952 ‘കുഞ്ഞുകിനാക്കൾ’ സഫലമാക്കി ദുബൈ പൊലീസ്
text_fields‘കുട്ടികളുടെ ആഗ്രഹം സഫലമാക്കാം’ പദ്ധതിയിൽ പങ്കെടുത്ത കുട്ടികൾ പൊലീസ് വേഷത്തിൽ
ദുബൈ: കുട്ടികൾക്ക് പൊലീസ് എന്നും എല്ലാ നാട്ടിലും വലിയ കൗതുകമാണ്. വലുതാകുമ്പോൾ പൊലീസാകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികൾ അതിനാൽതന്നെ ഏറെയാണ്. ഒരിക്കലെങ്കിലും പൊലീസിന്റെ ഒറ്റവർണ യൂനിഫോമും തൊപ്പിയും ധരിക്കാൻ ഏത് കുഞ്ഞുമനസ്സും കൊതിക്കും. ദുബൈ പൊലീസ് ഇത് തിരിച്ചറിഞ്ഞാണ് മൂന്നു വർഷം മുമ്പ് ‘കുട്ടികളുടെ ആഗ്രഹം സഫലമാക്കാം’ എന്ന തലക്കെട്ടിൽ പദ്ധതി ആരംഭിച്ചത്.
സാമൂഹിക ബോധവത്കരണത്തിന് പല പദ്ധതികൾ നടപ്പിലാക്കുന്ന പൊലീസിലെ വകുപ്പാണ് പദ്ധതി രൂപപ്പെടുത്തിയത്. കുറഞ്ഞകാലത്തിനിടയിൽ പദ്ധതിവഴി 952 കുട്ടികളുടെ ആഗ്രഹം പൂർത്തീകരിച്ചതായി കഴിഞ്ഞദിവസം അധികൃതർ അറിയിച്ചു.ഒരുദിവസം മുഴുവൻ പൊലീസ് ഓഫിസറായി ഒരുങ്ങിനടക്കാനും ഉദ്യോഗസ്ഥർക്കൊപ്പം ചെലവഴിക്കാനുമുള്ള അവസരമാണ് പദ്ധതിയിലൂടെ അധികൃതർ ഒരുക്കുന്നത്.
കുട്ടികൾക്ക് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം പകരുന്നതിനൊപ്പം പൊലീസിനെ കുറിച്ച ഭയവും തെറ്റിദ്ധാരണയും ഇല്ലാതാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊലീസ് യൂനിഫോം, സമ്മാനങ്ങൾ, സ്മാർട്ട് പൊലീസ് സ്റ്റേഷൻ സന്ദർശനം, പൊലീസ് മാസ് കോടുകളായ മൻസൂറിന്റെയും അംനയുടെയും പ്രത്യേക ഷോ എന്നിവയെല്ലാം കുട്ടികൾക്ക് ഈ ദിവസം ആസ്വദിക്കാനാവും. പദ്ധതി ആരംഭിച്ച 2020ൽ 143 കുട്ടികളാണ് പൊലീസ് വേഷം ധരിച്ച് ആഗ്രഹം സഫലീകരിച്ചത്.
2021ൽ 481 പേരും 2022ൽ 328 പേരും പദ്ധതിയുടെ ഭാഗമായി. സമൂഹത്തിൽനിന്ന് വലിയ പിന്തുണ ലഭിച്ച പദ്ധതി വിവിധ പങ്കാളികളുടെ സഹായത്തോടെ വളരുകയാണെന്ന് അധികൃതർ പറഞ്ഞു. സമൂഹത്തിലെ കുട്ടികളുടെ സന്തോഷം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയിൽ അഭിമാനമുണ്ടെന്ന് പൊലീസ് സുരക്ഷാ ബോധവത്കരണ വിഭാഗം ഡയറക്ടർ ബൂതി അഹ്മദ് ബിൻ ദർവീശ് അൽ ഫലാസിത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

