നാല് പതിറ്റാണ്ട് പിന്നിട്ട് വൈപ്പിൻ മദ്യ ദുരന്തം
text_fieldsവൈപ്പിൻ വിഷമദ്യ ദുരന്തത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട നടേശൻ
വൈപ്പിൻ: ഓരോ ഓണക്കാലവും വൈപ്പിനിൽ വിഷമദ്യ ദുരന്തത്തിന്‍റെ ഓർമക്കാലം കൂടിയാണ്. നാല് പതിറ്റാണ്ട് മുമ്പ് 1982 സെപ്റ്റംബർ രണ്ടിലെ തിരുവോണനാളിലായിരുന്നു കേരളക്കരയെ ഞെട്ടിച്ച വൈപ്പിൻ വിഷമദ്യദുരന്തം.
78 പേരുടെ ജീവൻ കവർന്ന, അറുപത്തെട്ടോളം പേരുടെ കാഴ്ച നഷ്ടപ്പെടുത്തിയ, ആയിരത്തോളം വരുന്ന കുടുംബങ്ങളെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട മഹാദുരന്തം ഇന്നും നടുക്കുന്ന ഓർമയാണ്. കൂടിയ അളവിൽ മീഥൈല്‍ ആൾക്കഹോൾ കലർന്ന മദ്യം കഴിച്ച് ആളുകൾ ഉറ്റവരുടെ മുന്നിൽ പിടഞ്ഞുവീണ് മരിക്കുന്ന അതിദാരുണ കാഴ്ചകൾക്കാണ് ദിവസങ്ങളോളം നാട് സാക്ഷ്യം വഹിച്ചത്.
മരണത്തിന്‍റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് 75 പിന്നിട്ട അയ്യമ്പിള്ളി കറുത്തേരി വീട്ടിൽ നടേശൻ. 36ാം വയസ്സില്‍ വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ട ഇദ്ദേഹം വൈപ്പിൻ വിഷമദ്യ ദുരന്തത്തെ അതിജീവിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്.
പൂർണമായും കാഴ്ച നഷ്ടപ്പെട്ട ഇദ്ദേഹത്തിന് ദീർഘകാലത്തെ ചികിത്സക്ക് ഒടുവിലാണ് ജീവൻ തിരിച്ചുപിടിക്കാനായത്. ദുരന്ത ബാധിതർ വർഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇദ്ദേഹമുൾപ്പെടെയുള്ളവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത്.
എന്നാൽ, അതിലും ഇരട്ടിയോളം തുക ചികിത്സക്കും കേസ് നടത്തിപ്പിനുമായി ചെലവഴിക്കേണ്ടി വന്നതായി നടേശൻ പറയുന്നു. പുതുവൈപ്പ്, നായരമ്പലം, ഞാറക്കൽ, എടവനക്കാട്, അയ്യമ്പിള്ളി എന്നിവിടങ്ങളിലാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. വൈപ്പിനിലെ അംഗീകൃത ചാരായ ഷാപ്പുകളിൽനിന്ന് മദ്യപിച്ചവരാണ് മരണപ്പെട്ടത്. തുടർന്നുണ്ടായ പ്രതിഷേധവും സമരവും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.