ഭിന്നശേഷിക്കാർക്കുള്ള ആദ്യ റേഷൻകട സുനീഷ് ജോസഫിന്
text_fieldsസുനീഷ് ജോസഫ്
പൊൻകുന്നം: സിവിൽ സപ്ലൈസ് വകുപ്പിന്റെ 2021ലെ കെ.ടി.പി.ഡി.എസ് കൺട്രോൾ ഓർഡർ നിലവിൽ വന്ന ശേഷം ജില്ലയിൽ ആദ്യമായി ഭിന്നശേഷിവ്യക്തിക്ക് അനുവദിച്ച റേഷൻകടയുടെ ഉടമയാകുന്നത് ഉരുളികുന്നം ഇല്ലിക്കോൺ കണിച്ചേരിൽ സുനീഷ് ജോസഫ്. കാരക്കുളം പള്ളിക്കവലയിലെ എ.ആർ.ഡി.128ാം നമ്പർ കടയാണ് അനുവദിച്ചത്. ഈ മാസം രണ്ടിനു പ്രവർത്തനം തുടങ്ങും.
മറ്റൊരു ലൈസൻസിയുടെ അനുബന്ധമായി പ്രവർത്തിക്കുകയാണിപ്പോൾ ഈ റേഷൻകട. ശാരീരിക അവശതകളേറെയുള്ള സുനീഷ് വൈകല്യങ്ങളെ തോൽപിച്ച് ഭിന്നശേഷിക്കാർക്ക് മാതൃകയായ ആളാണ്. മുമ്പ് പൊതുതെരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാർക്ക് പ്രചോദനമായി ജില്ല ഭരണകൂടം ഭിന്നശേഷി അംബാസഡറായി പ്രഖ്യാപിച്ചത് സുനീഷിനെയായിരുന്നു.
പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിൽ ഇപ്പോൾ കോമൺ സർവിസ് സെന്റർ നടത്തിവരുകയാണ് സുനീഷ്. കടയുടെ ലൈസൻസി സുനീഷും സെയിൽസ്മാൻ ലൈസൻസി ഭാര്യ ജിനിയുമാണ്. വിവിധ സംവരണവിഭാഗങ്ങൾക്ക് നിശ്ചിതശതമാനം കടകൾ അനുവദിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവാണ് സുനീഷിന് ലൈസൻസിയാകാൻ അവസരമൊരുക്കിയത്.
അരയ്ക്കു കീഴ്പ്പോട്ടു തളർച്ചയുള്ളതിനാൽ വീൽച്ചെയറിലാണ് സുനീഷ് വീടിനുള്ളിൽ സഞ്ചരിക്കുന്നത്. കോമൺസർവിസ് സെന്ററിൽ സോഫയിൽ കിടന്നാണ് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നത്. റേഷൻകട തുടങ്ങിയാലും കോമൺ സർവിസ് സെന്ററിന്റെ പ്രവർത്തനം തുടരാനാണ് സുനീഷിന്റെ തീരുമാനം.
മാണി സി. കാപ്പൻ എം.എൽ.എ, സപ്ലൈ ഓഫിസർ ടി.ജി. സത്യപാൽ, പഞ്ചായത്ത് അംഗം മാത്യൂസ് പെരുമനങ്ങാട്ട്, സി.പി.ഐയുടെ പ്രാദേശിക നേതാക്കൾ തുടങ്ങി നിരവധി പേർ തനിക്ക് പിന്തുണ നൽകിയെന്ന് സുനീഷ് പറഞ്ഞു.