പരിമിതികൾ പിൻവാങ്ങി; കായിക രംഗത്ത് ഉയരങ്ങളിലേക്ക് ബൈജു
text_fieldsബൈജു
പെരിഞ്ഞനം: ഉയരക്കുറവിന്റെ പരിമിതികളെ കഠിനപ്രയത്നത്തിലൂടെ മറികടന്ന് കായിക രംഗത്ത് ഉയരങ്ങൾ കീഴടക്കുകയാണ് പെരിഞ്ഞനം സ്വദേശിയായ ബൈജു എന്ന യുവാവ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് മത്സരത്തിൽ വെള്ളിയും, മിക്സഡ് ഡബിൾസിൽ വെങ്കല മെഡലും സ്വന്തമാക്കിയതാണ് ബൈജുവിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടം. ഇതോടെ 2026ൽ നടക്കുന്ന ദേശീയ പാരാ ബാഡ്മിന്റൺ മത്സരത്തിലേക്കും ഈ 43 കാരൻ യോഗ്യത നേടി.
പെരിഞ്ഞനം ആറാട്ടുകടവ് ചെമ്പൻ സുബ്രഹ്മണ്യൻ - ജാനകി ദമ്പതികളുടെ മകനായ ബൈജു 2010 മുതലാണ് കായിക രംഗത്ത് ചുവടുറപ്പിക്കുന്നത്. ലോട്ടറി വിൽപ്പനയിലൂടെ ഉപജീവന മാർഗം നേടിയിരുന്ന ബൈജു കഠിന പ്രയത്നത്തിലൂടെയാണ് വിജയവഴിയിലെത്തിയത്. 2013-ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ബൈജുവിന് സാമ്പത്തിക ബുദ്ധിമുട്ട് വിലങ്ങുതടിയായി.
സുഹൃത്തുക്കളും, നാട്ടുകാരുമെല്ലാം ഒരുമിച്ച് ചെലവിനുള്ള പണം കണ്ടെത്തിയതോടെ ഒളിമ്പിക്സിൽ മത്സരിച്ചു. തുടർന്നുള്ള വർഷങ്ങൾ ബൈജുവിന് നേട്ടങ്ങളുടേതായിരുന്നു. 2023 ൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന പാരാ ബാഡ്മിന്റണിൽ സ്വർണവും, 2024 -ൽ ജാർഖണ്ഡിൽ നടന്ന ദേശീയ പാരാ ബാഡ്മിന്റണിൽ വെങ്കലവും ബൈജുവിന് സ്വന്തമായി.
ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ബൈജു നിലവിൽ ഉയരം കുറഞ്ഞവരുടെ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബിലെ ഫുട്ബാൾ ടീം ഗോൾ കീപ്പറുമാണ്.
തലശ്ശേരിക്കാരനായ റാഷിദിന് കീഴിൽ പെരിഞ്ഞനം പ്രതീക്ഷ ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ പരിശീലനം. കായിക മേഖലയിൽ മെഡലുകൾ വാരിക്കൂട്ടുമ്പോഴും വെള്ളിത്തിരയിലും ബൈജു സാന്നിധ്യം അറിയിച്ചു. അത്ഭുത ദ്വീപ്, ബെസ്റ്റ് ആക്ടർ, നൈറ്റ് ഡ്രൈവ്, എന്നീ സിനിമകളിലും, നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതയെ ശരിവെക്കുന്ന രീതിയിൽ ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

