ഡോ. ജോർജ് മാത്യുവും കുടുംബവും പ്രവാസം മതിയാക്കി നാട്ടിലേക്ക്
text_fieldsഡോ. ജോർജ് മാത്യു ഭാര്യയോടൊപ്പം
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ. ജോർജ് മാത്യുവും കുടുംബവും ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ജൂൺ 23ന് വൈകീട്ട് ഏഴിന് ഉമ്മുൽ ഹസ്സത്തുല്ല കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അദ്ദേഹത്തിനും കുടുബത്തിനും യാത്രയയപ്പ് നൽകും.
പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സേവന രംഗത്തും കച്ചവട രംഗത്തും മാധ്യമരംഗത്തുമുള്ളവരും ബി.എം.ബി.എഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും. ഈ വർഷം കൂടുതൽ മാർക്ക് വാങ്ങി ജയിച്ച വിദ്യാർഥികൾക്കുള്ള ആദരവും പരിപാടിയിൽ നടക്കും. ബഹ്റൈനിലെ ദീർഘകാല പ്രവാസിയും സാമൂഹിക സേവന രംഗത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് പത്തനംതിട്ട സ്വദേശിയായ ഡോ. ജോർജ് മാത്യു.
ഒന്നരപ്പതിറ്റാണ്ടായി മലയാളി കച്ചവട രംഗത്തുള്ളവരുടെ കൂട്ടായ്മയായ മലയാളി ബിസിനസ് ഫോറം ചെയർമാൻ പദവിയുൾപ്പെടെ വഹിച്ചിട്ടുണ്ട്. സി.സി.ഐ.എയുടെയും ഐ.സി.ആർ.എഫിന്റെയും ട്രഷറർ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബഹ്റൈനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ മുഖ്യ പങ്കുവഹിച്ച അദ്ദേഹം സെക്രട്ടറിയായും സേവനം നടത്തി.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ബഹ്റൈനിലെ പോഷക സംഘടനക്ക് രൂപം കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും കേരള ദേശീയവേദി എന്ന പേരിൽ സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യൻ ഓവർസിസ് കൾചറൽ കോൺഗ്രസിന്റെ രക്ഷാധികാരിയായി. ഇന്ന് ഒ.ഐ.സി.സി എന്ന് അറിയപ്പെടുന്നത് ഈ സംഘടനയാണ്.
ഡോ. ജോർജ് മാത്യു 1982ലാണ് ബഹ്റൈനിൽ പ്രവാസിയായി എത്തുന്നത്. തുടക്കം അൽ മൊയ്ദ് ബാർവിൽ ഷിപ്പിങ് കമ്പനിയിലായിരുന്നു. പിന്നീട് ബിസിനസ് രംഗത്തേക്ക് കടക്കുകയും അമേരിക്കൻ നേവിയുടെ കോൺട്രാക്ട് ഏറ്റെടുക്കുകയും ചെയ്തു. മധുരൈ കാമരാജ് യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി ബിരുദവും നേടി. ഭാര്യ: അന്നമ്മ മാത്യു ജോർജ്. മക്കൾ:ജോർജിൻ ജോർജ് മാത്യു, ജിബിൻ ജോർജ് മാത്യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

