സി.ബി.ഐ ബുള്ളറ്റിനിൽ ലേഖനം: സജീവിന് പൊലീസ് മേധാവിയുടെ ആദരം
text_fieldsസി.ബി.ഐ മൂന്നുമാസം കൂടുമ്പോള്‍ പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ പഠനാര്‍ഹമായ ലേഖനമെഴുതിയ ജില്ല പൊലീസ് ഹെഡ് ക്വാര്‍ട്ടര്‍ യൂനിറ്റിലെ അസി. സബ് ഇന്‍സ്പെക്ടര്‍ സജീവ് മണക്കാട്ടുപുഴക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം. 14കാരിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പ്രതിയെ ഡി.എന്‍.എ പ്രൊഫൈലിങ്ങിലൂടെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച കേസിനെപ്പറ്റിയുള്ള പഠനമാണ് ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തപ്പെട്ടത്.
തിരുവല്ല സ്റ്റേഷനില്‍ 2012ൽ രജിസ്റ്റര്‍ ചെയ്ത കേസാണിത്. പത്തനംതിട്ട ജില്ലയില്‍നിന്ന് ഇത്തരത്തിലൊരു പഠനം സി.ബി.ഐ ബുള്ളറ്റിനില്‍ അച്ചടിച്ചുവരുന്നത് ആദ്യമായാണ്. കേസിനു ആസ്പദമായ സംഭവമുണ്ടായി എട്ടുമാസത്തിനുശേഷമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നതും പൊലീസില്‍ പരാതിപ്പെടുന്നതും.
തിരുവല്ല പൊലീസ് പെണ്‍കുട്ടിയുടെയും കുഞ്ഞിെൻറയും അയല്‍വാസിയായ പ്രതിയുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ച് ഡി.എന്‍.എ പ്രൊഫൈലിങ് നടത്തിച്ചിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തി.
വിചാരണ സമയം പെണ്‍കുട്ടി പലതവണ മൊഴിമാറ്റിയിരുന്നു. നാടകീയമായ പല വഴിത്തിരിവുകളിലൂടെ കടന്നുപോയ വിചാരണക്കൊടുവില്‍ കോടതി, ഡല്‍ഹി നിര്‍ഭയ കേസ് വിധി ചൂണ്ടിക്കാട്ടി ഡി.എന്‍.എ പരിശോധന മുഖവിലക്കെടുക്കുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു.
മാനഭംഗ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനകരമാകുംവിധം ഡി.എന്‍.എ ഫിംഗര്‍ പ്രിൻറിങ്ങിെൻറ അടിസ്ഥാന തത്ത്വങ്ങളും പ്രയോഗവത്കരണവും പഠനത്തില്‍ സജീവ് ഉള്‍ക്കൊള്ളിച്ചിരുന്നു. ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി സജീവിന് അംഗീകാരം ലഭ്യമാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ശിപാര്‍ശ അയക്കുകയായിരുന്നു. സല്സേവനപത്രവും 1000 രൂപ കാഷ് റിവാഡും പ്രഖ്യാപിച്ച് ഉത്തരവാകുകയായിരുന്നു. എഴുത്തുകാരന് കൂടിയായ സജീവ് ജില്ല പൊലീസ് മീഡിയ സെല്ലിലും പ്രവര്‍ത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

