ഖബറാളികളോട് സലാം പറഞ്ഞു; മൂസക്ക ഇന്ന് നാടണയും
text_fieldsമസ്കത്ത് കെ.എം.സി.സിയുടെ ഔദ്യോഗിക ആദരം ഹാരിസ് ബീരാൻ എം.പി മൂസക്കക്ക് കൈമാറുന്നു
മസ്കത്ത്: ഒമാനിലെ പ്രധാന ഖബർസ്ഥാനായ ആമീറാത്ത് ഖബർസ്ഥാനിൽ 29 കൊല്ലമായി ജോലിചെയ്തിരുന്ന ഏക മലയാളി മലപ്പൂറം തിരൂർ കൂട്ടായി സ്വദേശി മുസക്ക ശനിയാഴ്ച നാടണയും. കഴിഞ്ഞ 29 വർഷത്തിനുള്ളിൽ 11000 മയ്യിത്തുകൾ ആമിറാത്തിൽ മറവ് ചെയ്തിരുന്നു. ഇതിൽ 5000ത്തിൽ അധികം ഖബറുകൾ ഇദ്ദേഹം കുഴിച്ചതാണ്.
മൂന്നു പതിറ്റാണ്ട് മുമ്പ് മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് ഒമാനിൽ എത്തിയത്. ആദ്യത്തെ ഒരുവർഷം ശുചീകരണ തൊഴിലാളിയായിരുന്നു. പിന്നീട് ഖബർസ്ഥാനിലേക്ക് ആളെ വേണമെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് പോവുകയായിരുന്നു. പിന്നീടുള്ള കാലം ഇവിടെയായിരുന്നു തന്റെ ജീവിതമെന്നും മനസ്സിന് സംതൃപ്തി നൽകുന്നതായിരുന്നു ജോലിയെന്നും അദ്ദേഹം പറഞ്ഞു. ജോലി വിട്ട് പോവാൻ പ്രയാസമുണ്ടെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാണ് നാട്ടിലേക്ക് തിരിക്കുന്നതെന്ന് മൂസക്ക പറഞ്ഞു.
ഖബർസ്ഥാനിലെ ആദ്യകാലത്തെ ജോലി അത്ര സുഖകരമായിരുന്നില്ല. അക്കാലത്ത് മണ്ണ് പാറപോലെ ഉറച്ചതായിരുന്നതിനാൽ കംപ്രഷർ ഉപയോഗിച്ചാണ് ഖബർ കുഴിച്ചിരുന്നത്. ജോലിക്കാരും കുറവായിരുന്നു. അതിനാൽ എല്ലാ ദിവസവും ജോലി ചെയ്യണമായിരുന്നു. എന്നാൽ പിന്നീട് കൂടുതൽ ആളുകൾ ജോലിക്കെത്തിയതോടെ ജോലി ഭാരം കുറയുകയും അവധികൾ കിട്ടിത്തുടങ്ങുകയും ചെയ്തു.
ആദ്യകാലങ്ങളിൽ മാസത്തിൽ ശരാശരി 30 മയ്യിത്തുകൾ മറമാടിയിരുന്നു. നിലവിലിത് 60 മയ്യിത്തുത്തുകളായി ഉയർന്നിട്ടുണ്ട്. ഒരു സമയം ആമീറാത്തിൽ 50 ഖബറുകൾ എങ്കിലും തയാറുണ്ടാവും. ഒരു ഖബർ കുഴിക്കാൻ മുന്നു ദിവസമാണ് എടുക്കുക. ആദ്യ ദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ഒന്നാം ഖബർ ഉണ്ടാക്കുകയും നനച്ചിടുകയും ചെയ്യും. രണ്ടാം ദിവസം പകുതി ഖബർ കുഴിക്കും.
മൂന്നാം ദിവസമാണ് ഖബർ പൂർത്തിയാക്കുന്നതെന്ന് മൂസക്ക പറഞ്ഞു. കോവിഡ് കാലത്തായിരുന്നു ഏറ്റവും പ്രയാസം നേരിട്ടതെന്ന് മൂസക്ക സാക്ഷ്യപ്പെടുത്തുന്നു.കോവിഡ് സമയത്ത് ചില ദിവസങ്ങളിൽ 15 മയ്യിത്തുകൾ എങ്കിലും ഖബറടക്കിയിരുന്നു. ഈ സമയത്ത് തീരെ വിശ്രമവും ഉണ്ടായിരുന്നില്ല. കാലിലെ ശക്തമായ വേദനയെ തുടർന്നാണ് നാട്ടിലേക്ക് തിരിക്കുന്നത്.
ഇത് മാറണമെങ്കിൽ ജോലി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. കംപ്രഷർ അടിക്കുമ്പോൾ ഒരു കാലിൽ ശക്തി കൊടുക്കുന്നതും നിരവധി പ്രാവശ്യം ഖബറിൽ ഇറങ്ങുകയും കയറുകയും ചെയ്യേണ്ടി വരുന്നതുമാണ് വേദനക്ക് പ്രധാന കാരണം. നാട്ടിലെത്തി കുറച്ച് കാലം കുടുംബത്തേടൊപ്പം കഴിഞ്ഞതിന് ശേഷം ഉപജീവനത്തിനായി മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മൂസക്ക പറഞ്ഞു.
ഭാര്യ: സാജിദ, മക്കൾ: ഫാത്തിമത്ത് ഷിഫാന, ബദ്രിയ്യ, ഹാജറ അസ്രി. മസ്കത്ത് കെ.എം.സി.സി അടക്കം വിവിധ പ്രവാസി കൂട്ടായ്മകൾ മൂസക്കാക്ക് അനുമോദനവും യത്രയയപ്പും നൽകി. ഒമാൻ എയറിൽ ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.