അശോകന്റെ നിറങ്ങൾക്ക് ബഹുസ്വരതയുടെ ചന്തം
text_fieldsപരപ്പനങ്ങാടി: നിറങ്ങളിൽ നീരാടുന്ന 53കാരനായ അശോകൻ ആദിപുരേടത്തിന്റെ വർണ പ്രപഞ്ചത്തിന് നാലു പതിറ്റാണ്ടു തികയുന്നു. ഹൈസ്കൂൾ കാലം മുതൽ നിറങ്ങൾ മാറ്റുരച്ച മത്സരത്തിൽ, ജില്ല, സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ അശോകൻ ഇന്നും വർണലോകത്തെ അത്യാധുനിക നിറഭേദങ്ങൾ സ്വീകരിച്ചു കൂടുതൽ പ്രോജ്വലമായി മുന്നോട്ടുകുതിക്കുകയാണ്.
കോഴിക്കോട് യൂനിവേഴ്സൽ ആർട്സിൽനിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ അശോകൻ പിന്നീട് ചെന്നൈയിലെ ചോള മണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിൽ താമസിച്ച് പഠിച്ച് ചിത്രകല പഠനം തുടർന്നു. അവിടെവെച്ച് ലോക പ്രശസ്തരായ നിരവധി കലാകാരന്മാരുമായി സഹവസിക്കാനും സംവദിക്കാനും ലഭിച്ച അവസരം കല ജീവിതത്തിൽ വഴിഞ്ഞിരിവായി. നർത്തകിയും സിനിമ നടിയുമായ ആശാ ശരത്തിന്റെ ദുബൈയിലെ കൈരളി കലാ ഗ്രാമം എന്ന ചിത്രകല വിദ്യാലയത്തിൽ എട്ടുവർഷം ചിത്രകല അധ്യാപകനായി സേവനമനുഷ്ടിച്ചു.
നിരവധി ചിത്രകല സീരീസുകൾക്ക് ജന്മം നൽകി. അതിൽ ഗുജറാത്ത് സീരീസ്, ചൈൽഡ് ഹുഡ് സീരീസ്, ബേയ്ക്ഡ് ഫെയ്സസ് സീരീസ്, ഖസാഖ് സീരീസ്, അമൂർത്ത ചിത്ര കല സീരീസ് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വരയും വർണവും പ്രദർശനവും ഇന്നും അശോകന്റെ ജീവിതത്തിന്റെ ഭാഗം, ലോക്ഡൗൺ കാലത്ത് ജീവിതവും കല ജീവിതവും ലോക്കായ ഘട്ടത്തിൽ അതിജീവനത്തിന്റെ ആവിഷ്കാരമായി സാരികളിൽ ഇഷ്ടപ്പെട്ടവരുടെ ചിത്രം വരച്ചു നൽകുന്നതുൾപ്പെടെ കലയുടെ പ്രഫഷനെ ആനന്ദകരമായി ആവിഷ്കരിക്കാനും അശോകൻ മുന്നോട്ടുവന്നിട്ടുണ്ട്.
നാട്ടിൽ കുട്ടികൾക്കായി ചിത്രരചന ക്ലാസുകൾ സംഘടിപ്പിക്കുകയും പലയിടങ്ങളിലായി ക്ലാസുകൾ നടത്തിവരികയും ചെയ്യുന്നുണ്ട്. ഭാര്യ ഭാഗ്യലക്ഷ്മിയും മക്കളായ റിയ, റിഥി എന്നിവരും അശോകന്റെ വർണ പ്രപഞ്ചത്തിൽ പിന്തുണയുമായി കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

