പ്രവാസി ജനന സർട്ടിഫിക്കറ്റ്: ഒരു അനുഭവ കഥ
text_fieldsവിദേശത്ത് ജനിക്കുന്ന പ്രവാസി മലയാളികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടരുകയാണ്. വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ ജനനം എംബസിയിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ വിവിധ ആവശ്യങ്ങൾക്കായി ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വരുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ട സാഹചര്യമുണ്ട്. ഈ നടപടികൾക്ക് അനാവശ്യമായ കാലതാമസം നേരിടുന്നു.
ഇത് പറയുന്നത് കേട്ടറിവിന്റെ അടിസ്ഥാനത്തിലല്ല; എന്റെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷ നൽകിയിട്ടും എന്റെ അപേക്ഷ ഏഴ് മാസത്തിലേറെ തീർപ്പാകാതെ തുടരുന്ന അവസ്ഥ ഉണ്ടായി. ബന്ധപ്പെട്ട ഓഫീസുകളെ പലതവണ സമീപിക്കുകയും അപേക്ഷയുടെ നിലവിലെ സ്ഥിതി അന്വേഷിക്കുകയും ചെയ്തെങ്കിലും വിവിധ കാരണങ്ങളാൽ നടപടികൾ നീണ്ടുപോയി.
ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഈ കാലതാമസം ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിമിതമായ അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്നത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. അപേക്ഷ തീർപ്പാകാതെ വിദേശത്തേക്ക് മടങ്ങേണ്ടിവന്നാൽ പിന്നീട് വീണ്ടും നാട്ടിലെത്തി നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.
ജനന സർട്ടിഫിക്കറ്റ് ഒരു സാധാരണ രേഖയല്ല. കുട്ടികളുടെ വിദ്യാഭ്യാസം, പാസ്‌പോർട്ട്, ആധാർ, വിവിധ സർക്കാർ സേവനങ്ങൾ, ഇൻഷുറൻസ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങൾ എന്നിവക്കെല്ലാം പലപ്പോഴും ഇത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ മാസങ്ങളോളം തീർപ്പാകാതെ കിടക്കുന്നത് പല പ്രധാന കാര്യങ്ങളെയും ബാധിക്കാനിടയുണ്ട്.
വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സംവിധാനം ആവശ്യമാണ്. അപേക്ഷ സമർപ്പിച്ചാൽ അത് ഏത് ഘട്ടത്തിലാണ്, എന്തെങ്കിലും രേഖകൾ കൂടി ആവശ്യമുണ്ടോ, എന്തുകൊണ്ടാണ് താമസം എന്നിവ അപേക്ഷകന് ഓൺലൈനായി അറിയാൻ കഴിയുന്ന സംവിധാനം ഉണ്ടാകണം. അപേക്ഷയിൽ യാതൊരു അപാകതയും ഇല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ ഉറപ്പാക്കണം.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുകയും, അപേക്ഷകൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കുകയും, പ്രവാസികൾക്ക് സമയബന്ധിത സേവനം ഉറപ്പാക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

