സ്പൂണിലും ഫോർക്കിലും വിരിയുന്ന ശിൽപചാതുരിയുമായി ഡാനി പോൺസ്
text_fieldsതന്റെ ക്വാഡ് ബൈക്ക് ശിൽപവുമായി ഡാനി പോൺസ്
ദോഹ: അൽസദ്ദിലെ ആ വീട്ടുമുറിയിലെത്തുമ്പോൾ നമ്മൾ അന്തംവിട്ടുപോകും. അവിടെ ഉണ്ടാക്കിവെച്ചിട്ടുള്ള മോട്ടോർ ബൈക്കുകളുടെയും റോബോട്ടിന്റെയുമൊക്കെ രൂപങ്ങൾ അത്രയേറെ അതിശയമാണ് സമ്മാനിക്കുന്നത്. ലോഹശിൽപങ്ങൾ ഉണ്ടാക്കുന്നത് വലിയ അത്ഭുതമല്ലാത്ത കാലത്ത്, സ്റ്റീലിൽ നിർമിച്ചിരിക്കുന്ന ഈ രൂപങ്ങൾക്ക് വേറിട്ട പ്രത്യേകതയുണ്ട്. കാരണം, ഇവയെല്ലാം നിർമിച്ചിരിക്കുന്നത് നമ്മൾ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന സാധാരണ സ്പൂണുകളും ഫോർക്കുകളും ഉപയോഗിച്ച് മാത്രമാണ്. ഫിലിപ്പീൻസുകാരനായ ഡാനി പോൺസാണ് വ്യതിരിക്തമായ വഴികൾകൊണ്ട് തന്റെ കലയിൽ മാന്ത്രികത തീർക്കുന്നത്.
യന്ത്രസാമഗ്രികൾ ഒന്നും ഉപയോഗിക്കാതെയാണ് ഈ 47കാരൻ തന്റെ കലാസൃഷ്ടികൾ രൂപപ്പെടുത്തുന്നത് എന്നതാണ് വലിയൊരതിശയം. ‘എനിക്കറിയാവുന്നിടത്തോളം, ഖത്തറിൽ ഇത്തരത്തിലുള്ള കലാസൃഷ്ടികൾ ചെയ്യുന്നത് ഞാൻ മാത്രമാണ്. ചില രാജ്യങ്ങളിൽ, സ്പൂൺ, ഫോർക്ക് ആർട്ടിസ്റ്റുകൾ ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ, ഒരു സ്പൂണിനെയോ ഫോർക്കിനെയോ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ ഞാൻ വെൽഡിങ് മെഷീനോ സോൾഡിങ് ഗണ്ണോ പശയോ സ്ട്രിങ്ങുകളോ ഒന്നും ഉപയോഗിക്കുന്നില്ല. ഇതെന്റെ മാത്രം വേറിട്ട രീതിയാണ്. പ്ലിയറുകളും റെഞ്ചുകളും പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഞാൻ അവയെ വളച്ച് രൂപപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്’ -പോൺസ് ‘ദ പെനിൻസുല’യോട് പറഞ്ഞു.
1999ൽ തന്റെ മാതൃരാജ്യമായ ഫിലിപ്പീൻസിൽവെച്ചാണ് സ്ക്രാപ് മെറ്റീരിയലുകളിൽനിന്ന് ലളിതമായ ലോഹ കലാസൃഷ്ടികൾ സൃഷ്ടിക്കാൻ തുടങ്ങിയതെന്ന് പോൺസ് പറഞ്ഞു. 2006ലാണ് ഖത്തറിൽ എത്തിയത്. ഇവിടെയും സ്ക്രാപ്പുകൾ ഉപയോഗിച്ചുള്ള ശിൽപകലയുടെ പരീക്ഷണം തുടർന്നു. ഒരു ദിവസം മകൾ ടി.വിയിൽ കണ്ടുകൊണ്ടിരുന്ന ‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’ എന്ന ആനിമേഷൻ സിനിമ ശ്രദ്ധിച്ചപ്പോഴാണ് അതിൽനിന്ന് സ്പൂണുകളും ഫോർക്കുകളും ഉപയോഗിച്ച് കലാരൂപം സൃഷ്ടിക്കാനുള്ള പ്രചോദനം പോൺസിന് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ആദ്യത്തെ സ്പൂൺ-ഫോർക്ക് ശിൽപം പൂർത്തിയാക്കി. 12 ഇഞ്ച് വലുപ്പമുള്ള ഒരു റോബോട്ടായിരുന്നു അത്.
