പ്രായം 75; 16 ഭാഷകളിൽ മൂന്നര മണിക്കൂർ നീണ്ട ഗാന അവതരണവുമായി അഷറഫ് കൊച്ചി
text_fieldsഅഷറഫ് കൊച്ചി പാടുന്നു
മട്ടാഞ്ചേരി: പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിച്ചിരിക്കയാണ് അഷറഫ് കൊച്ചിയെന്ന 75 കാരനായ കലാകാരൻ. 16 ഭാഷകളിൽ മൂന്നര മണിക്കൂർ പാടി നാദബ്രഹ്മത്തിന്റെ സാഗരം തീർത്ത് ചരിത്രം രചിക്കുകയായിരുന്നു അഷറഫ്. സംഗീത പ്രേമികൾക്കാകട്ടെ ഈ ഗാനസപര്യ മറക്കാനാകാത്ത വിരുന്നായി മാറി. പാടുന്നതിനൊപ്പം സംഗീത ഉപകരണങ്ങളിലും അദ്ദേഹം വിസ്മയം തീർത്തു. മലയാളം, ഹിന്ദി, തെലുങ്ക്, പഞ്ചാബി, ഭോജ്പുരി, തമിഴ് ,മറാഠി ,കന്നട എന്നീ ഇന്ത്യൻ ഭാഷകൾക്കൊപ്പം ഇംഗ്ലീഷ് ,ഫ്രഞ്ച് ,അറബി ,മൊറോക്കോ ,ഫിലിപ്പിയൻ ,സിംഗള ,നേപ്പാളി ,സ്പാനിഷ് ഭാഷകളിൽ വാദ്യോപകരണങ്ങൾ സ്വയം പ്രവർത്തിച്ചു കൊണ്ട് പാടുകയായിരുന്നു അഷറഫ്.
ഹിന്ദുസ്ഥാനി സംഗീതത്തിനൊപ്പം ,ഗസൽ ,കർണാടിക് ,പാശ്ചാത്യ സംഗീത ഗാനങ്ങൾ എന്നിവ പ്രായത്തിന്റെതായ അവശതകളോ , ന്യൂനതകളോ ഒന്നുമില്ലാതെ പൂർണതയോടെ മധുര മനോഹരമായി ആലപിക്കുകയും ചെയ്തു. ഓരോ ഗാനങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്. മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ എം.ജെ സക്കരിയ സേട്ട് ഹാളിൽ കൊച്ചി മ്യൂസിക് സോണാണ് അഷറഫ് സംഗീത രംഗത്തെത്തിയ അറുപതാം വാർഷികത്തോടനുബന്ധിച്ച് സംഗീത പരിപാടി ഒരുക്കിയത്. സായാഹ്നക്കൂട്ടം പ്രസിഡൻറ് പി.ഇ.ഹമീദ് ഉദ്ഘാടനം ചെയ്തു. കൊച്ചി മ്യൂസിക് സോൺ പ്രസിഡൻറ് പി.എം. സിറാജ് അധ്യക്ഷത വഹിച്ചു. ഗസൽ ഗായകൻ റഫീഖ് യൂസഫ് ,എഴുത്തുകാരൻ എം.എം.സലീം, ഷരീഫ് മൈത്രി എന്നിവർ സംസാരിച്ചു.
പതിനഞ്ചാം വയസിൽ ഹർമോണിയവും ,ഗിറ്റാറും വായിച്ചു കൊണ്ടായിരുന്നു മട്ടാഞ്ചേരി കണ്ടത്തി പറമ്പിൽ ജനിച്ചു വളർന്ന അഷറഫ് സംഗീത മേഖലയിലേക്ക് പിച്ചവെച്ചു കടന്നുവന്നത്. ഒപ്പം ചെറിയ തോതിൽ കല്യാണ വീടുകളിലും, പരിപാടികളിലും പാടുവാൻ തുടങ്ങി. സംഗീത ഉപകരണങ്ങളിൽ വാദ്യമിടുന്ന കലാകാരൻമാർക്ക് ക്ഷാമം നേരിട്ടിരുന്ന ആ കാലത്ത് അഷറഫിന് വാദ്യോപകരണങ്ങളോടായി പ്രണയം. പത്തോളം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിച്ചു. ഒപ്പം പുതു തലമുറയെ പഠിപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ ആദ്യ ബാൻഡിലെ ഗിറ്റാറിസ്റ്റ് ആയിരുന്നു. പിന്നണി ഗായകൻ മെഹബൂബ് ഭായിയുടെ കൂടെ ഗിറ്റാറിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. വയലാർ നാടക വേദിയുടെ ഗാനമേളയിലും നാടകത്തിലും ഗിറ്റാറിസ്റ്റ് ആയിരുന്നു. ഗായകൻ ഇടവ ബഷീറിന്റെ സംഘത്തിലെ കീബോർഡ് വായനക്കാരനായിരുന്നു. പിന്നീട് ജിപ്സിസ് എന്ന വെസ്റ്റേൺ മ്യൂസിക് ബാൻഡിൽ കീബോർഡിസ്റ്റായി. സുന്ദരൻ കല്ലായി, ചൈതന്യ ഉദയൻ, കാക്കത്തോപ്പ് ഷാജി, കൊല്ലം ബാബു, കബീർ ദാസ് തുടങ്ങിയവരുടെ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
കൂടാതെ സംഗീത സംവിധായകൻ എം.കെ അർജുനൻ, കെ. രാഘവൻ, വലപ്പാട് ഫ്രാൻസിസ്, ആയിരൂർ സദാശിവൻ തുടങ്ങിയവരുടെ അസിസ്റ്റൻറായും പ്രവർത്തിച്ചിട്ടുണ്ട്. എം.ജി. ശ്രീകുമാർ , കെ.ജി .മാർക്കോസ് , ബിജു നാരായണൻ , മധു ബാലകൃഷ്ണൻ എന്നിവരുടെ ഭക്തിഗാന ആൽബങ്ങൾക്ക് സംഗീതം നിർവഹിച്ചിട്ടുണ്ട് .ഗസൽ ഗായകൻ റഫീഖ് യൂസഫിന്റെ ഗസൽ ആൽബത്തിനും സംഗീതം നൽകിയിട്ടുണ്ട് .വിവിധ വിദ്യാലയങ്ങളിൽ പാശ്ചാത്യ സംഗീതം പഠിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 20 വർഷത്തോളമായി പരിപാടികൾക്ക് പോകാൻ കഴിയാതെ വിശ്രമ ജീവിതത്തിലാണ് . ഇപ്പോൾ എറണാകുളത്ത് വാടക വീട്ടിലാണ് കഴിയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അഷറഫ് പലകുറി അവശ കലാകാരൻന്മാർക്കുള്ള പെൻഷനും ,സ്വന്തമായി കിടപ്പാടത്തിനുമായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പെൻഷൻ പോലും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

