ചന്ദ്രൻ ആപ്പറ്റ, ചങ്ങാരോത്തിന്റെ പച്ചപ്പുതൂവൽ
text_fieldsപ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ചന്ദ്രൻ ആപ്പറ്റ
പാലേരി: കഴിഞ്ഞ രണ്ടു വർഷമായി ചങ്ങാരോത്ത് പഞ്ചായത്തിലെ പൊതു ഇടങ്ങളിൽലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്ന ചന്ദ്രൻ ആപ്പറ്റ, നാട്ടിലെ പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയാണ്. രാവിലെ ആറ് മുതൽ എട്ട് വരെയാണ് അദ്ദേഹം പ്ലാസ്റ്റിക് ശേഖരണത്തിന് മാറ്റിവെക്കുന്നത്. ശേഷം തന്റെ തൊഴിലായ നിർമാണ ജോലിക്ക് പോകും. ഏകദേശം 20 കിലോഗ്രാം വരെ പ്ലാസ്റ്റിക് മൂന്ന് മാസത്തിലൊരിക്കൽ പഞ്ചായത്തിലെ ഹരിതസേനക്ക് കൈമാറി, നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനത്തിലാണ് അദ്ദേഹം.
പഞ്ചായത്ത് അനുമതിയോടെ പണം ഈടാക്കാതെയാണ് ഹരിതകർമ സേന ചന്ദ്രന്റെ കൈയിൽ നിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പ്ലാസ്റ്റിക് നിയന്ത്രണത്തിന് പുറമെ നാട്ടുമാവ്, ഗോമാവ് എന്നിവ സംരക്ഷിക്കുന്നതിനായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 2000 തൈകൾ നട്ടുവളർത്തുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. സ്വന്തം വീട്ടിൽ തന്നെ 200ൽ പരം ഔഷധച്ചെടികൾ വളർത്തി, പുതിയ തലമുറക്ക് അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും നൽകുന്നു.
ഭാര്യ സുവർണയും മക്കളായ സാനിയോ മനോമിയും സയോണും അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. ചന്ദ്രൻ ആപ്പറ്റയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തോടുള്ള പൊതുജനങ്ങളുടെ സമീപനത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് പഞ്ചായത്തും നാട്ടുകാരും അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

