100ാം വയസ്സിൽ മരണം; റാഷിദ് അൽ സംഹരിയുടെ ജീവിതചര്യ ഇങ്ങനെ...
text_fieldsറാഷിദ് അഹമ്മദ് റാഷിദ് അല്‍ സംഹരി അല്‍ ശംലി
റാസല്‍ഖൈമ: കഴിഞ്ഞ ദിവസം 100ാം വയസ്സില്‍ നിര്യാതനായ റാസല്‍ഖൈമ സ്വദേശി റാഷിദ് അഹമ്മദ് റാഷിദ് അല്‍ സംഹരി അല്‍ ശംലിയുടെ ജിജ്ഞാസയുണര്‍ത്തുന്ന ജീവിതരീതികള്‍ പങ്കുവെച്ച് മകന് സഈദ് റാഷിദ് അല്‍ ശംലി. 1923ല്‍ ശമലിൽ ജനിച്ച സംഹരി വാദി ഹഖീഖിലായിരുന്നു താമസം.
ഒരുകാലത്ത് റാസല്‍ഖൈമയിലെ ശമലില്നിന്ന് ഒമാനിലെ കസബ് വരെയും ശമലില്നിന്ന് ദിബ്ബ വരെയും കാല്‍നടയായി സ്ഥിരമായി പിതാവ് യാത്ര ചെയ്തിരുന്നതായി മകൻ പറയുന്നു. കാര്ഷികവൃത്തിയായിരുന്നു ഉപജീവനമാര്‍ഗം. ശമല്‍ കേന്ദ്രീകരിച്ചുള്ള ഫാമില്‍ ഈന്തപ്പനകളും പലതരം പച്ചക്കറികളും ഉല്പാദിപ്പിച്ചു. പ്രകൃതിദത്ത ഭക്ഷണ രീതിയായിരുന്നു പുലര്‍ത്തിയിരുന്നത്. സ്വന്തം ഫാമിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷണമായിരുന്നു അധികവും കഴിച്ചിരുന്നത്. പുറത്തുനിന്ന് ഭക്ഷണ വസ്തുക്കൾ വാങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.
ഈത്തപ്പഴത്തിനോടായിരുന്നു കൂടുതൽ ഇഷ്ടം. പാലും തൈരും റൊട്ടിയും നാടൻ മാംസവും അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങളായിരുന്നു. 10 വർഷം മുമ്പുവരെ പ്രഭാത പ്രാര്‍ഥനക്ക് നടന്ന് പള്ളിയിലെത്തുകയും തുടര്‍ന്ന് തോട്ടത്തിലെത്തുകയും ചെയ്തിരുന്നു. ഓരോ ദിവസവും ഇത് കൃത്യമായി പാലിച്ചു.
നടപ്പും കൃഷിയുമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം. പഴമയില്‍നിന്ന് ആധുനികതയിലേക്കുള്ള യു.എ.ഇയുടെ ചുവടുവെപ്പിനൊപ്പവും അദ്ദേഹവും സഞ്ചരിച്ചു. ഭാര്യയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്കുട്ടിയുമടങ്ങിയ റാഷിദ് അഹമ്മദ് റാഷിദ് അല്‍ സംഹരി അല്‍ ശംലിയുടെ കുടുംബം 46 പേരക്കുട്ടികള്കൂടി ഉള്‍പ്പെടുന്നതാണ്.
വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് ശമലിലെ വസതിയിലായിരുന്നു മരണം. റാഷിദ് അഹമ്മദിന്റെ സംസ്കാരച്ചടങ്ങില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

