Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡബിൾ സ്ട്രാങ്...

ഡബിൾ സ്ട്രാങ് ശ്രീനിവാസൻ

text_fields
bookmark_border
ഡബിൾ സ്ട്രാങ് ശ്രീനിവാസൻ
cancel
camera_alt

കെ.സി. ശ്രീനിവാസൻ വർക്കൗട്ടിനിടെ                      ചിത്രങ്ങൾ: അഷ്‍കർ ഒരുമനയൂർ

തെലങ്കാനയിലെ ദേശീയ മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മെഡലുമായി നിൽക്കുമ്പോൾ എറണാകുളം കലൂർ സ്വദേശി ശ്രീനിവാസന് പറയാനുള്ളത് ഇതാണ്. ‘‘പ്രായമെന്ന ഒരു തോന്നലേ വേണ്ട, നമുക്ക് ഒരുപാട് ചെയ്യാനുണ്ട്’’ എന്ന്. ബോഡി ബിൽഡിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും താരമായി മാറിയ ഈ 72കാരൻ ഇതിനോടകം കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. മരുന്നുകളല്ല, മത്സരങ്ങളാണ് തന്‍റെ കൂട്ടുകാരെന്ന് അദ്ദേഹംജീവിതത്തിലൂടെ തെളിയിക്കുന്നു

‘ദയവായി ആരും വിരമിച്ചതിനുശേഷം സ്വയം ഒതുങ്ങിക്കൂടല്ലേ... നിങ്ങളെ വാർധക്യം പിടികൂടും’. തെലങ്കാനയിലെ ദേശീയ മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മെഡലുമായി നിൽക്കുമ്പോൾ എറണാകുളം കലൂർ സ്വദേശി കെ.സി. ശ്രീനിവാസന് പറയാനുള്ളത് ഇതാണ്. പ്രായമെന്ന ഒരു തോന്നലേ വേണ്ട, നമുക്ക് ഒരുപാട് ചെയ്യാനുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബോഡി ബിൽഡിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും താരമായി മാറിയ ഈ 72കാരൻ ഇതിനോടകം കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. മരുന്നുകളല്ല, മത്സരങ്ങളാണ് തന്‍റെ കൂട്ടുകാരെന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിക്കുന്നു. ഈ പ്രായത്തിലും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത് ബോഡി ബിൽഡിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ശ്രീനിവാസൻ. അതോടൊപ്പം പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് സംസ്ഥാന, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽകൊയ്ത്ത് നടത്തുകയുമാണ്. മാധ്യമ സ്ഥാപനത്തിലെ (മാതൃഭൂമി) പ്രിൻറിങ് വിഭാഗത്തിലും അറ്റൻഡർ തസ്തികയിലും ജോലി ചെയ്ത് വിരമിച്ച ശേഷമാണ് അദ്ദേഹം പവർലിഫ്റ്റിങ്ങിൽ സജീവമായത്.

19ാം വയസ്സിൽ ആരംഭിച്ച പ്രയത്നം

എറണാകുളം കലൂരിലെ കണിയാംപടി ചേന്നൻ- ലക്ഷ്മി ദമ്പതികളുടെ മകനായി വളരെ സാധാരണ കുടുംബത്തിലായിരുന്നു ശ്രീനിവാസൻ ജനിച്ചത്. അച്ഛനും അമ്മയും കലൂരിൽ കട നടത്തുകയായിരുന്നു. കുടുംബത്തിൽനിന്ന് തന്‍റെ ചെറുപ്പകാലത്ത് ആരും ബോഡി ബിൽഡിങ് മേഖലയിലേക്കൊന്നും കടന്നുവന്നിട്ടുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഭക്ഷണംപോലും കിട്ടാത്ത കാലഘട്ടമായിരുന്നു അന്ന്.

താൽപര്യമുണ്ടെങ്കിൽപോലും നന്നായി ഭക്ഷണം കഴിക്കാതെ ബോഡി ബിൽഡിങ്ങിലേക്ക് വന്നാൽ ബുദ്ധിമുട്ടാകുമെന്ന് അവരൊക്കെ മനസ്സിലാക്കിയിരുന്നു. ബോഡി ബിൽഡറാകണമെന്നുള്ള ആഗ്രഹത്തോടെ 1969ൽ തന്‍റെ 19ാമത്തെ വയസ്സ് മുതൽ പരിശീലനം തുടങ്ങി. കലൂരിലെ ആംസ്ട്രോങ് ജിമ്മിലാണ് തുടക്കം. ശേഷം നിരവധി ജിമ്മുകളിൽ പരിശീലനം തുടർന്നു. 1984ൽ എറണാകുളത്ത് ബോഡി ബിൽഡിങ് മത്സരത്തിൽ ഒന്നാമനായി. തുടർന്ന് സംസ്ഥാന, ദക്ഷിണേന്ത്യ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജോലിയിൽനിന്ന് വിരമിച്ച് 60 വയസ്സിന് ശേഷമാണ് ബോഡി ബിൽഡിങ് മേഖലയിൽ മാത്രം നിന്നാൽ പോരാ, വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കുകൂടെ കടക്കണമെന്ന ആഗ്രഹമുണ്ടായത്. ഇപ്പോൾ എറണാകുളം പുല്ലേപ്പടിയിലുള്ള സിറ്റി ജിമ്മിലാണ് വർക്കൗട്ട് ചെയ്യാറുള്ളത്. കലൂർ ആസാദ് റോഡ് ആശ്രമം ലെയിനിലാണ് ഇപ്പോൾ താമസിക്കുന്നത്.

