പിതാവ് നാടുകടത്തി; ചന്ദ്രശേഖർ തിരിച്ചെത്തിയത് മികച്ച നടനായി
text_fieldsവയോജനോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന 'വിഭ്രാന്തി' നാടകത്തിൽനിന്ന്
തിരുവനന്തപുരം: മകന്റെ നാടകഭ്രാന്തിന് തടയിടാനായാണ് ചാന്നാങ്കര സ്വദേശി അപ്പുക്കുട്ടൻ പിള്ള അയാളെ 1974ൽ കടൽ കടത്തിയത്. പക്ഷേ, പ്രവാസ ജീവിതം ചന്ദ്രശേഖർ എന്ന ചാന്നാങ്കര ചന്ദ്രശേഖറിന് കാത്തുവെച്ചത് കല വളർത്താനുള്ള വിളനിലമായിരുന്നു. മലയാളി സമാജത്തിന്റെ നാടകത്തിൽ പെൺവേഷം കെട്ടി മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചാന്നാങ്കര ചന്ദ്രശേഖർ 75ാം വയസ്സിലും താൻ നല്ല നടൻ തന്നെയാണെന്ന് തെളിയിച്ചു.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജലജക്കൊപ്പം ചാന്നാങ്കര ചന്ദ്രശേഖർ
മുതിർന്ന പൗരൻമാർക്കായി കോർപറേഷൻ ഒരുക്കിയ വയോജനോത്സവം നാടക മത്സരത്തിൽ മികച്ച നടനായാണ് ചാന്നാങ്കര ചന്ദ്രശേഖർ തെരഞ്ഞെടുക്കപ്പെട്ടത്. എൻ.എൻ പിള്ളയുടെ നാടകമായ സുപ്രീംകോർട്ടിലെ ആശയം ഉൾക്കൊണ്ട് ഒരുക്കിയ 'വിഭ്രാന്തി' മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് നേടിയത്.
കണിയാപുരം രാമചന്ദ്രൻ എന്ന പ്രതിഭയുടെ പാത പിന്തുടർന്നാണ് ചന്ദ്രശേഖറും നാടകപ്രേമിയായത്. പക്ഷേ വീട്ടിൽ പിന്തുണ ഒട്ടുമുണ്ടായില്ല. നല്ലൊരു ജോലി നേടുകയെന്ന ലക്ഷ്യത്തോടെ വീട്ടുകാർ ഇദ്ദേഹത്തെ വിദേശത്ത് അയച്ചു. അവിടെ അയാൾ ജോലിക്കൊപ്പം തന്റെ പ്രിയ കലാരൂപത്തെയും വളർത്തിയെടുത്തു. 30 വർഷത്തെ ഗൾഫ് ജീവിതത്തിൽ 17 നാടകം എഴുതി സംവിധാനം ചെയ്തതുൾപ്പെടെ 37 നാടകം കളിച്ചു.
യു.എ.ഇ നാടകമത്സരത്തിൽ സുപ്രീംകോർട്ടിലെ കേളു നമ്പ്യാരെ അവതരിപ്പിച്ചതിന് സ്വർണമെഡൽ നേടിയിരുന്നു. അതേ നാടകത്തിന്റെ മറ്റൊരു പതിപ്പിന് തന്നെ വീണ്ടുമൊരു പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷവും ചാന്നാങ്കര ചന്ദ്രശേഖർ മറച്ചുവെയ്ക്കുന്നില്ല. 2004ൽ നാട്ടിൽ മടങ്ങിയെത്തിയശേഷം ആദ്യം ചെയ്തത് അഭിനയയുടെ നാടക കളരിയിൽ ചേരുകയായിരുന്നു. അവിടെ നടി കനി കുസൃതി ഉൾപ്പെടെ നിരവധി പ്രഗല്ഭർ സഹപാഠികളായി.
നാടകവും വായനയും സാമൂഹ്യപ്രവർത്തനവും ഇഷ്ടപ്പെടുന്ന ചന്ദ്രശേഖർ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 60 കഴിഞ്ഞവരുടെയും വിരമിച്ചവരുടെയും കൂട്ടായ്മയായ ഉണർവിന്റെ എക്സിക്യൂട്ടിവ് അംഗമാണ്. ഉണർവ് കൂട്ടായ്മയുടെ ഭാഗമായാണ് വയോജനോത്സവത്തിൽ മത്സരിക്കാനെത്തിയതും. ഭാര്യ ഗിരിജയും നാല് ആൺമക്കളും ഇദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
വിഭ്രാന്തിയിലെ നായികയായ റിട്ട. അധ്യാപിക ജലജയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. മികച്ച മൂന്നാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടതും വിഭ്രാന്തിയാണ്. സോമൻ നായർ, രമാദേവി എന്നിവരും നാടകത്തിൽ തങ്ങളുടെ വേഷം മികച്ചതാക്കി.
കലാമത്സരങ്ങളുടെ അവസാന ദിനമായ ഞായറാഴ്ചയും പങ്കാളിത്തത്താൽ സമ്പന്നമായിരുന്നു മേള. നാടകമത്സരവും ഉപകരണ സംഗീത മത്സരവും നാടൻപാട്ടുമൊക്കെയായി വേദിയിൽ കസറുമ്പോൾ നിറഞ്ഞ കൈയടിയും അഭിനന്ദനവുമായി കാണികളും സജീവമായിരുന്നു. കായികമത്സരങ്ങൾ തിങ്കളാഴ്ച രാവിലെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

