70.3 ട്രയാത്ലൺ; അയൺമാനായി മുൻ സൈനികൻ
text_fieldsഷിജു മുഹമ്മദ് ഷംസുദ്ദീൻ മത്സരത്തിനിടെ
ഗാന്ധിനഗർ (കോട്ടയം): ഗോവയിൽ നടന്ന 70.3 ട്രയാത്ലൺ മത്സരത്തിൽ അയൺമാനായി മുൻ സൈനികൻ ഷിജു മുഹമ്മദ് ഷംസുദ്ദീൻ. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ അടങ്ങിയ (ആകെ 70.3 മൈൽ) ട്രയാത്ലണിൽ ഏഴ് മണിക്കൂർ 43 മിനിറ്റിൽ മത്സരം പൂർത്തിയാക്കി. എട്ടു മണിക്കൂർ 30 മിനിറ്റിൽ നീന്തലും സൈക്ലിങ്ങും ഓട്ടവും പൂർത്തിയാക്കുന്നവരെയാണ് അയൺമാനായി വിശേഷിപ്പിക്കുന്നത്.
70 ലധികം തവണ 14,000 അടി ഉയരത്തിൽനിന്ന് സ്കൈ ഡൈവ് ചെയ്തിട്ടുണ്ട്, സ്കൈഡൈവിങ് ബി ലൈസൻസ് ഉടമയായ ഷിജു മുഹമ്മദ്. ഇന്ത്യൻ എയർ ഫോഴ്സിലെ മുൻ സൈനികനായ ഇദ്ദേഹം നിലവിൽ റിസർവ് ബാങ്കിൽ ജോലിചെയ്യുകയാണ്. എയർ ഫോഴ്സിലെ വർഷങ്ങളായുള്ള ശിക്ഷണവും സ്കൈ ഡൈവിങ്ങിലൂടെ ലഭിച്ച മാനസികശക്തിയുമാണ് അയൺമാൻ നേട്ടത്തിലെത്താൻ സഹായിച്ചതെന്ന് ഷിജു പറഞ്ഞു.
‘70.3 വ്യത്യസ്ത പരീക്ഷണമായിരുന്നു. പ്രധാനമായും കടലിലെ നീന്തൽ. അതിനു സഹായിച്ചത് ഗോവ ഓപൺ വാട്ടർ സ്വിമ്മിങ് ക്ലബ്ബിലെ പരിശീലനമാണ്. മാസങ്ങളുടെ കൃത്യമായ പരിശീലനം, ക്ഷമ, ആഹാരത്തിലുള്ള ശ്രദ്ധ എന്നിവയെല്ലാം അയൺമാനിലേക്കുള്ള യാത്രയിൽ ഗുണംചെയ്തു.
ഗോവയിലെ ഉയർന്ന ഈർപ്പനിലയും കയറ്റിറക്കങ്ങൾ നിറഞ്ഞ സൈക്കിൾ റൺ റൂട്ടുകളും കായിക താരങ്ങൾക്ക് വെല്ലുവിളിയാണ്. എന്നാൽ, ആകാശത്തായാലും ഭൂമിയിലായാലും കടലിലായാലും നമ്മുടെ പരിമിതികൾ നമ്മൾ തന്നെയാണ് സൃഷ്ടിക്കുന്നത്. സ്ഥിരതയുള്ള പരിശ്രമം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും’ -ഷിജു പറയുന്നു. തിരുവനന്തപുരം സ്വദേശികളായ ഷംസുദ്ദീൻ-ആബിദ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