നേട്ടങ്ങളുടെ ശ്രീ...

എണ്ണിയാൽ തീരാത്തത്രയും നേട്ടങ്ങളാണ് ഈ മത്സരങ്ങളിലൂടെയുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പവർലിഫ്റ്റിങ്ങിൽ 23 ഗോൾഡ് മെഡൽ, 15 വെള്ളിമെഡൽ, ഒമ്പത് വെങ്കല മെഡൽ എന്നിവ നേടിയിട്ടുണ്ട്. 11 വർഷത്തിനിടയിലാണ് ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്. അമരാവതിയിലായിരുന്നു ആദ്യമത്സരം. 60 വയസ്സിന് മുകളിലുള്ളവരുടേതായിരുന്നു അത്. അവിടെ മൂന്നാം സ്ഥാനം ലഭിച്ചു.

ഹിമാചലിൽ നടന്ന 60ന് മുകളിലുള്ളവരുടെ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ഗോവയിൽ 2022ൽ നടന്ന ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്ട്രോങ് മാനായി. 2023ൽ ഡബിൾ സ്ട്രോങ്മാനായി അദ്ദേഹം റെക്കോഡിട്ടു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഗുജറാത്തിൽ ഒന്നാമതെത്തിയിരുന്നു. 60 വയസ്സിന് ശേഷമാണ് പവർലിഫ്റ്റിങ്ങിലേക്ക് ഇറങ്ങിയത്.

ഒതുങ്ങിക്കൂടണ്ട, സജീവമായി ഇറങ്ങാം...

വിരമിച്ചതിനുശേഷം ഒതുങ്ങിക്കൂടുന്നവരോടാണ് തനിക്ക് സംസാരിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചടഞ്ഞുകൂടിയിരുന്ന് ആശുപത്രികളിൽ തിരക്ക് വർധിപ്പിക്കാതെ സജീവമായി രംഗത്തിറങ്ങണം. ഇത്രയും കാലം പണിയെടുത്തു, ഇനി ഒതുങ്ങിയിരിക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ, ഈ ഒതുങ്ങലാണ് വാർധക്യത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ മുഴുകണം. ദിവസവും വ്യായാമത്തിനായി സമയം മാറ്റിവെക്കണം. പതിവായി വാഹനമോടുന്ന പാതയാണെങ്കിലും കുറേനാൾ വെറുതെ കിടന്നാൽ പുല്ല് പിടിക്കുമെന്നതുപോലെത്തന്നെയാണ് നമ്മുടെ കാര്യവും.

ഭക്ഷണക്രമം ഇങ്ങനെ...

സാധാരണ പശ്ചാത്തലത്തിൽനിന്ന് വന്നതുകൊണ്ടായിരിക്കാം, മറ്റ് ബോഡി ബിൽഡേഴ്സും പവർലിഫ്റ്റേഴ്സുമൊക്കെ കഴിക്കുന്നതുപോലുള്ള ഭ‍ക്ഷണക്രമമൊന്നും തനിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. സാധാരണ ഭക്ഷണം മാത്രമാണ് താൽപര്യം. രാവിലെ ഒരു ഏത്തപ്പഴം കഴിക്കും. പത്തുമണിക്ക് പുട്ടും കടലയും അല്ലെങ്കിൽ നാല് ഇഡലിയും ചട്ണിയും അതുമല്ലെങ്കിൽ നാല് ചപ്പാത്തി എന്നിങ്ങനെയാണ് കഴിക്കുക.

ഉച്ചക്ക് കുറച്ച് ചോറ് കഴിക്കും. എന്തെങ്കിലും വെജിറ്റബിൾ കറിയും മീനും ഉണ്ടാകും. രാവിലെയും വൈകീട്ടും ഓരോ കട്ടൻചായ കുടിക്കും. രാത്രി അൽപം ചോറും കറിയും. ഇങ്ങനെയാണ് തന്‍റെ ഭക്ഷണക്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാവിലെ ആറുമണിക്കാണ് ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുക. പിന്നീട് വീട്ടിലെ കാര്യങ്ങളിൽ മുഴുകും. ഉച്ചക്ക് കുറച്ചുനേരം വിശ്രമിക്കും. ശേഷം നാലുമണി മുതൽ ഏഴുവരെ ജിമ്മിലായിരിക്കും. രാവിലെ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തനിക്ക് അപ്പോൾ സമയം കിട്ടാറില്ലാത്തതിനാൽ ഇപ്പോൾ അത് നടക്കുന്നില്ല. ഏത് പ്രവൃത്തിയും രാവിലെ ചെയ്താൽ പ്രത്യേക ഉന്മേഷമായിരിക്കും. വെറുതെ നടക്കുക മാത്രമല്ല വ്യായാമം, പുഷ്അപ് പോലുള്ള വ്യായാമവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യ എം.എം. ശോഭനയും മക്കളായ കെ.എസ്. അനിൽ, കെ.എസ്. നിമ എന്നിവരുമടങ്ങുന്ന കുടുംബം പിന്തുണയുമായി ഒപ്പമുണ്ട്.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SrinivasanDouble Strong
News Summary - Double Strong Srinivasan
Next Story