പതിറ്റാണ്ടുകളുടെ ബന്ധം മുറിഞ്ഞ വേദനയിൽ ഇ.കെ. കുട്ടി
text_fieldsമകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാനെത്തിയ കസ്തൂരിരംഗനൊപ്പം ഇ.കെ. കുട്ടി
കോഴിക്കോട്: പതിറ്റാണ്ടുകളുടെ ബന്ധം മുറിഞ്ഞ വേദനയിൽ ഇ.കെ. കുട്ടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പ്രോജക്ട് മാനേജ്മെന്റിലും മാനവവിഭവശേഷി മാനേജ്മെന്റിലും കസ്തൂരിരംഗന്റെ വലംകൈയായി പ്രവർത്തിച്ച ഐ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ കോഴിക്കോട് പുതിയങ്ങാടി പാലക്കടയിൽ ഇ.കെ. കുട്ടിക്ക് നഷ്ടമായത് ഗുരുവിനെയും അടുത്ത സുഹൃത്തിനെയും. രണ്ടര പതിറ്റാണ്ടോളം ഒരുമിച്ച് പ്രവർത്തിച്ച് വിരമിച്ചശേഷവും ഇരുവരും ആ ബന്ധം മരണംവരെയും തുടർന്നു.
അനാരോഗ്യം മൂലം ബംഗളൂരുവിലെ വീട്ടിൽ കിടപ്പിലായ വിവരം അറിഞ്ഞ് ആറുമാസം മുമ്പ് സന്ദർശനം നടത്തിയ വേളയാണ് ഇരുവരും തമ്മിൽ അവസാനമായി കണ്ടത്. പശ്ചിമഘട്ട പരിസ്ഥിതിപഠനത്തിന് കൽപറ്റയിൽ വരുന്ന വിവരം കസ്തൂരിരംഗൻ അറിയിച്ചതിനെത്തുടർന്ന് ഇ.കെ. കുട്ടിയും അവിടെ എത്തി. ഒരു ദിവസം ഒന്നിച്ചുണ്ടായിരുന്നു ഇരുവരും. ബംഗളൂരുവിലെ വീട്ടിലും ഓഫിസിലും ഇടക്കിടെ ഇരുവരും സന്ധിച്ചു. ബഹിരാകാശ മേഖലയിലെ സംഭാവനക്കുപുറമെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ തലച്ചോറുകൂടിയായിരുന്നു കസ്തൂരിരംഗനെന്ന് കുട്ടി പറയുന്നു. ഐ.എസ്.ആർ.ഒയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾതന്നെ അദ്ദേഹവുമായി ഔദ്യോഗികമായി ഇടപഴകാനും കുട്ടിക്ക് സാധിച്ചു.
ഇന്ത്യയുടെ രണ്ടാമത്തെ സാറ്റലൈറ്റായ ഭാസ്കരയുടെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന സമയത്താണ് പ്രോജക്ടുമായി ബന്ധപ്പെട്ട് ഇ.കെ. കുട്ടി കസ്തൂരിരംഗനെ കാണുന്നത്. പദ്ധതിക്കു വേണ്ട മാനവവിഭവശേഷിയുടെ ഉത്തരവാദിത്തമായിരുന്നു അന്ന് ഇ.കെ. കുട്ടിക്ക്. ഐ.എസ്.ആർ.ഒ. ഡയറക്ടറായ ശേഷവും ചെയർമാനായ ശേഷവും ഇരുവരുടെയും ബന്ധത്തിന്റെ ആഴം വർധിച്ചു. കസ്തൂരിരംഗന്റെ അനുവാദത്തോടെ ഔദ്യാഗിക നിർവഹണം നടത്തേണ്ട ഉദ്യോഗസ്ഥനായി ഇ.കെ. കുട്ടി മാറിയതോടെ ബന്ധം കുടുംബത്തോളമെത്തി.
24 മണിക്കൂറിൽ 20 മണിക്കൂർ പ്രവർത്തിക്കാൻ ഒരു പ്രയാസവുമില്ലാതിരുന്ന ശാസ്ത്രജ്ഞനായിരുന്നു തന്റെ മേലുദ്യോഗസ്ഥനെന്നതിൽ ഏറെ അഭിമാനമായിരുന്നു കുട്ടിക്ക്. ഡോ. എ.പി.ജെ. അബ്ദുൽ കലാം, രാജാറാമണ്ണ, കസ്തൂരിരംഗൻ കൂട്ടുകെട്ടിൽ ഒരംഗമായതിന്റെ ചാരിതാർഥ്യത്തിലാണ് ഇ.കെ. കുട്ടി ഇന്നും. കസ്തൂരിരംഗന്റെ ശിഷ്യഗണത്തിൽ അംഗമായതിന്റെ സന്തോഷത്തോടൊപ്പം ഗുരുവിനെ നഷ്ടമായതിന്റെ കടുത്ത വേദനയിലുമാണ് ഇ.കെ. കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

