എം. മുരളി: നാലു തവണ എതിരാളികളെ മുട്ടുകുത്തിച്ച ജനകീയ മുഖം
text_fields1991ൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം രാജീവ് ഗാന്ധി ചെങ്ങന്നൂരിൽ എത്തിയപ്പോൾ എം. മുരളി അദ്ദേഹവുമായി സംസാരിക്കുന്നു (ഫയൽ ചിത്രം)
ചെങ്ങന്നൂർ: മാവേലിക്കര മണ്ഡലത്തിൽ നാലു തെരഞ്ഞെടുപ്പുകളിൽ എതിരാളികളെ പരാജയപ്പെടുത്തിയ ജനകീയ മുഖമാണ് അന്തരിച്ച എം. മുരളി. 20 വർഷം മാവേലിക്കര എം.എൽ.എയായിരുന്നു. വികസന നായകനെന്ന നിലയിൽ ജനകീയനായ ജനപ്രതിനിധിയും രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് ഏവരിലും ഞെട്ടലുളവാക്കി.
വ്യാഴാഴാഴ്ച പുലർച്ചെ നാലിനാണ് ചെന്നിത്തല ചെറുകോൽ വൈപ്പുവിളയിൽനിന്ന് തിരുവന്തപുരത്തെ ജി.ജി ആശുപത്രിയിലേക്ക് അദ്ദേഹം കാറിൽ പുറപ്പെട്ടത്. അവിടെ എത്തി കാറിൽ നിന്നിറങ്ങി നടന്നു ആശുപത്രിയുടെ പടികൾ കയറിയ ശേഷമാണ് അപ്രതീക്ഷിത വേർപാട്.
ആരുടെയെങ്കിലും സ്കൂട്ടറിന്റെ പിന്നിലിരുന്നായിരുന്നു മാവേലിക്കര, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പരിസര നിയോജക മണ്ഡലങ്ങളിലെ 90 ശതമാനം യാത്രകളും. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുചേരാൻ രാഷ്ട്രീയത്തിന്റെയൊ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള മുഖം നോക്കാതെ എല്ലാ വീടുകളിലും അദ്ദേഹം എത്തുമായിരുന്നു.
ഇതിനാൽ എതിർ രാഷ്ട്രീയക്കാർ പല വിളിപ്പേരുകളും അദ്ദേഹത്തിന് ചാർത്തി. ഇതെല്ലാം തന്നെ ചെവിയിൽ എത്തുമെങ്കിലും അതൊന്നും ഗൗനിക്കാതെ അദ്ദേഹം പ്രയാണം തുടർന്നു. ഇതിനാൽ തന്നെ രാഷ്ട്രീയത്തിനതീതമായി തന്നെ എം. മുരളിക്ക് മാവേലിക്കര നിയോജക മണ്ഡലത്തിൽ അസൂയാവഹമായ വോട്ടുബാങ്കുണ്ടായി.
സി.പി.എമ്മിന്റെ അതിശക്തനായ എസ്. ഗോവിന്ദക്കുറുപ്പിന്റെ സാമ്രാജ്യം പിടിച്ചെടുത്തായിരുന്നു മാവേലിക്കര ഉറപ്പിച്ചത്. തുടർച്ചയായി നാലു തവണ മാറി മാറി വന്ന എതിരാളികളെ നിലംപരിശാക്കിയ തന്ത്രശാലിയായ നേതാവുമായിരുന്നു.
മാവേലിക്കര മണ്ഡലം സംവരണമായതോടെ കായംകുളത്ത് മത്സരിച്ചെങ്കിലും വിജയക്കാനായില്ല. 2021ൽ ചെങ്ങന്നൂരിലും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
ആദ്യമായി നിയമസഭയിലേക്കു മാറ്റുരക്കുന്നത് ഹരിപ്പാട്ടായിരുന്നു. രമേശ് ചെന്നിത്തല എം.എൽ.എയായിരിക്കെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽനിന്ന് എം.പിയായതോടെയാണ് ഹരിപ്പാട്ട് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ആദ്യ പരാജയത്തിന്റെ അനുഭവ പാഠങ്ങളാണ് നാലു തവണ മാവേലിക്കര നിലനിർത്തുന്ന പാടവത്തിന് ഇടയാക്കിയത്.
മാവേലിക്കരക്ക് നിർണായക സംഭാവനകൾ നൽകിയ നേതാവ് -കൊടിക്കുന്നിൽ
ചെങ്ങന്നൂർ: വ്യക്തമായ രാഷ്ട്രീയ നിലപാടുകളും പ്രവർത്തനത്തിൽ അചഞ്ചലതയും പുലർത്തിയിരുന്ന എം. മുരളി മാവേലിക്കരക്ക് നിർണായക സംഭാവനകൾ നൽകിയ നേതാവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴെല്ലം നിർണായക ചുമതലകൾ ഏറ്റെടുത്ത് ആത്മാർഥമായി പ്രവർത്തിച്ചിരുന്നെന്നും പാർട്ടിയുടെ വിജയം സ്വന്തം ഉത്തരവാദിത്വമായി കാണുന്ന നേതൃ സങ്കൽപം പ്രവർത്തനങ്ങളിൽ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല രാഷ്ട്രീയ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സൂക്ഷ്മമായി നിലനിർത്തിയിരുന്ന അദ്ദേഹം സ്നേഹപൂർണമായ വ്യക്തിത്വമായിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് അനുസ്മരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