റോബോട്ടുകൾ, മോട്ടോർ ബൈക്കുകൾ, തോക്കുകൾ, വിചിത്രജീവി, ടെന്നിസ് കളിക്കാരൻ, ഒരു ക്വാഡ് ബൈക്ക്, ഒരു കുതിരയുടെ പ്രതിമ എന്നിവയുൾപ്പെടെ 16 ശിൽപങ്ങൾ പോൺസ് ഇതുവരെ സ്പൂണും ഫോർക്കുമുപയോഗിച്ച് പൂർത്തിയാക്കിയിട്ടുണ്ട്. ‘ഒരു പ്രമുഖ ഖത്തരിക്ക് ഹാർലി ഡേവിഡ്‌സണിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മോട്ടോർബൈക്ക് ശിൽപം വിറ്റു. ശേഷം, വിവിധ വലുപ്പത്തിലുള്ള വ്യത്യസ്ത ശിൽപങ്ങൾ സൃഷ്ടിക്കാൻ അത് പ്രചോദനമായി.’ കലാസൃഷ്ടിയുടെ സങ്കീർണതയനുസരിച്ച്, ഏകദേശം 3,000 സ്പൂണുകളും ഫോർക്കുകളും അടങ്ങുന്ന ഒരു വലിയ ശിൽപം പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെ സമയമെടുക്കും.

ക്വാഡ് ബൈക്ക് പൂർത്തിയാക്കാൻ ഒന്നര വർഷമെടുത്തു. മശീരിബിലെ വർകിൻടൺ എം സെവനിൽ അത് പ്രദർശിപ്പിച്ചിട്ടുണ്ട്. ക്വാഡ് ബൈക്കിന്റെ നിർമിതിക്കായി 2,807 ഫോർക്കുകളും 98 സ്പൂണുകളും ഉപയോഗിച്ചു. റോബോട്ട് അത്ര വലുതല്ലെങ്കിലും ഉണ്ടാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. 494 ഫോർക്കുകളും 144 സ്പൂണുകളും ഉപയോഗിച്ചാണ് അത് നിർമിച്ചത്.
രൂപങ്ങൾ സൃഷ്ടിക്കുന്നതിന് അനുയോജ്യമായ സ്പൂൺ, ഫോർക്ക് എന്നിവയുടെ ലഭ്യതക്കുറവാണ് തന്റെ കലാ സൃഷ്ടിയിൽ നേരിടുന്ന ഏക വെല്ലുവിളിയെന്ന് പോൺസ് പറയുന്നു. ‘ഞാൻ ഒരു വലിയ മോട്ടോർബൈക്ക് പണിതുകൊണ്ടിരിക്കുകയാണ്. ഇതിനകം 1,300 ഫോർക്കുകളും 550 സ്പൂണുകളും ഉപയോഗിച്ചു. പൂർത്തിയാക്കാൻ, ഇനിയും കുറഞ്ഞത് ഇത്തരം 1,000 ഫോർക്കുകളും 700 സ്പൂണുകളും വേണ്ടിവരും. അനുയോജ്യമായ സ്പൂണുകളും ഫോർക്കുകളും ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു’.ഏറെ പരിശ്രമിച്ചാണ് ഓരോ കലാസൃഷ്‌ടിയും പൂർത്തിയാക്കുന്നതെന്നതിനാൽ ആർട്ട് എക്‌സിബിഷനുകളിലും മറ്റ് ഇവന്റുകളിലും പങ്കെടുക്കാൻ ക്ഷണം ലഭിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് പോൺസ് പറഞ്ഞു. എന്റെ ചില കലാസൃഷ്ടികൾ കതാറയിൽ പ്രദർശിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ഇന്റർനാഷനൽ ഹോഴ്സ് ഫെസ്റ്റിവലിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. അവിടെ വെച്ചാണ് കുതിരകളുടെ രൂപം നിർമിക്കാൻ തുടങ്ങിയത്. എല്ലാവരിലും ഓരോ കലാകാരനുണ്ട്. അത് കണ്ടെത്താൻ ശ്രമിക്കുക. കണ്ടെത്തിക്കഴിഞ്ഞാൽ, ആ കഴിവിന് കരുത്ത് പകരുക. പരാജയപ്പെടുമെന്ന ഭയം പാടില്ല. വളർന്നുവരുന്ന കലാകാരന്മാർക്ക് പോൺസിന്റെ ഉപദേശം ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

