നിറക്കൂട്ടുകളിൽ മായാജാലം തീർത്ത് കുമാർ
text_fieldsപെരിങ്ങോട്ടുകുറുശ്ശി: വരകളുടെയും വർണക്കൂട്ടുകളുടെയും ലോകത്ത് വിസ്മയമായി കുമാർ. ഇതുവരെ വരച്ചുതീർത്തത് കണ്ണഞ്ചിപ്പിക്കുന്ന 225 ചിത്രങ്ങൾ. പെരിങ്ങോട്ടുകുറുശ്ശി ഈസ്റ്റ് പരുത്തിപ്പുള്ളി പെരുവല റോഡിൽ തിരുവാതിര ഹൗസിൽ എൽ.പി.ആർ. കുമാറാണ് വർണക്കൂട്ടുകളെയും വരകളെയും വിശ്രമജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച് കർമനിരതനാകുന്നത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ കുമാർ പൊലീസ് വകുപ്പിൽ 35 വർഷത്തെ സേവനത്തിനു ശേഷം പാലക്കാട് ജില്ല പൊലീസ് ഓഫിസ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച ശേഷം ചിത്രകലയിൽ ഇടം കണ്ടെത്തുകയായിരുന്നു.
സ്കൂൾ, കോളജ് പഠനകാലത്ത് ചിത്രം വരച്ചിരുന്ന കുമാർ പൊലീസ് വകുപ്പിൽ ജോലി ലഭിച്ചതോടെ വരകളുടെ ലോകത്തുനിന്ന് താൽക്കാലികമായി വിട്ടുനിന്നു. 25 വർഷത്തെ ഇടവേളക്കു ശേഷം 2009ൽ ആണ് വീണ്ടും നിറക്കൂട്ടുകളുടെ ലോകത്തേക്ക് വന്നത്. വിരമിച്ച ശേഷം മുഴുസമയവും ചിത്രകലക്കായി നീക്കി വെക്കുകയായിരുന്നു.
വീട്ടിൽ രാംകുമാർ ആർട്ട് ഗാലറി ആൻഡ് ഓഡിയോ ഹൗസ് എന്ന പേരിൽ ആർട്ട് ഗാലറി സ്ഥാപിച്ചിട്ടുണ്ട്. സാഹിത്യകാരൻമാരും ഭരണകർത്താക്കളും സ്വാതന്ത്ര്യ സമരപോരാളികളും സിനിമാ താരങ്ങളും ഉൾപെടെ ഒട്ടേറെ പേരുടെ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ഗാലറിയിലുണ്ട്. പ്രകൃതി ഭംഗി തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും കുമാറിന്റെ കലാസപര്യയുടെ വഴിയിൽ സഹായികളായുണ്ട്.
പൊതുസമൂഹത്തിന് മുമ്പിൽ പ്രദർശനമൊരുക്കാൻ പഞ്ചായത്തോ സർക്കാറോ സന്നദ്ധ സംഘടനകളോ സ്ഥല സൗകര്യമൊരുക്കിത്തരികയാണെങ്കിൽ അത് തന്റെ കാൽ നൂറ്റാണ്ടിന്റെ അധ്വാനത്തിന്റെ സഫലീകരണമായിരിക്കുമെന്ന് ഈ ‘അറിയപ്പെടാത്ത കലാകാരൻ’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

