ഖത്തറിൽ കാറിൽ എത്താനായില്ല; സക്കീറിന് നിരാശ
text_fieldsസക്കീർ ഹുസൈൻ കാറിനരികിൽ
മണ്ണഞ്ചേരി: ഖത്തറിൽ കാൽപന്ത് കളി നേരിൽ കാണാൻ പറ്റാത്തതിന്റെ നിരാശയിലാണ് മണ്ണഞ്ചേരി സ്വദേശി സക്കീർ ഹുസൈൻ പൊക്കത്തിൽ. സാമ്പത്തികവും സാങ്കേതികത്വവും തീർത്ത വിലക്കാണ് തടസ്സമായത്. ഇതിന് മുന്നോടിയായി ഒമ്പതുമാസമായി കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഫുട്ബാൾ പ്രചാരണയാത്ര നടത്തി.
ഖത്തർ ഫുട്ബാൾ ലോഗോ ആലേഖനം ചെയ്ത ഖത്തർ അമീറിന്റെ ഫോട്ടോയും പതിച്ച് കാർ മോഡിഫൈ നടത്തിയായിരുന്നു യാത്ര. അനുമതിക്കും മോഡിഫിക്കേഷനും ഒരുലക്ഷത്തോളം രൂപ ചെലവായി. യാത്ര ഉൾപ്പെടെ ചെലവ് രണ്ടര ലക്ഷവും. ഖത്തർ എന്ന കൊച്ചുരാജ്യത്തിന്റെ സംസ്കാരവും ആതിഥേയത്വവും മറ്റുള്ളവർക്കുകൂടി മനസ്സിലാക്കാനാണ് സിയഹ കേരള ഹോളിഡേയ്സ് ടൂർ ഓപറേഷൻ സ്ഥാപനത്തിന്റെ എം.ഡി കൂടിയായ സക്കീറിന്റെ ലക്ഷ്യം.
കേരളത്തിലെ ഫുട്ബാൾ പ്രേമികളെ കാശുകൊടുത്താണ് ഖത്തർ ഇറക്കിയതെന്ന പടിഞ്ഞാറൻ രാജ്യങ്ങളുടെ വ്യാജ പ്രചാരണത്തിന് തടയിടുകയെന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. യാത്രയുടെ ഭാഗമായി 2500 കിലോമീറ്ററോളം സഞ്ചരിച്ചു. മലപ്പുറം കുറ്റിപ്പുറത്തായിരുന്നു യാത്രയുടെ കലാശക്കൊട്ട്. റോഡ് മാർഗം കാറിൽ ഖത്തറിലെ വേദിയിൽ എത്തണമെന്നായിരുന്നു സക്കീറിന്റെ ആഗ്രഹം. എന്നാൽ, സാമ്പത്തികവും സാങ്കേതികകത്വവും അതിന് തടസ്സമായെങ്കിലും സങ്കടമില്ലെന്ന് അദ്ദേഹം പറഞ്ഞു.