ഓർമകളുടെ പത്തേമാരിയിൽ മൂസക്ക നാട്ടിലേക്ക്
text_fields46 വർഷമായി യു.എ.ഇയുടെ ഹൃദയമിടിപ്പുകളിൽ ഒപ്പമുണ്ടായിരുന്ന അപൂർവം മലയാളികളിൽ ഒരാൾകൂടി നാടണയുന്നു. അരനൂറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മൂസക്കയെന്ന കെ.കെ.പി. മൂസക്കുഞ്ഞിയാണ് നാട്ടിലേക്കു മടങ്ങുന്നത്. 64ാമത്തെ വയസ്സിൽ പ്രവാസത്തിന് വിരാമമിടുമ്പോൾ ഒരുപിടി നല്ല ഓർമകളാണ് മൂസക്കക്ക് കൂട്ട്. നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടയിൽ താൻ പിന്നിട്ട വഴികൾ മൂസക്ക ഓർത്തെടുക്കുകയാണ്. കണ്ണൂർ പയ്യന്നൂരിലെ കുഞ്ഞിമംഗലത്തുനിന്ന് 1977ലാണ് മുംബൈയിൽനിന്ന് ‘ഹർഷവർധന’ എന്ന പത്തേമാരിയിൽ മൂസക്ക ദുബൈ തുറമുഖത്ത് വന്നിറങ്ങുന്നത്.
അന്ന് അംബരചുംബികളായ കെട്ടിടങ്ങളോ ലോകനിലവാരമുള്ള റോഡുകളോ വികസനമോ ഒന്നുമുണ്ടായിരുന്നില്ല. സുരക്ഷാ മതിൽകെട്ടുകൾക്കു പകരം കമ്പിവേലി കെട്ടിയ ഒരു കവാടം മാത്രമായിരുന്നു അന്ന് ദുബൈ തുറമുഖത്തുണ്ടായിരുന്നത്. തുറമുഖത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കാൻ ഒരു ഒറ്റവരി പാതയായിരുന്നു ഉണ്ടായിരുന്നത്. തുറമുഖത്തിനകത്ത് അറബികൾക്കു മാത്രമായിരുന്നു പ്രവേശനം.
നിരവധി പേരെ ഒരുമിച്ച് ഇവർ ടാക്സി കാറിൽ പുറത്തെത്തിക്കും. പുറത്ത് സ്വീകരിക്കാനെത്തുന്നവർ സ്വന്തക്കാരുടെ പേരുകൾ ഉറക്കെ വിളിക്കും. ആ വിളികേൾക്കുന്നവർക്ക് ഒപ്പം പോകാം. അങ്ങനെ വിളികേട്ട മൂസക്കയെയും കൊണ്ട് അമ്മാവൻ യൂസുഫ്, ബക്കർ റോഡിലെ വില്ലയിലേക്കു പോയി. ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ അന്ന് ഒന്നോ രണ്ടോ മണിക്കൂർ ജോലി എടുക്കാൻ ദുബൈയിൽ അനുവാദമുണ്ടായിരുന്നു.
കുറച്ചു കാലത്തെ അലച്ചിലിനുശേഷം ഒരു അറബിവീട്ടിൽ ജോലി ലഭിച്ചു. താമസം റഹ്മാനിയ ഹോട്ടലിൽ. ആയിടക്കാണ് ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന കടൽഭിത്തി കെട്ടുന്ന ആർകോസി എന്ന കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞത്. പക്ഷേ, പോകാൻ അമ്മാവൻ സമ്മതിക്കില്ല. ഒരിക്കൽ അമ്മാവൻ നാട്ടിൽ പോയപ്പോൾ ചങ്ങാതിമാരെ വിളിച്ച് ഷാർജക്കു പോയി.
അവിടെ ആ കമ്പനിയിൽ അസി. മെക്കാനിക്കൽ ഫിറ്ററായി കുറച്ചു കാലം. ഇതിനിടയിൽ ഒന്ന് നാട്ടിൽ പോയി തിരികെയെത്തി. ശേഷം കോസ്റ്റൈൻ ടൈലർ വുഡ്റോ ജോയന്റ് വെൻച്വർ എന്ന പ്രമുഖ കമ്പനിയിൽ ജോലി ലഭിച്ചു. ആ ജോലി തീർന്നതോടെ അവിടംവിട്ടു.തുടർന്ന് അബൂദബി കരസേനയിൽ ഡ്രൈവറായി ജോലി ലഭിച്ചു. ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിലും പങ്കാളിയായി. നാട്ടിൽ കണ്ണൂർ ഏഴിമല ഇട്ടികുളത്താണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. ഭാര്യ സൈറ ബാനു. നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

