നാലു പതിറ്റാണ്ടിന്റെ പ്രവാസം; ബാലേട്ടൻ നാടണയുന്നു
text_fieldsബാലകൃഷ്ണൻ
ഷാർജ: നാലു പതിറ്റാണ്ടോളമായി ഷാർജയിലെ പ്രവാസ സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ബാലകൃഷ്ണൻ പുലിക്കോടൻ നാട്ടിലേക്കു മടങ്ങുന്നു. 1984 ജൂണിലാണ് ബാലകൃഷ്ണൻ ഷാർജയിൽ വന്നിറങ്ങുന്നത്. ആദ്യമായി ജോലിക്കു ചേരുന്നതും അവിടെതന്നെ. സർക്കാർ സ്കൂളിൽ ഓഫിസ് ബോയ് ആയിട്ടായിരുന്നു ജോലി.
10 വർഷം വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഈ ജോലി തുടർന്നു. മലയാളികളും സ്വദേശികളുമായ നിരവധി ബന്ധങ്ങൾ രൂപപ്പെട്ടുതുടങ്ങിയത് ഇവിടെവെച്ചാണ്. പിന്നീട് ഷാർജ ഇന്ത്യൻ സ്കൂൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവിടങ്ങളിലായി സെക്യൂരിറ്റി ജോലിയിൽ ചേർന്നു. 29 വർഷത്തിലധികമായി ഇവിടെ ജോലി നിർവഹിച്ചുവരുകയാണ്. 1985 മുതൽ 1995 വരെ ഇന്ത്യൻ അസോസിയേഷൻ അംഗമായി സജീവ പ്രവർത്തകനുമായിരുന്നു.
ഷാർജ മാസ് എന്ന സാമൂഹിക, സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻകൂടിയാണ് ബാലകൃഷ്ണൻ. ജോലിചെയ്യുന്ന സ്ഥലത്തും വിവിധ കാര്യങ്ങൾക്ക് നേതൃത്വം നൽകാനായതും പുതിയതായി ജോലിനോക്കി ഷാർജയിൽ എത്തിയ നിരവധി പേർക്ക് സഹായം ചെയ്യാനും പരിചയക്കാരിൽ സമ്പാദ്യശീലം വളർത്തിയെടുക്കാൻ പ്രോത്സാഹനം നൽകാനും കഴിഞ്ഞത് പ്രവാസത്തിലെ നല്ല ഓർമകളായി അദ്ദേഹം സൂക്ഷിക്കുന്നു.
നാട്ടുകാർ ബാലേട്ടൻ എന്നു വിളിക്കുന്ന അദ്ദേഹം 39 വർഷത്തെ പ്രവാസജീവിതത്തെക്കുറിച്ച് നിറഞ്ഞ തൃപ്തിയോടെയാണ് മടങ്ങുന്നത്. എന്നാൽ, കോവിഡ് കാലത്ത് സുഹൃത്ത് മാധവൻ വാടിയുടെ മരണം ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ഓർമയായി അവശേഷിക്കുന്നു. കാസർകോട് ജില്ലയിലെ നീലേശ്വരം പരപ്പക്ക് അടുത്തുള്ള മുണ്ടിയാനം സ്വദേശിയാണ് ബാലകൃഷ്ണൻ. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ശിഷ്ടകാലത്ത് നാട്ടിൽ വിശ്രമജീവിതം നയിക്കാനാണ് തീരുമാനം. ഏപ്രിൽ 11നാണ് നാട്ടിലേക്ക് മടക്കയാത്ര തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

