നഷ്ടപ്പെട്ട വാച്ച് മുങ്ങിയെടുത്ത് നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: പാം ജുമൈറക്ക് സമീപം യാട്ട് യാത്രക്കിടയിൽ നഷ്ടമായ ബ്രിട്ടീഷ് പൗരന്റെ വിലപിടിപ്പുള്ള വാച്ച് അരമണിക്കൂറിനകം കണ്ടെത്തി നൽകി ദുബൈ പൊലീസ്. 2.5ലക്ഷം ദിർഹം വിലയുള്ള റോളക്സ് വാച്ചാണ് ഉല്ലാസ യാത്രക്കിടയിൽ നീന്തുന്നതിനിടെ നഷ്ടമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദുബൈ പൊലീസിലെ സമുദ്രരക്ഷാ പ്രവർത്തകവിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരാണ് കടലിൽ തിരച്ചിൽ നടത്തി ഇത് കണ്ടെടുത്തത്.
കടലിൽ 11മീറ്ററിലേറെ താഴ്ചയിൽ വെച്ചാണ് വാച്ച് കണ്ടെത്തിയത്. തിരച്ചിൽ വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്നും ആഴക്കടലിലെ ഇരുട്ടും ഒഴുക്കും പ്രതിബന്ധങ്ങൾ തീർത്തതായും രക്ഷാപ്രവർത്തകർ പറഞ്ഞു.
യാത്രയിൽ വിനോദസഞ്ചാരികൾക്കൊപ്പം കൂടെയുണ്ടായിരുന്ന ഹാമിദ് അൽ അമീരി എന്നയാളാണ് സമൂഹ മാധ്യമങ്ങൾ വഴി സംഭവം പുറലോകത്തെ അറിയിച്ചത്. വാച്ച് തിരിച്ചു കിട്ടിയതിലും പൊലീസിന്റെ ഇടപെടലുകളിലും സഞ്ചാരികൾ വലിയ മതിപ്പു പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
പൊലീസിൽ സംഭവം വിവരമറിയിച്ചപ്പോൾ പത്തുമിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് പൊലീസ് എത്തിച്ചേർന്നതായും ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലാണ് വിലപിടിപ്പുള്ള വാച്ച് തിരിച്ചുകിട്ടാൻ സഹായിച്ചതെന്നും സഞ്ചാരികൾ പറഞ്ഞു. സമുദ്രമേഖലയിൽ ഏറ്റവും മികച്ച രക്ഷാപ്രവർത്തന സംവിധാനമാണ് സ്വീകരിച്ചുവരുന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ജനങ്ങളുടെ ആഹ്ലാദമാണ് പൊലീസ് സേന ലക്ഷ്യമിടുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.