ജുവിന്റെ ഹൃദയ സ്പന്ദനങ്ങളുമായി അശ്വന്ത് ആശുപത്രി വിട്ടു
text_fieldsഅപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിന്റെ ഹൃദയം സ്വീകരിച്ച അശ്വന്ത് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാരോട് യാത്രപറയുന്നു
കൊച്ചി: ജുവിന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങളുമായി അശ്വന്ത് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂര്‍ കുറ്റൂര്‍ സ്വദേശിയായ അശ്വന്ത് ചന്ദ്രനാണ് (24) ആശുപത്രി വിട്ടത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിന് രാജുവിന്റെ ഹൃദയമാണ് അശ്വന്ത് ചന്ദ്രനിൽ മിടിക്കുന്നത്.
ചന്ദ്രശേഖരന്-റീന ദമ്പതികളുടെ മകനായ അശ്വന്ത് ഗുരുതരമായ ഹൃദ്രോഗവുമായാണ് ജനിച്ചത്. ഹൃദയത്തിന്റെ താഴെയുള്ള രണ്ട് അറകളും കൂടിച്ചേര്‍ന്ന് ഒന്നായ അവസ്ഥയിലായിരുന്നു. രണ്ടാം വയസ്സില്‍ തന്നെ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയം മാറ്റിവെക്കലാണ് ഏക പോംവഴിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ അടുത്തെത്തി. ജന്മനാ ഹൃദ്രോഗവുമായി ജനിച്ച അശ്വന്തിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയെന്നതും ഹൃദയ ശസ്ത്രക്രിയ നേരത്തെ ചെയ്തതും വെല്ലുവിളിയായി.
തുടര്‍ പരിശോധനകള്‍ക്കുശേഷം ഒരു മാസം മുമ്പ് അശ്വന്തിനെ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 23നാണ് രാജഗിരി ആശുപത്രിയില്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ജുവിന് രാജുവിന്റെ (16) കുടുംബം അവയവദാനത്തിന് തയാറാണെന്ന സന്ദേശം കെ-സോട്ടോയില്നിന്ന് എത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം രാജഗിരി ആശുപത്രിയില്‍ എത്തുകയും ഹൃദയവുമായി രാത്രി പതിനൊന്നരയോടെ അവിടെനിന്ന് തിരിക്കുകയും ചെയ്തു. കൊച്ചി സിറ്റി, ആലുവ റൂറല്‍ പോലീസ് സേനകളുടെ സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.
അശ്വന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോക്ടർമാരായ സാജന് കോശി, അനില്‍ എസ് ആര്, ജേക്കബ് എബ്രഹാം, റോണി മാത്യു, ഭാസ്കര്‍ രംഗനാഥന് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായി. ആശുപത്രി എം.ഡി ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അശ്വന്തിനെ യാത്രയാക്കിയത്. ജുവിന്റെ കുടുംബത്തിന് അശ്വന്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

