വയസ്സ് 13; അലക്സിന് 13ാം ക്ലാസിന്റെ തിളക്കം
text_fieldsഅലക്സ് ജോർജ് കുടുംബാംഗങ്ങൾക്കൊപ്പം
ദുബൈ: എട്ടാം ക്ലാസുകാരൻ അലക്സ് ജോർജ് എഴുതിയെടുത്തത് 13ം ക്ലാസുകാരുടെ പരീക്ഷ. സാധാരണ 18ാം വയസ്സിൽ പൂർത്തിയാക്കേണ്ട ബ്രിട്ടീഷ് കരിക്കുലം എ ലെവൽ മാത്സ് പരീക്ഷകൾ മൂന്നെണ്ണമാണ് അലക്സ് ജോർജ് അഞ്ച് വർഷം മുന്നേ പാസായത്. മാത്സിനോടുള്ള ഇഷ്ടമാണ് അലക്സിനെ കാലത്തിനുമുന്നേ പറക്കാൻ പ്രേരിപ്പിച്ചത്. ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിയായ അലക്സ് യു.എ.ഇയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ്.
ബ്രിട്ടീഷ് കരിക്കുലത്തിൽ 13ാം ക്ലാസിലാണ് എ ലെവൽ പരീക്ഷ എഴുതേണ്ടത്. ഇന്ത്യൻ സിലബസുകളിലെ പ്ലസ് ടു പരീക്ഷക്ക് തുല്യമാണിത്. പരീക്ഷ ജയിക്കുക മാത്രമല്ല, ഉയർന്ന എ സ്റ്റാർ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. ആദ്യ ശ്രമത്തിൽതന്നെ വിജയവും ഉയർന്ന ഗ്രേഡും അലക്സിന് എത്തിപ്പിടിക്കാനായി. എറണാകുളം കിഴക്കമ്പലം സ്വദേശിയും റഷ്യയിലെ മലയാളി വ്യവസായിയുമായ ജോർജ് ജേക്കബിന്റെ മകനാണ് അലക്സ്. നാല് വർഷം മുമ്പ് ദുബൈ റെപ്റ്റൺ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുർക്മെനിസ്താൻ സ്വദേശിനിയായ അമ്മ ലാലിത ജോർജാണ് അലക്സിന്റെ 'സംഖ്യ പ്രേമം'തിരിച്ചറിഞ്ഞത്.
ഹാർട്ട്ലാൻഡ് സ്കൂളിൽ എത്തിയതോടെ ഗണിതശാസ്ത്ര വിഭാഗം തലവനും അധ്യാപകനുമായ ഗാരെത് ബ്രൗൺ അലക്സിന്റെ സ്വാഭാവിക കഴിവുകൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് കണക്കിന്റെ വഴിയെ അലക്സ് നടക്കാൻതുടങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ രാജ്യാന്തര ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിൽ യു.എ.ഇയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാനുള്ള തിരഞ്ഞെടുപ്പിലും അലക്സ് മുന്നിലെത്തി. യു.എ.ഇയിലെ കെങ്കൻ ഇൻറർനാഷനൽ മെഡൽ ജേതാവാണ്.
പ്രശസ്തമായ കൗൺസിൽ ഓഫ് ബ്രിട്ടീഷ് ഇന്റർനാഷനൽ സ്കൂൾ അവാർഡും അലക്സിന് ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ തല്പരനായ അലക്സ് പ്രശസ്ത ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുത്ത് ദേശീയതലത്തിൽ അവാർഡുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മാത്തമറ്റിക്സ് ഒളിമ്പ്യാഡുകളിൽ യു.എ.ഇയെ പ്രതിനിധാനംചെയ്തു. ഹാർട്ട്ലാൻഡ് സ്കൂൾ പ്രത്യേകം രൂപകൽപന ചെയ്ത പ്രോഗ്രാമിന്റെ ഭാഗമായി ദിവസവും 13ാം ഗ്രേഡിലേക്ക് മാത്സ് പഠിക്കാൻ അലക്സ് പോയിരുന്നു. സംഗീതപ്രേമികൂടിയായ അലക്സ് പിയാനോയിലും സാക്സഫോണിലും വിദഗ്ധനാണ്.
ചെസിലും അലക്സ് താരമാണ്. മുൻ യു.എ.ഇ നാഷനൽ സ്കൂൾ ചെസ് ചാമ്പ്യനാണ്. 2016ൽ നടന്ന ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും അലക്സ് പങ്കെടുത്തിരുന്നു. സഹോദരൻ ജേക്കബ് ജോർജ് ജുമൈറ കോളജിൽ പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

