ഉടഞ്ഞുതീരുന്ന കുംഭാര ജീവിതങ്ങൾ; കാരത്തൂർ മേഖലയിലെ പലരും കുലത്തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു
text_fieldsതിരുനാവായ: ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ’ എന്നൊരു ചൊല്ലുണ്ട്. ഇതാണ് കുംഭാരന്മാരുടെ ഇന്നത്തെ അവസ്ഥ. ചരിത്രാതീത കാലങ്ങൾക്ക് മുമ്പുതന്നെ നമ്മുടെ നാട്ടിൽ സ്വന്തമായി കുലത്തൊഴിൽ തുടങ്ങി ഇന്നും തുടരുന്ന ഈ വിഭാഗം പല പ്രയാസങ്ങളും കാരണം തൊഴിൽ അവസാനിപ്പിക്കുന്നതിന്റെ ആലോചനയിലാണ്.
പ്രധാനമായും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് ഇവരെ കൂടുതൽ പ്രയാസപ്പെടുത്തുന്നത്. പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം പാത്രങ്ങളുടെ വരവോടെ മൺപാത്ര ഉപയോഗവും വിപണിയും ഗണ്യമായി കുറഞ്ഞു. പാത്രങ്ങൾ നിർമിക്കാനാവശ്യമായ നല്ലയിനം കളിമണ്ണ് ലഭിക്കാനുള്ള ബുദ്ധിമുട്ടും ഇവരെ പ്രതിസന്ധിയിലാക്കുന്നു. ആദ്യകാലങ്ങളിൽ ഇവർ കൊടക്കൽ ഓട്ടുകമ്പനിയിലേക്ക് മണ്ണെടുത്തിരുന്ന കുഴികളിൽനിന്ന് കളിമണ്ണ് ശേഖരിക്കാറായിരുന്നു പതിവ്. കമ്പനികൾ പൊളിച്ചതോടെ ഇത് പൂർണമായും കിട്ടാതെയായി. മാത്രമല്ല, ഇത്തരം പാടങ്ങളിൽ ആരെങ്കിലും വീട്ടാവശ്യത്തിനോ മറ്റോ കിണർ കുഴിക്കുമ്പോൾ ഒഴിവാക്കുന്ന മണ്ണ് വാഹനങ്ങളിൽ കയറ്റിവരുന്നത് അധികാരികളുടെ കണ്ണിൽപെട്ടാൽ വൻതുക പിഴയടക്കേണ്ടിയും വരുന്നു.
വരുമാനം കുറഞ്ഞതും കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ലാഭം ലഭിക്കാത്തതും കാരണം പുതിയ തലമുറ മറ്റു മേഖലകളിലേക്ക് മാറുന്നു. തിരുനാവായ പഞ്ചായത്തിൽ കാരത്തൂർ ലക്ഷംവീട് ഭാഗത്ത് ആദ്യകാലങ്ങളിൽ എട്ടു വീട്ടുകാർ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു.
ഇന്നിപ്പോൾ രാജൻ ആലുങ്ങൽ, കൃഷ്ണൻ നെല്ലുവായ്, ചിന്നകുട്ടൻ മങ്ങാട് എന്നീ മൂന്നു വീട്ടുകാർ മാത്രമാണ് തൊഴിൽ ചെയ്യുന്നത്. മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി നല്ല ഒന്നാന്തരം മണ്ണാണ് ഇവിടെ പാത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഇവിടത്തെ മൺപാത്രങ്ങൾ കൊട്ടിനോക്കിയാൽ ചെമ്പിന്റേത് എന്ന് തോന്നിക്കുന്ന പ്രത്യേക ശബ്ദം കേൾക്കാൻ സാധിക്കും.
ലിപിയില്ലാത്ത കുമ്മറ ഭാഷയിലാണ് സംസാരം. ഈ ഭാഷയുടെ സംരക്ഷണത്തിനും വിഭാഗത്തിന്റെ നിലനിൽപിനും അധികാരികളും ബന്ധപ്പെട്ടവരും അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

