ദുരിതകാലത്തിന്റെ പ്രവാസത്തിന് വിട; പ്രകാശൻ നാടണഞ്ഞു
text_fieldsലക്ഷ്മണൻ പ്രകാശൻ സലീം കൊമ്മേരിക്കൊപ്പം
കുവൈത്ത് സിറ്റി: പ്രവാസത്തിന്റെ വേവും ചൂടും ദുരിതകാലത്തിന്റെ മണൽപരപ്പും താണ്ടി കുവൈത്തിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി ജനലയം ലക്ഷ്മണൻ പ്രകാശൻ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. ഇനിയുള്ള കാലം ലക്ഷ്മണൻ പ്രകാശൻ കോഴിക്കോട് ബീച്ചിന് സമീപത്തെ ‘ഉദയം’ ഹോമിൽ കഴിയും.
മൂന്ന് ദശകത്തിലേറെ നീണ്ട പ്രവാസം ലക്ഷ്മണൻ പ്രകാശന് ഒരു സമ്പാദ്യവും നേടിക്കൊടുത്തില്ല, പകരം ഒരുപിടി രോഗങ്ങളും ദീർഘനാളത്തെ നിയമ നടപടികളും നേരിടേണ്ടിവന്നു. ഇതിനിടയിൽ നാട്ടിൽ അമ്മ മരിച്ചു. നാട്ടിലെ സ്ഥലം വിറ്റുകിട്ടിയ പണവും നഷ്ടപ്പെട്ടു. ഈ പ്രയാസങ്ങളുമായി കുവൈത്തിൽ കഴിയവേ
ജോലിചെയ്യുന്ന സ്ഥാപനത്തിൽ പ്രശ്നങ്ങളുണ്ടായി. വൈകാതെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ഹോട്ടലിൽ ജോലി ചെയ്തു. ഈ സമയത്ത് അപകടം സംഭവിച്ച് ഗുരുതരമായി പരിക്കേറ്റു. അതിനിടെ അപകടത്തിലേറ്റ കാലിന്റെ പരിക്ക് ഗുരുതരമായി. വൈകാതെ ഇടത് കണ്ണിന്റെ കാഴ്ച 90 ശതമാനവും വലത് കണ്ണിന്റെ കാഴ്ച 50 ശതമാനവും നഷ്ടമായി.
നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം തൊഴിലെടുക്കാനും കഴിഞ്ഞില്ല. ദുരിത ജീവിതത്തിനിടയിൽ സുഹൃത്തുക്കളാണ് ഭക്ഷണവും റൂം വാടകയും നൽകി സംരക്ഷിച്ചത്.
മംഗഫിലായിരുന്നു ലക്ഷ്മണൻ പ്രകാശൻ താമസിച്ചിരുന്നത്. ലക്ഷ്മണന്റെ ദുരവസ്ഥയറിഞ്ഞ് മംഗഫിൽ സ്റ്റുഡിയോ നടത്തുന്ന നിസാം ജീവകാരുണ്യ പ്രവർത്തകനും കെ.കെ.എം.എ മാഗ്നറ്റ് വൈസ് പ്രസിഡന്റുമായ സലീം കൊമ്മേരിയെ വിവരമറിയിച്ചു. സലീമിന്റെ ഇടപെടൽമൂലം ലക്ഷ്മണൻ ജോലിയെടുത്ത കമ്പനിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും റിലീസ് വാങ്ങിക്കൊടുക്കുകയും ചെയ്തു.
ജോലിചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ലക്ഷ്മണനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു. എന്നാൽ, നാട്ടിൽ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. എങ്കിലും കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സലീം നാട്ടിൽ അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഒടുവിൽ ഞായറാഴ്ച ലക്ഷ്മണൻ പ്രകാശൻ കൊച്ചിയിൽ വിമാനമിറങ്ങി. ഇതിനിടെ നാട്ടിലെത്തിയ സലീം, ലക്ഷ്മണനെ താൽക്കാലികമായി കോഴിക്കോട് കൊമ്മേരിയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു.
ലക്ഷ്മണൻ പ്രകാശന് സ്ഥിരം താമസസ്ഥലം കണ്ടെത്താനുള്ള നടപടികളും തുടങ്ങി. തുടർന്ന് സീനിയർ സിറ്റിസൺ ഓഫിസർ സുനിലുമായി ബന്ധപ്പെട്ടു. അദ്ദേഹം വഴി കോഴിക്കോട് ആർ.ഡി.ഒ ഓഫിസിലെ ഇന്ദുവിന്റെ ഇടപെടലിലൂടെ ഉദയം ഹോമിൽ താമസിപ്പിക്കാൻ സൗകര്യം ഒരുങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലെ ഉദയം ഹോമിലെത്തിയ ലക്ഷ്മണൻ പ്രകാശൻ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ടു. നാട്ടിലെത്താൻ സൗകര്യം ഒരുക്കിയവരോട് അദ്ദേഹം നന്ദി പറഞ്ഞു.