വീൽചെയറിൽ വിരിഞ്ഞത് നിറമാര്‍ന്ന ചിത്രങ്ങള്‍
text_fieldsതാമരശ്ശേരി: വീല്‍ചെയറിലിരുന്ന് ഷൈജു വരക്കുന്നത് ആരെയും ആകര്‍ഷിക്കുന്ന നിറമാര്‍ന്ന ചിത്രങ്ങള്‍. ജന്മനാ ഭിന്നശേഷിക്കാരനായ ചമല്‍ പുതുകുടിക്കുന്നുമ്മല് ഷൈജു എന്ന 38കാരന് ചിത്രംവര ശാസ്ത്രീയമായി പഠിക്കാതെ ജന്മസിദ്ധമായി ലഭിച്ച കഴിവുകൊണ്ടാണ് കാന്‍വാസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.
പത്താം ക്ലാസുവരെ പഠിച്ച ഷൈജുവിന് വരക്കുന്ന ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കി അതിലൂടെ ചെറിയ വരുമാനം കണ്ടെത്തണമെന്നാണ് ആഗ്രഹം. നൂറോളം ചിത്രങ്ങള്‍ ഇതിനകം വരച്ചുകഴിഞ്ഞു.
പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങള്‍, പരിസ്ഥിതി വിഷയങ്ങള്‍, മനുഷ്യമൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങള്‍, പക്ഷിമൃഗാദികള്‍, നേതാക്കൾ, സിനിമ താരങ്ങള്‍ തുടങ്ങിയവയാണ് ചിത്രങ്ങളില്‍ കൂടുതലും. വാട്ടര്‍ കളര്‍, അക്രലിക്, പെന്‍സില്‍ എന്നിവയിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
ഗ്ലാസ് പെയിന്റിങ്, പെന്‍സിൽ ഡ്രോയിങ് എന്നിവയിലും മികച്ച ചിത്രങ്ങള്‍ ഷൈജുവിന് ഒരുക്കാനായിട്ടുണ്ട്. പരേതരായ താമര - ജാനകി ദമ്പതികളുടെ മകനാണ് ഷൈജു. ഒമാനിൽ ജോലി ചെയ്യുന്ന സഹോദരൻ സജീവ് കുമാറിന്റെ സംരക്ഷണത്തിലാണ് താമസം. ആവശ്യക്കാരുണ്ടെങ്കില്‍ കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ വരച്ച് നല്കാന് തയാറാണെന്ന് ഷൈജു പറയുന്നു.