരക്കൊമ്പിൽനിന്ന് മ്ലാവിൻകുഞ്ഞിന്‍റെ ശരീരം കടിച്ചെടുത്ത് നീങ്ങുന്നതിനിടെ ഒരു നിമിഷം പുലിയുടെ കണ്ണും കാമറയും തമ്മിൽ ഉടക്കുകയായിരുന്നു. ഒട്ടും പാഴാക്കാതെ ആ നിമിഷം ചിത്രം പകർത്താൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയിരുന്നുവെന്ന് അനീഷ് പറഞ്ഞു. നിരവധി സ്‌കൂളുകളിലും കോളജുകളിലും റെസി. അസോസിയേഷനിലും വന്യജീവി സംരക്ഷണം സംബന്ധിച്ച് അനീഷ് ബോധവത്കരണ ക്ലാസുകളെടുക്കുന്നുണ്ട്.
ബാങ്കിലെ ജോലിയും ഫോട്ടോഗ്രഫിയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ചോദിക്കുന്നവരോട് സമയം എല്ലാവർക്കും ഒരുപോലെയാണെന്നും നമുക്ക്ഇഷ്ടപ്പെട്ടതിനുവേണ്ടി മാറ്റിവെക്കാൻ സമയം കണ്ടെത്തുന്നതിനാലാണ് കാര്യമെന്നും അനീഷ് വ്യക്തമാക്കുന്നു. പ്രകൃതി നൽകുന്ന ചിത്രങ്ങൾക്കായി മണിക്കൂറുകൾ ഒരേ ഇരിപ്പ് ഇരിക്കേണ്ടിവന്നിട്ടുണ്ട്.
ഒരു നിമിഷത്തെ ക്ലിക്കിനുവേണ്ടിയാകും അത്. ചിലപ്പോൾ ലഭിച്ചെന്നും വരില്ല. അതൊന്നും ഒരിക്കലുമൊരു നഷ്ടമല്ല. വീണുകിട്ടുന്ന ഒരു ക്ലിക്ക് നമുക്ക് നൽകുന്ന ആനന്ദമാണ് ഒരു പക്ഷേ, ഈ മേഖലയിൽ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അനീഷ് പറയുന്നു.