പവിഴദ്വീപിന്റെ നല്ല ഓർമകളുമായി തിരികെ നാട്ടിലേക്ക്
text_fieldsമനാമ: 15 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് റഷീദും സുലൈഖ റഷീദും മക്കളും നാട്ടിലേക്ക് തിരികെപ്പോകുകയാണ്. കൊയിലാണ്ടി ഊരള്ളൂർ, സ്വദേശികളായ ദമ്പതികൾക്ക് ഈ നാടിനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. 2008ലാണ് സുലൈഖ ബഹ്റൈനിലെത്തിയത്. ഭർത്താവ് റഷീദ് രണ്ടുവർഷം മുമ്പ് എത്തിയിരുന്നു. അക്കൗണ്ടന്റായി വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കി. ബുനാത്ര ഹോൾഡിങ്സ് എന്ന സഥാപനത്തിലായിരുന്നു അവസാനം ജോലി ചെയ്തത്. സുലൈഖയുടെ മൂന്ന് മക്കളും സൽമാനിയ ആശുപത്രിയിലാണ് പിറന്നത്. ഇരട്ടകളായ അമിൻസാലിഹും ഐറ സാലിഹയും പിന്നെ അഷിം മുഹമ്മദും.
വിദേശിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ലാതെ മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകളാൽ ബന്ധിക്കാതെ എല്ലാ മനുഷ്യനും തുല്യസ്വാതന്ത്ര്യവും നീതിയും നൽകുന്ന രാജ്യം ഒരു അത്ഭുതമായിരുന്നെന്ന് സുലൈഖ പറയുന്നു. സ്വാതന്ത്ര്യത്തോടെ ഏത് പാതിരാത്രിയിലും സഞ്ചരിക്കാൻ കഴിയുന്ന, ജനങ്ങളെ സ്നേഹിക്കുന്ന ഭരണകൂടമുള്ള രാജ്യം. സൽമാനിയ ആശുപത്രിയിൽനിന്ന് ശ്രദ്ധയോടും സ്നേഹ പൂർണവുമായ മികച്ച പരിചരണമാണ് പ്രസവസമയത്ത് ലഭിച്ചത്. ഗവണ്മെന്റ് ഓഫിസുകളുടെ കാര്യക്ഷമത പ്രത്യേകം പറയേണ്ടതാണ്.
അതുപോലെ പ്രവാസ ജീവിതത്തിന്റെ സന്തോഷങ്ങളും പ്രയാസങ്ങളും നേരിട്ടറിയാനും ഇക്കാലയളവിൽ കഴിഞ്ഞു. മാസവരുമാനത്തിൽ ഒരു ചെറിയ ഭാഗം മാത്രം സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മാറ്റിവെച്ച് ബാക്കി മുഴുവൻ നാട്ടിൽ കുടുംബത്തിനയച്ചുകൊടുക്കുന്ന പ്രവാസികളെയാണ് പരിചയപ്പെട്ടത്. അവരയക്കുന്ന ഓരോ നാണയത്തുട്ടിന്റെയും മൂല്യം നാട്ടിലുള്ളവർ മനസ്സിലാക്കണം.
ഒരുപാട് സ്നേഹിക്കുന്ന ഈ രാജ്യം വിട്ട് ജന്മനാട്ടിലേക്ക് പോകുന്നതിൽ ദുഃഖമുണ്ട്. എന്നാൽ, നാട്ടിൽ ഏറെ കൊതിച്ച അധ്യാപകജോലി ലഭിച്ചതുകൊണ്ടാണ് തിരികെപ്പോകുന്നത്. മലപ്പുറം ഉണ്യാലിൽ എയ്ഡഡ് സ്കൂളിലാണ് അധ്യാപികയായി നിയമനം ലഭിച്ചത്. 15 വർഷക്കാലം ഇവിടെ മനോഹരമായ ജീവിതം നയിക്കാൻ അവസരം നൽകിയ ഈ രാജ്യത്തിന്റെ ഭരണകൂടത്തോട് നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും സുലൈഖ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

