ദാ പോണ് സൈക്കിൾ ഗോപാലൻ
text_fields75 കഴിഞ്ഞെങ്കിലും ഗോപാലനും സൈക്കിളിനും ഒരു കിതപ്പുമില്ല. വിചാരിച്ചിടത്ത് രണ്ടുപേരും എത്തും. 60 വർഷമായി ഈ ചങ്ങാത്തം തുടങ്ങിയിട്ട്. ഇപ്പോഴാകട്ടെ ദിവസവും 60 കിലോമീറ്ററാണ് സൈക്കിൾ സഞ്ചാരം. ദേവികുളങ്ങരയിൽനിന്ന് കായംകുളത്തേക്കും തിരിച്ചും. സെക്യൂരിറ്റി ജോലിക്കാരനാണ് മാന്നാർ കുരട്ടിശ്ശേരി പാവുക്കര ഒന്നാം വാർഡിൽ തോട്ടുമാലിൽ വീട്ടിൽ ടി.ടി. ഗോപാലൻ.
നാല് പതിറ്റാണ്ടായി തുടരുന്ന ഈ ജോലിമൂലം ഗോപാലന്റെ കാക്കി വേഷവും സൈക്കിൾ സവാരിയും നാട്ടുകാർക്ക് എവിടെ കണ്ടാലും അറിയാം. പ്രായം മനസ്സിനെ ബാധിച്ചിട്ടേയില്ല. ബോട്ട് സർവിസ് നടത്തിയിരുന്ന ചിറയിൽ കുടുംബത്തിന്റെ പുഞ്ചപ്പാട ശേഖരത്തിലെ നെൽകൃഷിയിൽ മൂന്നുപതിറ്റാണ്ട് പിതാവ് തേവനോടൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, നീരേറ്റുപുറം ചക്കുളത്തുകാവ് ദേവീക്ഷേത്രം, ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, ജില്ല സഹകരണ ബാങ്ക്, എൽ.ഐ.സി ബ്രാഞ്ച് ഓഫിസ്, കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ, കേരള ബാങ്കായി മാറിയ ജില്ല സഹകരണ ബാങ്കിന്റെ മാന്നാർ, ആലപ്പുഴ, കാവാലം, പാണ്ടനാട്, എണ്ണയ്ക്കാട് (ബുധനൂർ), ദേവികുളങ്ങര (കായംകുളം) എന്നിവിടങ്ങളിലെല്ലാം ഗോപാലൻ ഉറക്കമൊഴിഞ്ഞ് കാവൽ നിന്നിട്ടുണ്ട്.
ഇവിടങ്ങളിലേക്കെല്ലാം നിത്യവും സഞ്ചരിച്ചത് സൈക്കിളിലാണ്. ചെട്ടികുളങ്ങരയിൽ രണ്ടാം തവണയാണിപ്പോൾ സെക്യൂരിറ്റിയായി എത്തിയിരിക്കുന്നത്. നിത്യവും വൈകീട്ട് 5.30 മുതൽ പുലർച്ച 5.30 വരെയാണ് ഡ്യൂട്ടി. ഭക്ഷണവുമായി ഉച്ചക്കുശേഷം യാത്ര തിരിക്കും. ഒരുവശത്തേക്ക് 30 കിലോമീറ്ററിലധികം സൈക്കിളിൽ യാത്രചെയ്യണം. ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും അലട്ടിയിട്ടില്ല.
68കാരിയായ ഭാര്യ ചെല്ലമ്മക്ക് കാഴ്ചക്കുറവുള്ളതിനാൽ വീട്ടുജോലികൾ നിർവഹിക്കാൻ ബുദ്ധിമുട്ടാണ്. മൂന്നു മക്കളുണ്ടെങ്കിലും അവർക്ക് ഭാരമാകാതെ സ്വന്തമായി വരുമാനമുണ്ടാക്കുക എന്ന നിർബന്ധബുദ്ധിയാണ് ഉറക്കമൊഴിഞ്ഞുള്ള സെക്യൂരിറ്റി ജോലി തുടരാൻ പ്രേരണയാകുന്നത്. പെയിന്റിങ് തൊഴിൽ ചെയ്യുന്ന ഇളയ മകൻ ഗിരീഷ് കുമാർ, ഭാര്യ രൻജിനി, കൊച്ചുമക്കളായ അഭിഷേക്, അഭിജിത് എന്നിവരാണ് വീട്ടിൽ കൂടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

