എട്ടുവർഷത്തെ യാത്ര; അനുഭവങ്ങളുടെ സുവർണകാലം
text_fieldsഫഹദ് പുത്തൻ പീടികയിൽ
ഖത്തർ ലോകകപ്പ് സംഘാടനത്തിനുള്ള ബിഡ് സമർപ്പിച്ചത് മുതൽ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിച്ചു ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന ഈ ദിവസം വരെ കപ്പിനൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു. 2010 ഡിസംബർ രണ്ടിനു സൂഖ് വാഖിഫിലെ ബിഗ് സ്ക്രീനിനു മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്നതും അന്നത്തെ ഫിഫ പ്രസിഡൻറ് സ്റ്റെപ് ബ്ലാറ്റർ കൈയിലെ കവർതുറന്നു ഖത്തർ എന്ന് പ്രഖ്യാപിച്ചതും, ആവേശം അലതല്ലിയ സൂഖ് വാഖിഫിലെ അന്നത്തെ ആഘോഷത്തിൽ പങ്കെടുത്തതും ഇന്നലെയെന്ന പോലെ ഓർക്കുന്നു.
2014 മുതലാണ് ഖത്തർ ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. കതാറയിൽ ഒരുക്കിയ ബ്രസീൽ 2014 ഫാൻ സോണിൽ വളന്റിയർ ആയാണ് ആദ്യനിയമനം. പിന്നീട് സുപ്രീം കമ്മിറ്റി വളന്റിയർ ടീം ലീഡറായി തിരഞ്ഞെടുക്കപ്പെടുകയും ഖത്തർ വളന്റിയർ സെൻറർ, ജസൂർ ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ യൂനിവേഴ്സിറ്റി, ഖത്തർ ഡിബേറ്റ്, ഖത്തർ റെഡ് ക്രസൻറ് എന്നിവിടങ്ങളിലായി നിരന്തര പരിശീലനം ലഭിക്കുകയും ചെയ്തു.
2019ൽ നടന്ന അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നീ ടൂർണമെൻറുകളുടെ വളൻറിയർ മാനേജ്മെൻറ് ടീമിൽ അവസരം ലഭിക്കുകയും 5000ത്തോളം വളന്റിയർമാരുടെ റിക്രൂട്ട്മെൻറ്, ട്രെയിനിങ്ങിന്റെയും ഭാഗമാകാൻ സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾക്കും ഫിഫ ഒഫീഷ്യൽസിനുമൊപ്പം ഉദ്ഘാടനത്തിന് മുമ്പുതന്നെ ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാനും കഴിഞ്ഞു.
2020ൽ ഫിഫ പയനിയർ വളന്റിയറായി തിരഞ്ഞെടുക്കപ്പെടുകയും ഫിഫ ക്ലബ് വേൾഡ് കപ്പ് 2020, ഫിഫ അറബ് കപ്പ് 2021, ഫിഫ ലോക കപ്പ് 2022 ടൂർണമെൻറുകളുടെ വളൻറിയർ റിക്രൂട്ട്മെൻറ്, ട്രെയിനിങ് ടീമിന്റെ ഭാഗമാവുകയും ലോകകപ്പിന്റെ തയാറെടുപ്പുകളിൽ കൂടുതൽ അടുത്തു പ്രവർത്തിക്കാനും സാധിച്ചു. അതിനുശേഷം കഴിഞ്ഞകാല വളന്റിയർ സേവനങ്ങൾക്കുള്ള അംഗീകാരമെന്നോണം ഫിഫ ലോകകപ്പ് ഖത്തർ 2022 എസ്.പി.എസ് വെന്യൂ കോഓഡിനേറ്ററായി ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നിയമനം.
ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമാവാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുകയാണ്. കഴിഞ്ഞ എട്ടു വർഷം ഒരുപാട് നേട്ടങ്ങളാണ് ഖത്തർ ലോകകപ്പ് സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരോടും വളന്റിയർമാരോടും ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലൂടെ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു. കൂടെ, ഒരുപാട് സുഹൃത്തുക്കളെയും.