പൊതുസേവനങ്ങൾക്ക് ബ്രേക്ക്; കാൽ നൂറ്റാണ്ടിനു ശേഷം നെച്ചൂരിന് ഇന്ന് പടിയിറക്കം
text_fieldsപഞ്ചായത്ത് അംഗമായി 25 വർഷം പൂർത്തിയാക്കിയ നെച്ചൂർ തങ്കപ്പനെ നിയുക്ത ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി പൊന്നാട അണിയിക്കുന്നു
കൊക്കയാർ: നിലവിലെ പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ കാൽ നൂറ്റാണ്ടുകാലം പൊതു രംഗത്ത് സജീവമായിരുന്ന നെച്ചൂർ തങ്കപ്പൻ കൊക്കയാർ ഗ്രാമ പഞ്ചായത്തിന്റെ പടിയിറങ്ങും.2000 മുതൽ 25 വർഷക്കാലം വിവിധ വാർഡുകളിൽ ഗ്രാമ പഞ്ചായത്തംഗമായും പ്രസിഡന്റായും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷനായുമെല്ലാം തുടർന്ന, നാട്ടുകാർക്കിടയിൽ നെച്ചൂർ എന്നറിയപ്പെടുന്ന നെച്ചൂർ തങ്കപ്പൻ ആണ് പൊതു രാഷ്ട്രീയ രംഗത്തു നിന്നും വിരമിക്കുന്നത്. ഇനി വിശ്രമ ജീവിതത്തിലേക്ക് കടക്കുകയാണ് അദ്ദേഹം.
സി.പി.ഐയുടെ വിദ്യാർഥിസംഘടനയായ എ.ഐ.എസ്.എഫിലാണ് നെച്ചൂരിന്റെ രാഷ്ട്രീയ തുടക്കം. പീരുമേട് താലൂക്ക് വികസന സമിതി അംഗം, വൈസ് ചെയർമാൻ, ചെയർമാൻ, 10 വർഷം സഹകരണബാങ്ക് ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2000 ലും 2005 ലും നാരകംപുഴ വാർഡിൽ നിന്നും പഞ്ചായത്തംഗമായി. 2010ൽ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്നു. പ്രഥമ കൊക്കയാർ വാർഡിൽ നിന്നും ജനപ്രതിനിധിയായി. 2015-2020 കാലത്ത് പഞ്ചായത്ത് പ്രസിഡന്‍റായി. 2020 ൽ വീണ്ടും കൊക്കയാർ വാർഡ് അംഗമായി.
കുറ്റിപ്ലാങ്ങാട് സ്വദേശിനിയും മഹിളാ സമാജം പ്രവർത്തകയുമായിരുന്ന ലക്ഷ്മി കുട്ടിയുമായി 1978ൽ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അന്തരിച്ച മുൻ എം.എൽ.എ. വാഴൂർ സോമന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങ്. ഇതിനിടെ വെംബ്ലി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലക്ഷ്മിക്കുട്ടിയും മത്സരിച്ച് ജയിച്ചു. ഭാര്യയും ഭർത്താവും ഒരുമിച്ച് പഞ്ചായത്തംഗമായി. കേരള പൊലീസിൽ ഉദ്യോഗസ്ഥനായ ഭൂപേഷ്, കലാകാരനായ രാഗേഷ് എന്നിവരാണ് മക്കൾ. നെച്ചൂർ തങ്കപ്പനെ നിയുക്ത ബ്ലോക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

