പ്രവാസ ചിത്രം വരച്ചുപൂർത്തിയാക്കി കുഞ്ഞാക്ക മടങ്ങുന്നു
text_fields1)കുഞ്ഞിമുഹമ്മദ് വില്ലൻ എന്ന കുഞ്ഞാക്ക, 2) കുഞ്ഞാക്ക വരച്ച ചിത്രം
റിയാദ്: ലോകത്തിന്റെ ഞരമ്പ് പാഞ്ഞ നഗരമെന്ന് ചരിത്രം രേഖപ്പെടുത്തിയ ബത്ഹയിലാണ് മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി കുഞ്ഞിമുഹമ്മദ് വില്ലൻ എന്ന ചിത്രകാരൻ കുഞ്ഞാക്ക 23 വർഷം മുമ്പ് സൗദി പ്രവാസം വരച്ചുതുടങ്ങിയത്. ആദ്യ പ്രവാസം യു.എ.ഇയിലെ റാസൽ ഖൈമയിലായിരുന്നു. 1988 മുതൽ 98 വരെ 10 വർഷത്തെ യു.എ.ഇ പ്രവാസത്തിൽ ചിത്രരചനയോടൊപ്പം മറ്റു തൊഴിലെടുത്തും പ്രവാസം സജീവമാക്കി.
അവിടെനിന്ന് മടങ്ങി നാട്ടിൽ പരസ്യചിത്രകലാരംഗത്ത് പ്രവർത്തിക്കുന്നതിനിടെയാണ് സൗദി അറേബ്യയിലെത്തുന്നത്. ബത്ഹയിലെ ശിഫ അൽ ജസീറ പോളിക്ലിനിക്കിൽ അഡ്മിനിസ്ട്രേഷൻ ജീവനക്കാരനായിട്ടായിരുന്നു റിയാദിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. ആരോഗ്യമേഖലയും ഒരു ആർട്ടാണെന്ന തിരിച്ചറിവാണ് അവിടെനിന്ന് ലഭിച്ചത്. വേദന പേറിവരുന്നവർക്ക് സാധ്യമാകുന്ന സഹായങ്ങളെല്ലാം ചെയ്ത് നല്ല ആശ്വാസവാക്ക് പറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്നപുഞ്ചിരിക്ക് താൻ കാൻവാസിൽ വരച്ചെടുക്കുന്ന പൂക്കേളേക്കാൾ ഭംഗിയുണ്ടെന്ന് അദ്ദേഹം കണ്ടറിഞ്ഞു.
പ്രവാസി വ്യവസായി കെ.ടി. റബീഉള്ളയുടെ മാതൃസഹോദരി പുത്രനായ കുഞ്ഞാക്ക ആതുരസേവന മേഖലയിലേക്ക് എത്തുന്നത് അദ്ദേഹം തുറന്നുനൽകിയ വഴിയിലൂടെയാണ്. ബംഗ്ലാദേശിയും പാകിസ്താനിയും ഈജിപ്ഷ്യനും സുഡാനിയുമെന്നോ ദേശാതിർത്തികളില്ലാത്ത സൗഹൃദവലയം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയുമായാണ് മടങ്ങുന്നത്. സഹപ്രവർത്തകരും രോഗികളായെത്തുന്നവരും വ്യത്യസ്ത ദേശക്കാരാണ്. അവരുടെ സംസ്കാരവും ജീവിത സാഹചര്യവുമെല്ലാം പ്രവാസ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ച ഗൃഹോപകരണങ്ങളും വരച്ച ചിത്രങ്ങളും ബന്ധുക്കൾക്കുള്ള സമ്മാനങ്ങളും എല്ലാം പെട്ടിയിലാക്കി നാട്ടിലേക്ക് അയക്കുന്നതോടൊപ്പം മൂല്യമേറിയതും ജീവിതത്തോടൊപ്പം ചേർക്കുന്നതും പ്രവാസം ബാക്കിയാക്കിയ സമ്മിശ്ര സംസ്കാരങ്ങളാണെന്ന് കുഞ്ഞാക്ക പറയുന്നു.
കുഞ്ഞാക്ക വരച്ച ചിത്രം
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തകനാണ്. ചിത്രകലാസപര്യയിൽ ഭാര്യ നൂർജഹാൻ പൂർണപിന്തുണയാണ് നൽകുന്നത്. വരക്കുന്നതെല്ലാം നിധിപോലെ കാത്തുസൂക്ഷിക്കുന്നത് അവരാണ്. മക്കളായ അമാൻ, മുന, മരുമകൻ മുഹമ്മദ് നിസാം എന്നിവർ സൗദിയിൽ പ്രവാസം തുടരുന്നുണ്ട്.
നാട്ടിൽ പരസ്യചിത്രകലാരംഗത്ത് പ്രവർത്തിക്കുമ്പോൾ ഏറ്റവും കൂടുതൽ ജോലി ചെയ്തത് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘പാണ്ടി ടെക്സ്റ്റോറിയ’ത്തിനായിരുന്നു. അതാണ് പരസ്യകല സപര്യയിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവം. ബാല്യകാലത്തെ അതിരുകളില്ലാത്ത ഭാവനക്ക് നിറം കൊടുക്കാനാണ് കളർ പെൻസിൽ ആദ്യമായി കൈയ്യിലെടുത്തത്.
1976 ലാണ് ചിത്രരചന തൊഴിലായി സ്വീകരിക്കുന്നത്. തിരുർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പരസ്യ കമ്പനിയിൽ ബോർഡെഴുത്ത് ആർട്ടിസ്റ്റായാണ് തുടക്കം. ആദ്യ ശമ്പളം അഞ്ചു രൂപയായിരുന്നു. വരുമാനത്തിനപ്പുറം വരക്കാനൊരു ചുമരുണ്ടായതിന്റെ ആവേശമായിരുന്നു അന്ന്.
കുഞ്ഞാലി കുട്ടി മലപ്പുറം കുന്നുമ്മൽ നടത്തിയിരുന്ന ‘പാണ്ടി ടെസ്റ്റോറിയം’ എന്ന സ്ഥാപനത്തിന്റെ മുഴുവൻ പരസ്യകരാറുകളും കുഞ്ഞാക്ക ജോലി ചെയ്യുന്ന സ്ഥാപനത്തിനായിരുന്നു. അനൗൺസ്മെന്റ് വാഹനത്തിന് പുറത്ത് കെട്ടാനുള്ള ബോർഡുകൾ, നഗരങ്ങളിൽ തൂക്കാനുള്ള പരസ്യ ബോർഡുകളുമെല്ലാം കുഞ്ഞാക്ക എഴുതിയുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

