പത്ര വിതരണത്തിന്റെ നാല് പതിറ്റാണ്ട്; ആവറുക്ക നാട്ടിലേക്ക്
text_fieldsഅബൂദബി: നാല് പതിറ്റാണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1984 ജൂലൈ 10 - അന്നാണ് മലപ്പുറംകാരന് ആവറു ജീവിതപ്പച്ച തേടി യു.എ.ഇയിലെത്തുന്നത്. അന്നുമുതല്‍ ഇന്നുവരെ 41 വര്‍ഷക്കാലം അല്‍ഐനിലെ ജനങ്ങളെ പത്രം വായിപ്പിച്ച മറ്റൊരു പത്ര വിതരണക്കാരന് ഉണ്ടാവാനേ തരമില്ല. ഒരേ കമ്പനിയില്‍, ഒരേ വിസയില്‍ തുടക്കം മുതല്‍ നാട്ടിലേക്ക് മടങ്ങുംവരെ ജോലി ചെയ്യുക എന്നതും അപൂര്‍വമായിരിക്കും. തുടക്കത്തില്‍ അല്‍ഐനിലെ സിഗ്നലുകളില്‍ പത്രം വില്‍ക്കലായിരുന്നു ജോലി. അന്ന് സിഗ്നലുകളും ഹമ്പുകളും ഉള്ളിടത്തെല്ലാം പത്ര വിതരണക്കാരുമുണ്ടാകും. അല്‍ ഇത്തിഹാദ് കമ്പനിയുടെ വിസയിലായിരുന്നു ജോലി ചെയ്തത്. ഫ്രീ ലാന്‍സര്‍ ആയതിനാല്‍ ഏതു പത്രവും വില്‍ക്കാം.
മൂന്ന് വര്‍ഷമാണ് സിഗ്നലുകളില്‍ പത്രം വിറ്റത്. പിന്നീട് സൈക്കിളിലായി വിതരണം. 1988ല്‍ ബൈക്കിന്റെ ലൈസന്‍സ് എടുത്തു. അല്‍ ഇത്തിഹാദ്, അല്‍ ഖലീജ്, അല്‍ ബയാന്‍ തുടങ്ങി അറബി പത്രങ്ങളും ‘മാധ്യമം’ അടങ്ങുന്ന ഇതര ഭാഷാ പത്രങ്ങളും ആണ് വിതരണം ചെയ്തിരുന്നത്. സാമ്പത്തികമായി ഏറെ മെച്ചമായിരുന്നു ഈ ജോലി. പൊതുവെ ആവറുക്കയുടെ മഹല്ലായ കോട്ടക്കല്‍ പുലിക്കോടുകാരുടെ പ്രധാന പ്രവാസ ജോലിതന്നെ പത്ര വിതരണമായത് അങ്ങനെയാണ്. കാലം മാറിയപ്പോൾ, ചാനലുകളും സോഷ്യല്‍ മീഡിയകളും വർധിച്ചതോടെ, വിതരണം ചെയ്യുന്ന പത്രങ്ങളുടെയും മാഗസിനുകളുടെയും എണ്ണം പതിയെപ്പതിയെ കുറയുകയാണെന്ന് ആവറുട്ടിയുടെ സാക്ഷ്യം.
ഒന്നര വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോവും. ആറുമാസം നില്ക്കും. അപ്പോള്‍, ഇവിടെ പത്രം വിതരണം ചെയ്യാന്‍ പകരം ആളെ നിര്‍ത്തണം. വിസ, വാഹനം, മറ്റു ചെലവുകള്‍ എല്ലാം തനിയെ ചെലവഴിക്കണം. കൂടുതല്‍ പത്രം വിറ്റാല്‍ കൂടുതല്‍ വരുമാനം. അതാണ് ഈ ജോലിയുടെ പ്രത്യേകത. ജീവിതത്തില്‍ ഏറെ സന്തോഷങ്ങളും നേട്ടങ്ങളും സമ്മാനിച്ച ജോലിയും പ്രവാസവും സങ്കടങ്ങളുടേതുകൂടിയാണ്. 2003ല്‍ രണ്ടര വയസ്സില്‍ മകന് ഫവാസ് വെള്ളത്തില്‍ വീണ് മരിച്ചത് നെഞ്ചിലെ നെരിപ്പോടാണ്. അന്ന് വിമാനങ്ങള്‍ കുറവാണ്. അത്യാവശ്യത്തിന് ഓടിയെത്താന്‍ ആവില്ല. രാവിലെ മകന് മരിച്ചു, വൈകീട്ടോടെ ഖബറടക്കി. കാണാന്‍, അടുത്തെത്താന്‍ സാധിച്ചില്ല. പ്രവാസ ജീവിതത്തിലെ ചില നിസ്സഹായതകളില്‍ ഒന്ന്.
നാട്ടില്‍ കുറച്ചു സ്ഥലമുണ്ട്. കൃഷി നടത്തണം. വരുംവര്‍ഷം ഹജ്ജിന് പോവണം. പതിയെ എന്തെങ്കിലും ബിസിനസിലേക്ക് തിരിയണം. 19ാം വയസ്സില്‍ തുടങ്ങിയ പ്രവാസമാണ്. ഇപ്പോള്‍ 59 വയസ്സ്. അങ്ങനെയങ്ങനെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് യാത്ര തുടരുകയാണ് മലപ്പുറം പുലിക്കോട് കൊളക്കാടന്‍ വീട്ടില്‍ ആവറുട്ടി. കെ. സാജിദയാണ് ഭാര്യ. മറ്റു മക്കള്‍: ഫൗസിയ, മുഹമ്മദ് ഫായിസ്, ഫഹദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

