കിളിമഞ്ചാരോയിലേക്ക് നടന്നുകയറി എട്ടുവയസ്സുകാരൻ
text_fieldsകിളിമഞ്ചാരോക്ക് മുകളിലെത്തിയ അയാനും മാതാപിതാക്കളും
ദുബൈ: കിളിമഞ്ചാരോയിലേക്ക് നടന്നുകയറി എട്ട് വയസ്സുകാരൻ അയാൻ സബൂർ മെൻഡൻ. ഏഴ് ദിനംകൊണ്ടാണ് 5895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ ദുബൈയിലെ ഇന്ത്യൻ വിദ്യാർഥിയായ അയാൻ കീഴടക്കിയത്. ഈ കൊടുമുടി കീഴടക്കുന്ന ജി.സി.സിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവുമായാണ് അയാൻ മലയിറങ്ങിയത്. മാതാപിതാക്കളായ സബൂർ അഹ്മദും വാണി മെൻഡനും ഒപ്പമുണ്ടായിരുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെതന്നെ ഒരു പർവത നിരകളുടെയും ഭാഗമല്ലാതെ തനിയെ നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും വലുതുമാണ് കിളിമഞ്ചാരോ. ഇന്ത്യയുടെയും യു.എ.ഇയുടെയും കൊടികളുമേന്തിയായിരുന്നു അയാന്‍റെ ട്രക്കിങ്. മൈനസ് പത്ത് ഡിഗ്രിയാണ് ഇവിടത്തെ താപനില. കോവിഡിനുമുമ്പ് മാതാപിതാക്കൾ എൽബ്രസ് മല കയറിയപ്പോൾ അയാനും കച്ചകെട്ടിയിറങ്ങിയതാണ്.
എന്നാൽ, ആറ് വയസ്സുകാരനായ അയാനെ പിന്നീട് കൊണ്ടുപോകാം എന്നുപറഞ്ഞ് സമാധാനിപ്പിച്ച് ഒഴിവാക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അയാൻ മലകയറാനുള്ള പരിശീലനം തുടങ്ങി. ഇതിനുശേഷമാണ് കിളിമഞ്ചാരോയിലേക്ക് നടപ്പുതുടങ്ങിയത്. 2000 മീറ്റർ ഉയരത്തിലുള്ള ആദ്യത്തെ ബേസ് ക്യാമ്പായിരുന്നു ലക്ഷ്യം. എന്നാൽ, ഇവിടെ എത്തിയതോടെ അയാന്‍റെ ആത്മവിശ്വാസം വർധിച്ചു.
മഴക്കാടുകളിലൂടെ പക്ഷികളെയും മൃഗങ്ങളെയും ചെടികളും കണ്ടുള്ള യാത്രയായിരുന്നു പിന്നീട്. ചൂടും തണുപ്പും മഞ്ഞും നിറഞ്ഞ വ്യത്യസ്ത കാലാവസ്ഥയിലൂടെ സഞ്ചരിക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ഇതെല്ലാം അതിജീവിച്ചായിരുന്നു അയാന്‍റെ നടപ്പ്. ആറാം ദിവസം 4713 മീറ്റർ മുകളിലെത്തി. മൈനസ് 15 ഡിഗ്രിയായിരുന്നു ഇവിടത്തെ താപനില. തണുപ്പ് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് തോന്നിയതോടെ വിശ്രമമില്ലാത്ത നടപ്പ് തുടങ്ങി.
പുലർച്ചെ 1.30 മുതൽ പത്ത് മണിക്കൂറോളം കുത്തനെയുള്ള ട്രക്കിങ്ങായിരുന്നു പിന്നീട്. ഗിൽമാന്‍റെ പോയന്‍റ് എത്തിയതോടെ കാലുകൾ മരവിച്ച് അയാൻ കരച്ചിൽ തുടങ്ങി. ഇനിയും മുന്നോട്ടുപോകണോ എന്ന് അവനോട് ചോദിച്ചപ്പോൾ വേണം എന്നായിരുന്നു മറുപടിയെന്ന് വാണി പറയുന്നു. രാവിലെ പത്ത് മണിയോടെ ഉഹുരു പോയന്‍റിലെത്തി.
ഇതാണ് കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന ഭാഗം. അയാന്‍റെ ആഗ്രഹം പോലെ ഇവിടെനിന്ന് ലോകം മുഴുവൻ വീക്ഷിച്ചശേഷമാണ് തിരിച്ചിറങ്ങിയത്. മാതാപിതാക്കൾക്കുപുറമെ പരിശീലകൻ താരിഖിനും അധ്യാപകരായ ക്ലോ ടെയ്ലർ, കേറ്റ് റീസ് എന്നിവർക്കാണ് അയാൻ ഇതിന് നന്ദിപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

