അമിത രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാത്ത പച്ചക്കറികൾ തന്നെ കഴിക്കണമെന്നാണ് അധികപേരുടെയും ആഗ്രഹം. അൽപമെങ്കിലും അത് സാധ്യമാകണമെങ്കിൽ ഓരോ വീട്ടിലും നാം ഒരു കൊച്ചു അടുക്കളത്തോട്ടം നിർമിക്കണം. പലർക്കും അതിന് അനുയോജ്യമായ സ്ഥലവും സമയവുമില്ല എന്നതാണ് പ്രധാന പരിമിതി.
ഈ പരിമിതികളെല്ലാം ഉണ്ടെങ്കിലും വീടിന് മുറ്റത്ത് നൂറുമേനി വിളവെടുത്തു കൊണ്ടിരിക്കുകയാണ് മലപ്പുറം വടക്കേമണ്ണ സ്വദേശി മുനീർ. പത്തുവർഷമായി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. ചെറുപ്പം മുതൽ കൃഷി തല്പരനായിരുന്ന ഇദ്ദേഹം ശാസ്ത്രീയവും പരമ്പരാഗതവുമായ അറിവുകൾ സംയോജിപ്പിച്ച് കൃഷിയിൽ പ്രയോഗിച്ചാണ് ഈ വിജയം കൊയ്യുന്നത്.
തക്കാളി, വെണ്ട, അമര, പച്ചമുളക്, വഴുതന, കാരറ്റ്, ക്വാളിഫ്ലവർ, കാബേജ്, പടവലം, പാവൽ, ചെരങ്ങ, മത്തൻ, ചെറിയ ഉള്ളി, വലിയ ജീരകം, കടുക്, കറിവേപ്പ്, മുരിങ്ങ, ചീര, മല്ലിച്ചെപ്പ്, പൊതീന, ലെറ്റൂസ്, ജർജീർ തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തൻ, മുന്തിരി തുടങ്ങിയ പഴവർഗ്ഗങ്ങളും ഈ ചെറിയ തോട്ടത്തിൽ കൃഷിചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് പാകമായിനിൽക്കുന്ന വിളകൾ മനോഹര കാഴ്ച കൂടിയാണ് ഒരുക്കുന്നത്.
ഇതോടൊപ്പം ചെടികളും നട്ടുവളർത്തുന്നുണ്ട്. തക്കാളിയിലെ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാനാണ് കൂടുതൽ താല്പര്യം. ഈ തവണ 10 കിലോയിലധികം തൂക്കമുള്ള ചെരങ്ങ വിളവെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രമുഖ കർഷകർ ഉൾക്കൊള്ളുന്ന ഏതാനും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൃഷിയെ കുറിച്ചും വിവിധ കൃഷി രീതികളെക്കുറിച്ചും ലഭിക്കുന്ന അറിവ് ഏറെ പ്രയോജനം ചെയ്തതായി മുനീർ പറയുന്നു.
കൃഷി ചെയ്തു കിട്ടുന്ന വിളകൾ അയൽവാസികൾക്കും, സുഹൃത്തുക്കൾക്കും പങ്കിട്ടു കൊടുക്കും. ബാക്കി വരുന്നവ തണുപ്പിച്ച്, ചൂട് കാലത്ത് ഉപയോഗിക്കുന്നതാണ് പതിവ്. ബിസിനസ് നടത്തുന്ന മുനീറിന് ജീവിതത്തിൽ മാത്രമല്ല കൃഷിയിലും കൂട്ടായി അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അധ്യാപികയായ ഭാര്യ ജെസീറയുമുണ്ട്.