ഓടക്കുഴൽ വായനയിൽ താരമാകാൻ അലൻ
text_fieldsയുട്യൂബിൽ ഓടക്കുഴൽ വായിക്കുന്ന അലൻ
പൊൻകുന്നം: ഗുരുമുഖത്തുനിന്നല്ല, യുട്യൂബിൽനിന്ന് ഓടക്കുഴൽ വാദനം പഠിച്ചു; ഇനി ശ്രമം യുട്യൂബിൽ താരമാകാൻ. എലിക്കുളം കാരക്കുളം തച്ചേത്തുപറമ്പിൽ ജോമോന്റെ മകൻ, പതിനാറുകാരനായ അലൻ ഒരുവർഷം കൊണ്ട് ഓടക്കുഴൽ വാദനത്തിൽ പ്രാവീണ്യം നേടിയത് യുട്യൂബ് ക്ലാസുകളിൽനിന്ന്. ഇപ്പോൾ നിരവധി ഗാനങ്ങൾ അലന്റെ ഓടക്കുഴലിൽനിന്ന് കേൾക്കാം.
അടുത്തശ്രമം യുട്യൂബിൽ താരമാകാനാണ്. അലൻ പാലാക്കാരൻ എന്ന പേരിൽ ഈ വിദ്യാർഥി യുട്യൂബിൽ തന്റെ കലാപ്രകടനം അപ്ലോഡ് ചെയ്ത് പ്രേക്ഷകരിലേക്കെത്തുകയായി.വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്‌കൂളിൽനിന്ന് പത്താംക്ലാസ് പഠനം പൂർത്തിയാക്കി മികച്ച വിജയം നേടിയ അലൻ നന്നായി പാടുമായിരുന്നു. എന്നാൽ, സ്വപ്‌നം നല്ലൊരു പുല്ലാങ്കുഴൽ വാദകനാകുക എന്നതും.
അങ്ങനെ കഴിഞ്ഞ അവധിക്കാലം മുതൽ യുട്യൂബിൽ പലരുടെയും ഓടക്കുഴൽ ക്ലാസുകൾ പതിവായി കേട്ടുപഠിച്ചു. വിവിധ സ്വരത്തിൽ വായിക്കുന്നതിനായി മുപ്പതോളം ഓടക്കുഴലും ഇപ്പോൾ സ്വന്തം. കുറെയൊക്കെ പണം കൊടുത്തുവാങ്ങി. ചിലത് സ്വയം നിർമിച്ചു.
ചലച്ചിത്രഗാനങ്ങൾക്ക് ഓടക്കുഴൽ സ്വരം പകരുകയാണ് അലന് ഏറ്റവും പ്രിയം. പെട്ടെന്ന് ആസ്വാദക മനം കീഴടക്കാനാകുന്നത് അവർക്ക് പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കാനാകുമ്പോൾ ആണെന്ന പക്ഷക്കാരനാണ് അലൻ. അലന്റെ പിതാവ് ജോമോൻ പാറമടയിൽ ജോലി ചെയ്തുവരവെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇപ്പോൾ ലോട്ടറി വില്പനയാണ് ജോമോന്റെ ഉപജീവനമാർഗം. അലന്റെ കഴിവുകളെ പ്രോത്സാപ്പിക്കണമെന്നും ഉയർന്ന നിലയിലെത്തിക്കണമെന്നും ജോമോന് അതിയായ ആഗ്രഹമുണ്ട്. പിതാവിനൊപ്പം കുരുവിക്കൂട് കവലയിലെ ലോട്ടറിക്കടയിൽ അവധിദിവസങ്ങളിൽ കച്ചവടത്തിനുണ്ടാവും അലൻ.
ജോമോന്റെ ആരോഗ്യപ്രശ്‌നങ്ങൾ കുറച്ചൊന്ന് ഭേദമായതിനാൽ ഇനി കളിപ്പാട്ടക്കച്ചവടത്തിലേക്ക് തിരിയുകയാണ്.പ്ലസ് വൺ പ്രവേശനത്തിന് തയാറെടുക്കുന്ന അലൻ ഇപ്പോൾ പ്രിയപ്പെട്ട ഗാനങ്ങൾ ഒന്നുകൂടി അഭ്യസിച്ച് യുട്യൂബിൽ അപ്ലോഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. മാതാവ് ലിന്റ പാട്ടുകാരി കൂടിയാണ്. ആറാംക്ലാസ് വിദ്യാർഥിനിയായ ദിയയാണ് അലന്റെ സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

